കിയവ്: റഷ്യൻ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷ കണക്കിലെടുത്ത് എത്രയും വേഗം ഖാർകീവ് നഗരം വിടണമെന്ന് ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി എംബസി. യുക്രെയ്ൻ സമയം വൈകീട്ട് ആറ് മണിക്ക് മുമ്പായി നിർദേശിച്ച സ്ഥലങ്ങളിൽ ഏതുവിധേനയും എത്തിച്ചേരണമെന്ന് അറിയിപ്പ് നൽകി. പെസോചിൻ, ബബായി, ബെസ്ലുഡോവ്ക എന്നിവിടങ്ങളിലാണ് എത്തേണ്ടത്.
കിട്ടുന്ന വാഹനത്തില്‍ കയറിപ്പോകണം. ബസും, ട്രെയിനും കിട്ടാത്ത ആളുകൾ കാൽനടയായി നീങ്ങണം. പെസോചിനിലേക്ക് 11 കിലോമീറ്ററും ബബായിലേക്ക് 12 കിലോമീറ്ററും ബെസ്ലുഡോവ്കയിലേക്ക് 16 കിലോമീറ്ററുമാണ് ദൂരമെന്നും എംബസി അറിയിച്ചു.
യുക്രെയ്നിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാർകീവിൽ റഷ്യൻ സൈന്യം കനത്ത ആക്രമണമാണ് നടത്തുന്നത്. യുക്രെയ്ൻ സേന ചെറുത്തുനിന്നതോടെ യുദ്ധകലുഷിതമാണ് നഗരം. കഴിഞ്ഞ ദിവസം ഇന്ത്യൻ വിദ്യാർഥി ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത് ഖാർകീവിലാണ്. ഖാർകീവിൽ വ്യോമാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടതായും 100ലേറെ പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ അധികൃതർ പറഞ്ഞു.
അതിനിടെ, യുക്രെയ്നിൽ ഒരു ഇന്ത്യന്‍ വിദ്യാർഥി അസുഖത്തെ തുടർന്ന് മരിച്ചു. പഞ്ചാബ് സ്വദേശി ചന്ദൻ ജിൻഡാളാണു മരിച്ചത്. വിനീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയാണ് ചന്ദൻ. പക്ഷാഘാതത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.