സൊഹ്റാൻ മംദാനി
ന്യൂയോർക്ക് സിറ്റി: കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ന്യൂയോർക്ക് കണ്ടിട്ടില്ലാത്ത വിധം അതിശക്തമായ ഉഷ്ണതരംഗമാണ് ഇപ്പോൾ നഗരത്തെ പൊള്ളിച്ചുകൊണ്ടിരിക്കുന്നത്. താപനില 100 ഡിഗ്രി ഫാരൻഹീറ്റും (ഏകദേശം 38°C) ഹീറ്റ് ഇൻഡക്സ് 112 ഡിഗ്രി ഫാരൻഹീറ്റ് വരെയും ഉയരുമെന്ന മുന്നറിയിപ്പിനിടെ, നഗരവാസികൾക്ക് സഹായകമായ ടിപ്‌സ് പങ്കുവെച്ചിരിക്കുകയാണ് മേയർ സൊഹ്റാൻ മംദാനി. എയർ കണ്ടീഷണറുകൾ 78 ഡിഗ്രി ഫാരൻഹീറ്റിൽ (ഏകദേശം 25.5°C) ക്രമീകരിക്കുന്നതിലൂടെ വൈദ്യുതി ഗ്രിഡിലെ അമിതഭാരം കുറക്കാനും, അതുവഴി തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കാനും സാധിക്കുമെന്നാണ് മേയർ പറയുന്നത്.
നിലവിൽ ഊഷ്ണതരംഗം അതിശക്തമായതിനെ തുടർന്ന് ജനങ്ങൾ പരമാവധി വീടിനുള്ളിൽ തന്നെ കഴിയണമെന്നും എയർ കണ്ടീഷണറുകൾ ഉള്ള സുരക്ഷിതമായ സ്ഥലങ്ങളിൽ സമയം ചെലവഴിക്കണമെന്നും ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ കടുത്ത ചൂട് കാരണം നഗരത്തിലെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയാണ്. വൈദ്യുത ഗ്രിഡുകളിൽ അമിതഭാരം വരുന്നത് പവർ കട്ടിനും മറ്റ് അടിയന്തര സാഹചര്യങ്ങൾക്കും കാരണമായേക്കാം. ഇത് മുന്നിൽക്കണ്ടാണ് വൈദ്യുതി ഉപഭോഗം കുറക്കാൻ മംദാനി ആവശ്യപ്പെട്ടത്.
"ന്യൂയോർക്ക്, പുറത്ത് കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. നമ്മെ തണുപ്പിക്കാനായി നമ്മുടെ പവർ ഗ്രിഡ് അമിതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ നിങ്ങളുടെ എയർ കണ്ടീഷണർ 78 ഡിഗ്രിയിൽ ക്രമീകരിക്കുക. ആവശ്യമില്ലാത്ത ലൈറ്റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഓഫാക്കി വെക്കുക. സർക്കാർ കെട്ടിടങ്ങളിലും ഞങ്ങൾ ഈ രീതി തന്നെയാണ് പിന്തുടരുന്നത്. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള സമയങ്ങളിൽ ലൈറ്റുകൾ കുറക്കുകയോ അണക്കുകയോ ചെയ്യുക. പവർ ഗ്രിഡ് സുസ്ഥിരമായിരുന്നാൽ മാത്രമേ എയർ കണ്ടീഷണറുകൾ തടസ്സമില്ലാതെ പ്രവർത്തിക്കുകയുള്ളൂ. അങ്ങനെ നമുക്ക് ജീവൻ രക്ഷിക്കാനും സാധിക്കും. വൈദ്യുതിയുടെ ആവശ്യം കുറച്ചുകൊണ്ട് നമുക്ക് ഒരുമിച്ച് ഈ ഉഷ്ണതരംഗത്തെ അതിജീവിക്കാം’- മംദാനി പറഞ്ഞു.
ഉഷ്ണതരംഗത്തിന്റെ സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾ, വയോധികർ, ഹൃദയസംബന്ധമായ അസുഖമുള്ളവർ എന്നിവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ വരാൻ സാധ്യത കൂടുതൽ. എയർ കണ്ടീഷണർ സൗകര്യമില്ലാത്തവർക്കായി നഗരത്തിൽ പ്രത്യേകം 'കൂളിങ് സെന്ററുകൾ' സജ്ജമാക്കിയിട്ടുണ്ട്. തലകറക്കം, ഓക്കാനം, ശ്വാസതടസ്സം തുടങ്ങിയ സൂര്യതാപത്തിന്റെ ലക്ഷണങ്ങൾ ആർക്കെങ്കിലും അനുഭവപ്പെട്ടാൽ ഉടൻ തന്നെ അടിയന്തര സഹായം തേടണമെന്നും മേയർ ഓർമിപ്പിച്ചു. യൂറോപ്പിൽ അടുത്തിടെയുണ്ടായ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് നിലവിൽ ന്യൂയോർക്കിലുമുള്ളത്.
ഈ അതിജീവനത്തിനിടയിലും നഗരത്തിലെ ഭരണപരമായ ചില തർക്കങ്ങളും ചർച്ചയാകുന്നുണ്ട്. ന്യൂയോർക്കിലെ വിദ്യാഭ്യാസ സംവിധാനത്തിലെ പോരായ്മകളെക്കുറിച്ച് ജെഫ് ബെസോസ് നടത്തിയ വിമർശനം മേയറുമായുള്ള തർക്കങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. ഇതിനെ പിന്തുണച്ച് പ്രമുഖ ബിസിനസ്സുകാരൻ കെവിൻ ഓലിയറിയും രംഗത്തെത്തി. ഉയർന്ന വരുമാനമുള്ളവർ നഗരം വിട്ടുപോകുന്നത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക ബ്ലാക്ക് റോക്ക് മേധാവി ലാറി ഫിങ്കും പ്രകടിപ്പിച്ചിട്ടുണ്ട്. ചൂടിന്റെ കാഠിന്യത്തിനിടയിലും ഇത്തരത്തിലുള്ള രാഷ്ട്രീയ, സാമ്പത്തിക ചർച്ചകളും ന്യൂയോർക്കിൽ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.