ഗസ്സയുടെ ജീവനാഡിയായ യു.എൻ ഏജൻസിയോട് ആസ്ഥാനം ഒഴിയണ​മെന്ന് ഇസ്രായേൽ; 37.29 കോടി പിഴയടക്കാനും നോട്ടീസ്

യുനൈറ്റഡ് നേഷൻസ്: 140 നാൾ പിന്നിട്ട ഇസ്രായേൽ നരനായാട്ടിൽ തകർന്നുതരിപ്പണമായ ഗസ്സക്ക് ഭക്ഷണത്തിനും ചികിത്സ അടക്കമുള്ള കാര്യങ്ങൾക്കും ഏക ആശ്രയമായ യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയെ പൂർണമായും ഇല്ലാതാക്കാൻ ഇസ്രായേൽ നീക്കം. കിഴക്കൻ ജറുസലേമിൽ 75 വർഷമായി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽനിന്ന് ഉടൻ ഒഴിഞ്ഞുപോകാൻ ഇസ്രായേലി ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി യു.എൻ.ആർ.ഡബ്ല്യു.എ മേധാവി ഫിലിപ്പ് ലസാരിനി പറഞ്ഞു.

ഇസ്രായേലി ഉദ്യോഗസ്ഥരുടെ സംഘടിത ശ്രമത്തിൽ ഫലസ്തീനി അഭയാർത്ഥികൾക്കായുള്ള യു.എൻ.ആർ.ഡബ്ല്യു.എ ചക്രശ്വാസം വലിക്കുകയാണെന്ന് യു.എൻ ജനറൽ അസംബ്ലി പ്രസിഡൻ്റിനോട് ഫിലിപ്പ് ലസാരിനി പറഞ്ഞു. വർഷങ്ങളായി കിഴക്കൻ ജറുസലേമിൽ പ്രവർത്തിക്കുന്ന തൊഴിൽ പരിശീലന കേന്ദ്രം ഒഴിയാനും ഇതുവ​െ​ര ഉപയോഗിച്ചതിന് പിഴയായി 4.5 മില്ല്യൺ ഡോളർ (37.29 കോടി രൂപ) ഫീസ് നൽകാനും ഇസ്രായേൽ ലാൻഡ് അതോറിറ്റി യു.എൻ.ആർ.ഡബ്ല്യു.എയോട് ഉത്തരവിട്ടതായി അദ്ദേഹം വെളിപ്പെടുത്തി. 1952ൽ ജോർദാനാണ് ഈ കേന്ദ്രം യു.എൻ.ആർ.ഡബ്ല്യു.എക്ക് നൽകിയത്.


ഏജൻസിക്ക് വിവിധ രാജ്യങ്ങൾ നൽകുന്ന സാമ്പത്തിക സഹായം റദ്ദാക്കാൻ ഇസ്രായേൽ അന്താരാഷ്ട്ര തലത്തിൽ നീക്കം നടത്തുകയും വിവിധ രാജ്യങ്ങൾ ഇതിന് പിന്തുണ നൽകുകയും ചെയ്തിരുന്നു. ഇതോടെ സാമ്പത്തികമായി ഞെരുങ്ങിയ യു.എൻ.ആർ.ഡബ്ല്യു.എ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.


ഇതിനുപുറമേ, മറ്റുരാജ്യങ്ങളിൽനിന്നുള്ള ഏജൻസിയുടെ ജീവനക്കാർക്കുള്ള എൻട്രി വിസ ഒന്നോ രണ്ടോ മാസത്തേക്ക് മാത്രമായി ഇസ്രായേൽ പരിമിതപ്പെടുത്തുകയും ചെയ്തു. യു.എൻ.ആർ.ഡബ്ല്യു.എയുടെ നികുതി ഇളവ് ആനുകൂല്യങ്ങൾ റദ്ദാക്കുമെന്ന് ഇസ്രായേലി ധനമന്ത്രി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഏജൻസിയുടെ ബാങ്ക് അക്കൗണ്ട് ഇസ്രായേൽ ബാങ്ക് മരവിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ഏജൻസിക്ക് വരുന്ന ചരക്കുകൾ ഇസ്രായേലി കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയും ചെയ്യുന്നുണ്ട്.

ഇസ്രായേലിന്റെ ഈ നീക്കം യു.എൻ.ആർ.ഡബ്ല്യു.എയുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുകയും ജീവനക്കാരുടെ ജീവൻ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്നതായി ലസാരിനി പറഞ്ഞു.

Tags:    
News Summary - UNRWA chief Philippe Lazzarini reveals efforts by Israeli officials to ‘dismantle’ refugee agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.