ഗസ്സ: വെടിനിർത്തൽ കരാർ രണ്ടാം ഘട്ടത്തോട് അടുക്കുമ്പോഴും ഫലസ്തീനിൽ ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരത തുടരുന്നു. കഴിഞ്ഞ ദിവസം തീരദേശ മേഖലയിൽ നടന്ന ആക്രമണത്തിൽ അഞ്ച് കുട്ടികളുൾപ്പടെ 14 പേർ കൊലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ ആക്രമണത്തെ തുടർന്ന് പലായനം ചെയ്ത കുടുംബങ്ങൾ അഭയം പ്രാപിച്ച ടെന്റുകൾ ലക്ഷ്യമാക്കിയായിരുന്നു ഇസ്രായേൽ ബോംബാക്രമണം. അൽ മവാസി, സെയ്ത്തൂൻ, ബുറൈജ്, നുസൈറത്ത് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.
ഒക്ടോബർ പത്തിന് യു.എസിന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച വെടിനിർത്തൽ കരാർ ഇരുവിഭാഗവും അംഗീകരിച്ചിരുന്നെങ്കിലും തുടക്കം മുതലേ ഇസ്രായേൽ കരാർ വ്യവസ്ഥകൾ ലംഘിക്കുകയായിരുന്നു. ഗസ്സയിൽ നടന്നു കൊണ്ടിരിക്കുന്നത് യുദ്ധക്കുറ്റമാണെന്നും ഗസ്സയെ വാസയോഗ്യമല്ലാതാക്കുന്നതിനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളാണെന്നും പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ (പി.എഫ്.എൽ.പി) പറഞ്ഞു.
വെടിനിർത്തൽ കരാറിന് ശേഷം ഗസ്സയിൽ ഏകദേശം 425 പേർ കൊല്ലപ്പെടുകയും 1206 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് പുറമേ ഗസ്സയിലേക്കുള്ള മാനുഷിക സഹായവും ഇസ്രായേൽ തടയുകയാണ്. നിരന്തരമായ ആക്രമണങ്ങൾ കൊടും തണുപ്പത്തും ജനങ്ങളെ പാലായനം ചെയ്യാൻ നിർബന്ധിക്കുകയാണ്.
ശൈത്യം കാരണം ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്ക് സഹായമെത്തിക്കുന്ന സംഘടനകളെ അതിർത്തി കടക്കാൻ അനുവദിക്കാത്തതിനെ ഐക്യരാഷ്ട്ര സഭ ചോദ്യം ചെയ്തിരുന്നു. ശ്വാസകോശ അണുബാധ, മുറിവുകൾ, ചർമ്മരോഗങ്ങൾ എന്നിവയാൽ ഫലസ്തീനികൾ ദുരിതമനുഭവിക്കുകയാണെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോഡേഴ്‌സ് പറഞ്ഞു. ഇതിനിടെ ഗസ്സയിലെ മാനുഷിക പ്രതിസന്ധിയിൽ പ്രതികരണവും ഐക്യദാർഢ്യവുമായി ഹോളിവുഡിലെ പ്രമുഖ നടീനടൻമാർ രംഗത്തു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.