കിയവ്: കിഴക്കൻ ഡോൺബാസ് മേഖലയിൽ തിരിച്ചടി നേരിട്ടതിനാൽ തുറമുഖ നഗരമായ മരിയുപോൾ പിടിച്ചെടുക്കാനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രെയ്ൻ. പടിഞ്ഞാറൻ റഷ്യയിൽ യുക്രെയ്നുമായുള്ള അതിർത്തിയോട് ചേർന്ന് റഷ്യൻ സൈന്യം പുനഃസംഘടിപ്പിക്കുന്നതായി യുക്രെയ്ൻ സൈന്യം അറിയിച്ചു.
ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകളിലെ ആറ് ആക്രമണങ്ങൾ യുക്രെയ്ൻ സേന ചെറുത്തുതോൽപിച്ചതായും വ്യക്തമാക്കി. നാല് റഷ്യൻ ടാങ്കുകൾ, ഒരു വിമാനം, രണ്ട് ഹെലികോപ്ടറുകൾ, മറ്റ് നിരവധി വാഹനങ്ങൾ എന്നിവ പോരാട്ടത്തിൽ തകർന്നതായാണ് റിപ്പോർട്ട്.
അതിനിടെ, മരിയുപോളിൽ രാസായുധം പ്രയോഗിച്ചെന്ന ആരോപണം റഷ്യയുടെ പിന്തുണയുള്ള സൈന്യം നിഷേധിച്ചു. ആരോപണം പരിശോധിക്കുകയാണെന്ന് യുക്രെയ്ൻ ഉപ പ്രതിരോധ മന്ത്രി ഹന്ന മല്യർ വ്യക്തമാക്കി.
അതേസമയം, മോസ്കോയുടെ സുരക്ഷ ഉറപ്പുവരുത്താനാണ് യുക്രെയ്നിലെ സൈനിക നടപടിയെന്ന് വ്യക്തമാക്കിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ലക്ഷ്യ നേടുമെന്ന് പ്രതിജ്ഞചെയ്തു. റഷ്യയുടെ കിഴക്കൻ പ്രദേശത്തുള്ള വോസ്റ്റോക്നി ബഹിരാകാശ വിക്ഷേപണ കേന്ദ്രം സന്ദർശിക്കുകയായിരുന്നു പുടിൻ. കിഴക്കൻ യുക്രെയ്നിലെ പ്രദേശങ്ങളിലെ ജനങ്ങളെ സംരക്ഷിക്കാനാണ് സൈനിക നടപടിയെന്ന അവകാശവാദം പുടിൻ ആവർത്തിച്ചു. യുക്രെയ്നിൽ ആക്രമണം തുടരുമെന്ന് ബെലറൂസ് പ്രസിഡൻറ് അലക്സാണ്ടർ ലുകഷങ്കോയുമായി റഷ്യയുടെ കിഴക്കൻ ഭാഗത്ത് നടത്തിയ ചർച്ചകൾക്കുശേഷം അറിയിച്ചു.
അതേസമയം, യുക്രെയ്ൻ യുദ്ധത്തിന് മേൽനോട്ടം വഹിക്കാൻ സുപ്രീം കമാൻഡറായി അലക്സാണ്ടർ ഡ്വോർനിക്കോവിനെ നിയമിച്ചു.
•ബർലിൻ: യുക്രെയ്നിൽനിന്നുള്ള 3.30 ലക്ഷം അഭയാർഥികൾ ജർമനിയിലെത്തിയതായി ജർമൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 46 ലക്ഷം പേർ യുക്രെയ്ൻ വിട്ടതായും 26 ലക്ഷം പേർ പോളണ്ടിലെത്തിയതായും യു.എൻ അഭയാർഥി ഏജൻസി വ്യക്തമാക്കി.
•യു.എൻ: റഷ്യൻ അധിനിവേശത്തിനു ശേഷമുള്ള ആറാഴ്ചക്കുള്ളിൽ യുക്രെയ്നിലെ കുട്ടികളിൽ മൂന്നിൽ രണ്ടു പേരും വീടുവിട്ട് പലായനം ചെയ്തതായി യു.എൻ. 142 യുവാക്കളുടെ മരണം സ്ഥിരീകരിച്ചു. യുക്രെയ്നിലെ 7.5 ദശലക്ഷം കുട്ടികളിൽ 4.8 ദശലക്ഷവും പലായനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.