റഷ്യ വലിയ വില നൽകേണ്ടിവരും; അന്യായ ആക്രമണത്തിൽനിന്ന് പിന്മാറണം -നാറ്റോ

യുക്രെയ്‌നിന് നേരെയുള്ള റഷ്യയുടെ യുദ്ധം തികച്ചും അന്യായവും പ്രകോപനപരവുമാണെന്ന് നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ). റഷ്യ തിരഞ്ഞെടുത്ത അക്രമത്തിന്റെ പാതയിൽ നിന്ന് പിന്തിരിയണം. ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം റഷ്യയുടെ നേതാക്കൾക്കാണ്. ഈ നീക്കത്തിന് റഷ്യ വളരെ കനത്ത സാമ്പത്തികവും രാഷ്ട്രീയവുമായ വില നൽകേണ്ടി വരും -നാറ്റോ മുന്നറിയിപ്പ് നൽകി.

'റഷ്യ നടത്തുന്ന ഭീകരമായ ആക്രമണത്തെ ഞങ്ങൾ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. യുക്രെയ്നിലെ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും ജനങ്ങൾക്കുമൊപ്പമാണ് ഞങ്ങൾ. ഈ ആക്രമണം യുഎൻ ചാർട്ടർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്. കൂടാതെ ഹെൽസിങ്കി ഫൈനൽ ആക്ട്, ചാർട്ടർ ഓഫ് പാരീസ്, ബുഡാപെസ്റ്റ് മെമ്മോറാണ്ടം, നാറ്റോ-റഷ്യ സ്ഥാപക നിയമം തുടങ്ങിയവക്കും വിരുദ്ധമാണ്. ഒരു സ്വതന്ത്ര സമാധാന രാജ്യത്തിനെതിരായ ആക്രമണമാണ് ഇത്' -നാറ്റോ പ്രസ്താവനയിൽ വ്യക്തമാക്കി.

യുക്രെയ്നിലെ ജനങ്ങൾക്കും അതിന്റെ നിയമാനുസൃതവും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനും പാർലമെന്റിനും സർക്കാരിനും ഒപ്പമാണ് നാറ്റോ. യുക്രെയ്‌നിന്റെ പ്രാദേശിക അഖണ്ഡതയ്ക്കും പരമാധികാരത്തിനുമുള്ള പിന്തുണ തുടരും. റഷ്യയുടെ സൈനിക നടപടി ഉടനടി അവസാനിപ്പിക്കണം. യുക്രെയ്‌നിൽ നിന്നും പരിസരങ്ങളിൽനിന്നും സേനകളെ പിൻവലിക്കണമെന്നും റഷ്യയോട് ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ പൂർണ്ണമായി മാനിക്കണം. സുരക്ഷിതമായ യാത്രക്ക് സൗകര്യമൊരുക്കണം. ആവശ്യമുള്ള എല്ലാ വ്യക്തികൾക്കും സഹായം ലഭ്യമാക്കാൻ സാഹചര്യമൊരുക്കണം. പങ്കാളിത്ത രാജ്യങ്ങളുമായും യുറോപ്യൻ യൂനിയൻ ഉൾപ്പെടെയുള്ള മറ്റ് അന്താരാഷ്ട്ര സംഘടനകളുമായും ചേർന്ന് ഏകോപനം തുടരും -നാറ്റോ അറിയിച്ചു.

നാറ്റോ:

1949ൽ രൂപംകൊടുത്ത സൈനികസഖ്യമാണ് നാറ്റോ. അംഗരാജ്യങ്ങളിൽ ഏതിനെങ്കിലുംനേരെ സായുധാക്രമണമുണ്ടായാൽ പരസ്പരം സഹായിക്കുമെന്നതാണ് നാറ്റോയുടെ പ്രമാണം. ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ബെൽജിയം, ഡെന്മാർക്ക്‌, ഇറ്റലി, ഐസ്‌ലൻഡ്, ലക്സംബർഗ്, നെതർലൻഡ്‌സ്, നോർവേ, പോർച്ചുഗൽ എന്നിവയായിരുന്നു സ്ഥാപകാംഗങ്ങള്‍. നിലവിൽ 30 അംഗങ്ങളുണ്ട്. മാസഡോണിയയാണ് അവസാനമായി (2020ല്‍) അംഗത്വം നേടിയത്.

നാറ്റോ അംഗരാജ്യങ്ങള്‍:

യു.എസ്,

യു.കെ

തുര്‍ക്കി

സ്പെയിന്‍

സ്ലൊവേനിയ

സ്ലൊവാക്യ

റൊമാനിയ

പോര്‍ച്ചുഗല്‍

പോളണ്ട്

നോര്‍വെ

നോര്‍ത്ത് മാസഡോണിയ

നെതര്‍ലാന്‍റ്സ്

മോണ്ടനെഗ്രോ

ലക്സംബര്‍ഗ്

ലിത്വാനിയ

ലാത്വിയ

ഇറ്റലി

ഐസ്‌ലാന്റ്‌

ഹംഗറി

ഗ്രീസ്

ജര്‍മനി

ഫ്രാന്‍സ്

എസ്റ്റോണിയ

ഡെന്‍മാര്‍ക്ക്

ചെക്ക് റിപ്പബ്ലിക്

ക്രൊയേഷ്യ

കാനഡ

ബള്‍ഗേറിയ

ബെല്‍ജിയം

അല്‍ബാനിയ

Tags:    
News Summary - Ukraine: Russia will pay a very heavy economic and political price -NATO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.