ലോകകപ്പാവേശം കൊലപാതകത്തിൽ കലാശിച്ചു; തർക്കത്തിനിടെ മർദനമേറ്റ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

ധാക്ക:ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ഓട്ടോറിക്ഷാ ഡ്രൈവർ ക്രൂരമായി മർദനമേറ്റ് കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ കൊമിള്ളയിലാണ് ഫുട്ബോൾ ആവേശം ഒരു കുടുംബത്തിന്റെ അത്താണിയെ തട്ടിയെടുത്ത ദാരുണമായ സംഭവം അരങ്ങേറിയത്. നീൽഫമാരി ജില്ലയിലെ ജൽധാക്ക സ്വദേശിയായ മുഹമ്മദ് ഷരീഫുൾ ഇസ്‌ലാം (38) ആണ് കൊല്ലപ്പെട്ടത്. ഉപജീവനത്തിനായി എട്ടുമാസം മുൻപാണ് ഇദ്ദേഹം കുടുംബത്തോടൊപ്പം കൊമിള്ളയിലേക്ക് താമസം മാറിയത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നടന്ന അർജന്റീന-ഈജിപ്ത് ഫുട്ബോൾ മത്സരം കാണാനായി ധൻപുരിലെ ചായക്കടയിൽ നിരവധിപ്പേർ തടിച്ചുകൂടിയിരുന്നു. കളിക്കിടയിൽ അർജന്റീന താരം ലയണൽ മെസ്സി പെനാൽറ്റി പാഴാക്കിയപ്പോൾ, അവിടെയുണ്ടായിരുന്ന ഒരു അർജന്റീന ആരാധകനോട് ഷരീഫുൾ നടത്തിയ പരാമർശം വലിയ വാക്കുതർക്കത്തിന് വഴിതുറന്നു. തർക്കം പെട്ടെന്നു തന്നെ അക്രമാസക്തമായി. അർജന്റീന ആരാധകരായ ഒരു സംഘം യുവാക്കൾ ചേർന്ന് ഷരീഫുളിനെ ചായക്കടയിൽ വെച്ച് ക്രൂരമായി മർദിച്ചു. മർദനത്തിൽ നിന്ന് രക്ഷപ്പെടാൻ സമീപത്തെ മെസ്സിലേക്ക് ഓടിയ ഷരീഫുളിനെ വിടാതെ പിന്തുടർന്നെത്തിയ അക്രമിസംഘം വീണ്ടും മർദിക്കുകയായിരുന്നു. മർദനമേറ്റ് ബോധരഹിതനായി നിലത്തുവീണ ഷരീഫുളിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Full View

അനാഥമായി ഒരു കുടുംബം

ഷരീഫുളിന്റെ വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഭാര്യ ബ്യൂട്ടി ബാനുവും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തിയിരുന്ന ഷരീഫുൾ, മക്കളെ കൊമിള്ളയിലെ നല്ലൊരു സ്കൂളിൽ ചേർക്കണമെന്ന വലിയ സ്വപ്നം കൊണ്ടുനടന്നിരുന്ന ആളായിരുന്നു. ആ സ്വപ്നങ്ങൾ ബാക്കിവെച്ചാണ് അദ്ദേഹം വിടപറഞ്ഞത്. "ദരിദ്രയായ താൻ ഇനി മക്കളെ എങ്ങനെ വളർത്തുമെന്ന് അറിയില്ല," എന്ന് ബ്യൂട്ടി ബാനു പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികൾ ഒളിവിൽ പോയതായാണ് വിവരം. സംഭവസ്ഥലമായ ചായക്കടയുടെ ഉടമയും മകനും ഒളിവിൽ പോയത് ദുരൂഹത വർദ്ധിപ്പിക്കുന്നു. പണം നൽകി കേസ് ഒത്തുതീർപ്പാക്കാൻ അക്രമികളുടെ കുടുംബങ്ങൾ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തുമെന്നും കൊട്‌വാലി പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഫുട്ബോളിനോടുള്ള ആവേശം തെരുവിലെ അക്രമങ്ങളിലേക്ക് വഴിമാറുന്നതിലുള്ള ആശങ്കയാണ് സംഭവം വീണ്ടും ഉയർത്തുന്നത്.

Tags:    
News Summary - World Cup excitement leads to murder; Auto driver beaten by Argentina fans dies tragically

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.