കിയവ്: റഷ്യയിലെ പ്രധാന വ്യോമതാവളം തകർത്തതായി യുക്രെയ്ൻ അവകാശപ്പെട്ടു. എസ്.യു -34, എസ്.യു 35 എസ്, എസ്.യു 30 എസ്.എം എന്നീ യുദ്ധവിമാനങ്ങളുള്ള വൊറോനെഷ് മേഖലയിലെ ബോറിസോഗ്ലെബ്സ്ക് താവളത്തിന് നേരെയാണ് ആക്രമണം നടത്തിയത്.
റഷ്യ ഇതിനോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നൂറുകണക്കിന് ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയ്നിൽ വ്യാപക നാശം വരുത്തിയതിന് മറുപടിയാണിതെന്ന് സൈനിക മേധാവി പറഞ്ഞു. യുക്രെയ്ൻ അധിനിവേശം ആരംഭിച്ച ശേഷമുള്ള ഏറ്റവും ശക്തമായ വ്യോമാക്രമണമായിരുന്നു വെള്ളിയാഴ്ച റഷ്യ നടത്തിയത്.
ഇരുരാജ്യങ്ങളും തമ്മിൽ തുർക്കിയയിലെ ഇസ്തംബൂളിൽ സമാധാന ചർച്ച തുടങ്ങാനിരിക്കെയാണ് ആക്രമണ-പ്രത്യാക്രമണങ്ങൾ രൂക്ഷമായത്. അമേരിക്ക മുൻകൈയെടുത്ത് തുടങ്ങിയ വെടിനിർത്തൽ ശ്രമങ്ങളും എങ്ങുമെത്തിയിട്ടില്ല.
റഷ്യ ശനിയാഴ്ച 322 ഡ്രോണുകൾ തൊടുത്തതിൽ 157 എണ്ണം വെടിവെച്ചിട്ടതായും 135 എണ്ണം ഇലക്ട്രോണിക് ജാമിങ് കാരണം ലക്ഷ്യം കണ്ടില്ലെന്നും യുക്രെയ്ൻ സേന അവകാശപ്പെട്ടു. യുക്രെയ്ൻ തൊടുത്ത നൂറിലേറെ ഡ്രോണുകൾ പ്രതിരോധിച്ചതായി റഷ്യയും അവകാശപ്പെട്ടു.
കഴിഞ്ഞ മാസം റഷ്യയിലെ വ്യോമതാവളത്തിൽ ആക്രമണം നടത്തി 40ലേറെ യുദ്ധവിമാനങ്ങൾ യുക്രെയ്ൻ നശിപ്പിച്ചിരുന്നു. ട്രക്കുകളിൽ ഡ്രോണുകൾ റഷ്യയിലേക്ക് കടത്തി വ്യോമതാവളത്തിന് സമീപത്തുനിന്ന് നടത്തിയ ആക്രമണങ്ങൾ പ്രതിരോധിക്കാൻ റഷ്യക്ക് കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.