ന്യൂയോർക്ക്: യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് (യു.എൻ.എച്ച്.ആർ.സി) യു.എസിനെ പിൻവലിച്ചുള്ള എക്സിക്യൂട്ടിവ് ഉത്തരവിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. ഇതിന് പുറമെ, യുനെസ്കോയിലെ പങ്കാളിത്തം തുടരുന്ന വിഷയം അവലോകനം ചെയ്യാൻ ട്രംപ് നിർദേശം നൽകി.
രണ്ടാം ലോകമഹായുദ്ധശേഷം ഭാവിയിലെ ആഗോള സംഘർഷങ്ങൾ തടയാനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കാനും ഐക്യരാഷ്ട്ര സഭയെ അമേരിക്ക സഹായിച്ചെങ്കിലും യു.എന്നിലെ ചില ഏജൻസികളും സംഘടനകളും അമേരിക്കൻ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച കാര്യം എക്സിക്യൂട്ടിവ് ഉത്തരവിൽ ചൂണ്ടിക്കാട്ടി.
യു.എസിന്റെ സഖ്യകക്ഷികളെ ആക്രമിച്ചതും യഹൂദ വിരുദ്ധത പ്രചരിപ്പിച്ചതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കൗൺസിലിൽനിന്നുള്ള പിന്മാറ്റ ഉത്തരവിൽ ഒപ്പുവെച്ചത്.
യു.എൻ.എച്ച്.ആർ.സിക്ക് പുറമെ, ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസിക്കുള്ള ഫണ്ട് നൽകൽ നിർത്തിയതിനൊപ്പം യുനെസ്കോയിൽനിന്ന് പിന്മാറുന്ന കാര്യവും അമേരിക്കയുടെ സജീവ പരിഗണനയിലാണ്. 2019ൽ യു.എസും ഇസ്രായേലും യുനെസ്കോയിൽനിന്ന് പിൻവാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.