ട്രംപ് ഉടൻ പുറത്താക്കപ്പെടും, അയാളുടെ കൈകളിൽ ഇറാനികളുടെ രക്തം പുരണ്ടിരിക്കുന്നു -ആയത്തുല്ല അലി ഖാംനഈ

തെഹ്റാൻ: ഇറാനിൽ തുടരുന്ന പ്രക്ഷോഭത്തെക്കുറിച്ച് പ്രതികരിച്ച് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. വിദേശ പിന്തുണയുള്ള ഘടകങ്ങൾ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും എന്നാൽ ഇസ്‌ലാമിക് റിപബ്ലിക് പിന്മാറില്ല എന്നും ഖാംനഈ പറഞ്ഞു.

യു.എസ് പ്രസിഡന്റിന്റെ കൈകളിൽ ഇറാനികളുടെ രക്തം പുരണ്ടിരിക്കുന്നു. അഹങ്കാരിയായ നേതാവ് ഒടുവിൽ അട്ടിമറിക്കപ്പെടും. പ്രതിഷേധക്കാർ അമേരിക്കൻ ട്രംപിന് വേണ്ടി പ്രവർത്തിക്കുന്നവരാണെന്നും ഖാംനഈ കുറ്റപ്പെടുത്തി. കലാപകാരികൾ പൊതുസ്വത്തുക്കൾ ആക്രമിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റിനെ സന്തോഷിപ്പിക്കാൻ വേണ്ടി കഴിഞ്ഞ രാത്രി തെഹ്‌റാനിൽ ഒരു കൂട്ടം അക്രമികളും കലാപകാരികളും എത്തി സർക്കാർ കെട്ടിടം തകർത്തു. വിദേശികളുടെ കൂലിപ്പട്ടാളക്കാരായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രാജ്യത്താകമാനം ഇന്റർനെറ്റ് വിച്ഛേദിച്ച് ഇറാൻ

പ്രതിഷേധം വ്യാപിക്കുന്നത് തടയാൻ രാജ്യത്താകമാനം ഇന്റർനെറ്റ് വിച്ഛേദിച്ച് ഇറാൻ. ഫോൺ കോളുകൾ രാജ്യത്ത് എത്തുന്നില്ല, വിമാനങ്ങൾ റദ്ദാക്കി, ഓൺലൈൻ ഇറാനിയൻ വാർത്താ സൈറ്റുകൾ ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്തു തുടങ്ങിയതോടെ വെള്ളിയാഴ്ച പുറം ലോകവുമായി ഇറാൻ വലിയതോതിൽ ഒറ്റപ്പെട്ടു.

അതേസമയം, പ്രതിഷേധ പ്രകടനങ്ങളിൽ അക്രമം അരങ്ങേറുന്നതായും അമേരിക്കയുടെയും ഇസ്രായേലിന്‍റെയും തീവ്രവാദ ഏജന്റുമാരാണ് ഇതിന് പിന്നിലെന്നും ഇറാൻ സ്റ്റേറ്റ് ടി.വി. കുറ്റപ്പെടുത്തി. ജനങ്ങളുടെ സ്വകാര്യ വാഹനങ്ങൾ, മെട്രോയും ഫയർ ട്രക്കുകളും ബസുകളുമടക്കം പൊതുവാഹനങ്ങളും അഗ്നിക്കിരയാക്കിയെന്നും സ്റ്റേറ്റ് ടി.വി. പറഞ്ഞു. ഇറാനില്‍ പ്രക്ഷോഭം ആരംഭിച്ച ശേഷം ഇതേക്കുറിച്ച് ആദ്യമായാണ് സ്റ്റേറ്റ് ടി.വി റിപ്പോർട്ട് ചെയ്യുന്നത്.

കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനെതിരെ കഴിഞ്ഞ മാസം അവസാനം ആരംഭിച്ച പ്രതിഷേധം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിഷേധമായി മാറിയിരിക്കുകയാണ്. എല്ലാ പ്രവിശ്യകളിലും പ്രതിഷേധങ്ങളും അക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശ ഗ്രൂപ്പുകൾ നിരവധി മരണങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Khamenei says arrogant Trump will be overthrown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.