രാഷ്ട്രപദവി ഫലസ്തീന്റെ ഔദാര്യമല്ല, അവകാശമാണെന്ന് യു.എൻ മേധാവി

ന്യൂയോർക്ക്: രാഷ്ട്രപദവി ഫലസ്തീന്റെ ഔദാര്യമല്ലെന്നും അവകാശമാണെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. അവർക്ക് നമ്മൾ നൽകുന്ന സമ്മാനമ​ല്ല രാഷ്ട്രപദവി. ഗസ്സ പ്രശ്നം പരിഹരിക്കാൻ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ യു.എൻ പിന്തുണക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദ്വിരാഷ്ട്രം മാത്രമാണ് പ്രശ്നം പരിഹരിക്കാനുള്ള ഏകപോംവഴി. ഇസ്രായേലും ഫലസ്തീനും പരസ്പരസഹകരണത്തോടെ അയൽരാജ്യങ്ങളായി കഴിയണം. 1967നെ അടിസ്ഥാനമാക്കി അതിർത്തികൾ നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് രാജ്യമെന്ന പരിഹാരമില്ലാതെ മിഡിൽ ഈസ്റ്റിൽ സമാധാനം പുലരില്ലെന്നും അ​ന്റോണിയോ ഗുട്ടറസ് പറഞ്ഞു.

ഇസ്രായേലിന് തിരിച്ചടി; ഫ്രാൻസ് ഉൾപ്പടെ ആറ് രാജ്യങ്ങൾ കൂടി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു

വാഷിങ്ടൺ: ഫ്രാൻസ് ഉൾപ്പടെ ആറ് രാജ്യങ്ങൾ കൂടി ഫലസ്തീൻ രാഷ്​ട്രത്തെ അംഗീകരിച്ചു. യു.എൻ പൊതുസഭയുടെ സമ്മേളനത്തിലാണ് വിവിധ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചത്. ഫ്രാൻസിന് പുറമേ ബെൽജിയം, ലക്സംബർഗ്, മാൾട്ട, മൊണോക്കോ, അൻഡോറ തുടങ്ങിയ രാജ്യങ്ങളാണ് ഫലസ്തീന് അംഗീകാരം നൽകിയത്.

നേരത്തെ ആസ്ട്രേലിയ, കാനഡ, പോർച്ചുഗൽ, യു.കെ തുടങ്ങിയ രാജ്യങ്ങളും ഫലസ്തീനെ അംഗീകരിച്ചിരുന്നു. സമയം വന്നത് കൊണ്ടാണ് നമ്മൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പറഞ്ഞു. രണ്ട് രാജ്യങ്ങളിലൂടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും മാക്രോൺ പറഞ്ഞു. ഫ്രാൻസ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ 193 അംഗം യു.എൻ പൊതുസഭയിൽ ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ എണ്ണം 147 ആയി ഉയർന്നു. അന്താരാഷ്ട്ര സമൂഹത്തിൽ 80 ശതമാനവും ഇപ്പോൾ ഫലസ്തീനെ പിന്തുണക്കുന്നുണ്ട്. ഇതോടെ ഗസ്സയി​ലെ വംശഹത്യ അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ കടുത്ത നയതന്ത്ര സമ്മർദം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ, കൂടുതൽ രാഷ്ട്രങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഭീഷണിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്തെത്തി. ജോർഡൻ നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യം ഇനിയുണ്ടാവില്ലെന്നും ഫലസ്തീൻ രാഷ്ട്രമുണ്ടാക്കണമെന്ന് പറയുന്നത് തീവ്രവാദത്തിന് പ്രോത്സാഹനം നൽകുന്നത് പോലെയാണെന്നും നെതന്യാഹു വ്യക്തമാക്കി. ഹമാസിനെ തുടച്ചുനീക്കി യുദ്ധലക്ഷ്യം നേടും. ഇറാനിയൻ അച്ചുതണ്ടിനെ തകർക്കുമെന്നും നെതന്യാഹു പറഞ്ഞു.

ഇസ്രായേലിന്റെ സഖ്യരാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതാണ് നെതന്യാഹുവിനെ ചൊടിപ്പിച്ചത്. ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളും ഈ വഴിയിലേക്ക് എത്തുകയാണ്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതയും കൂട്ടക്കൊലയും യൂറോപ്യൻ രാഷ്ട്രങ്ങളിൽ ഇസ്രായേലിനെതിരെ ജനവികാരം ഉയർത്തിയിരുന്നു.

Tags:    
News Summary - UN chief says statehood is a right, not a gift for Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.