ഡമസ്കസ്: വടക്കൻ സിറിയയിലെ അലെപ്പോയിൽ കുർദ് പോരാളികളും സൈന്യവും തമ്മിൽ തുടരുന്ന പോരാട്ടത്തിന് താൽക്കാലിക അറുതി. മേഖലയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതായി സിറിൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്ന് ദിവസമായി തുടരുന്ന സംഘർഷത്തെ തുടർന്ന് മേഖലയിൽനിന്ന് ഒന്നര ലക്ഷത്തോളം പേരാണ് പലായനം ചെയ്തത്.
സിറിയയുടെ വടക്കുകിഴക്കൻ ഭാഗം ഇപ്പോഴും നിയന്ത്രിക്കുന്നത് കുർദുകൾക്ക് സ്വാധീനമുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് ആണ്. ഇവരുടെ പോരാളികളാണ് അലെപ്പോയിൽ സൈന്യവുമായി ഏറ്റുമുട്ടൽ നടത്തിയത്. ഇവർക്ക് ആയുധങ്ങളുമായി തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലയിലേക്ക് മടങ്ങാനുള്ള അവസരമാണ് വെടിനിർത്തലിലൂടെ നൽകുന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, വെടിനിർത്തലിനെക്കുറിച്ച് ഫ്രീ സിറിയൻ ആർമി ഇതുവരെ പ്രതികരിച്ചിട്ടില്ല. വെടിനിർത്തലിനെ യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്. ഫ്രീ സിറിയൻ ആർമിയിലെ അംഗങ്ങളെ രാജ്യത്തെ ഔദ്യോഗിക സൈന്യത്തിൽ ലയിപ്പിക്കുന്നത് സംബന്ധിച്ച് പ്രസിഡന്റ് അഹ്മദ് അൽ ശറാഅയുടെ സർക്കാറും വിമതരും തമ്മിൽ ചർച്ച നടന്നിരുന്നു.
2025 അവസാനത്തോടെ ലയനം യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കരാർ സംബന്ധിച്ച തർക്കം മറ്റൊരു ആഭ്യന്തര കലഹത്തിലേക്ക് വഴിവെക്കുകയായിരുന്നു. സംഘർഷത്തിൽ ഇരുവിഭാഗത്തിനും കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.