ജെഫ് ബെസോസ്, സൊഹ്റാൻ മംദാനി
ന്യൂയോർക്ക്: ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുടെ സാമ്പത്തിക നയങ്ങൾക്കും വ്യക്തിഗത ലക്ഷ്യമിടലുകൾക്കുമെതിരെ ആഞ്ഞടിച്ച് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. കോടീശ്വരന്മാരെ ലക്ഷ്യമിട്ടുള്ള നയങ്ങളും സർക്കാർ ധൂർത്തുമാണ് യഥാർത്ഥ പ്രശ്നങ്ങളെന്നും, നികുതി വർധിപ്പിച്ചതുകൊണ്ട് മാത്രം സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടില്ലെന്നും ബെസോസ് തുറന്നടിച്ചു. സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
സിറ്റാഡൽ സി.ഇ.ഒ കെൻ ഗ്രിഫിന്റെ സെൻട്രൽ പാർക്ക് സൗത്ത് പെൻ്റ്ഹൗസിന് പുറത്തുവെച്ച് പുതിയ നികുതി നിർദേശം പ്രഖ്യാപിച്ചുകൊണ്ട് സൊഹ്റാൻ മംദാനി പുറത്തിറക്കിയ വിഡിയോയെ ബെസോസ് രൂക്ഷമായി വിമർശിച്ചു. ‘കെൻ ഗ്രിഫിൻ ഒരു വില്ലനല്ല. അദ്ദേഹം ആരെയും ദ്രോഹിച്ചിട്ടില്ല. അദ്ദേഹം ന്യൂയോർക്കിനെ നശിപ്പിക്കുകയല്ല ചെയ്യുന്നത്. നേരെമറിച്ച്, പൂർണ്ണമായും അതിന് വിരുദ്ധമാണ് യാഥാർത്ഥ്യം’ എന്ന് ബെസോസ് വ്യക്തമാക്കി.
വ്യക്തികളെ മാത്രം ലക്ഷ്യമിട്ടുള്ള ഈ വില്ലൻ തന്ത്രത്തെ അദ്ദേഹം പൂർണ്ണമായി തള്ളിക്കളഞ്ഞു. ഈ സംഭവത്തെ തുടർന്ന് കെൻ ഗ്രിഫിൻ വിഡിയോയെ ‘ഭയപ്പെടുത്തുന്നത്’ എന്ന് വിശേഷിപ്പിക്കുകയും, ആറ് ബില്യൺ ഡോളറിന്റെ മിഡ്‌ടൗൺ വികസന പദ്ധതി റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ഗവർണർ കാത്തി ഹോചുലിന്റെ ഇടപെടലോടെയാണ് പ്രശ്നം മധ്യസ്ഥതയിലേക്ക് എത്തിയത്.
വ്യക്തിപരമായ തർക്കങ്ങൾക്കപ്പുറം, ഫെഡറൽ തലത്തിലുള്ള സർക്കാർ ചെലവുകളിലെ പാഴായിപ്പോകലുകളിലേക്കാണ് ബെസോസ് ചർച്ചയെ വഴിതിരിച്ചുവിട്ടത്. ‘ഏതൊരു കോർപ്പറേറ്റ് സി.ഇ.ഒക്കും സി.എഫ്.ഒക്കും ഫെഡറൽ ബജറ്റിലെ 3 ശതമാനം തുക ചൊവ്വാഴ്ച ഉച്ചക്കുശേഷമുള്ള സമയം കൊണ്ട് കണ്ടെത്താൻ കഴിയും. സർക്കാർ ചെലവുകളിൽ അത്രയധികം ധൂർത്താണ് നടക്കുന്നത് എന്ന് അദ്ദേഹം വാദിച്ചു. നികുതിയുടെ ലഭ്യതക്കുറവല്ല, മറിച്ച് ഫണ്ടുകളുടെ അശാസ്ത്രീയമായ വിനിയോഗവും കഴിവുകേടുമാണ് യഥാർത്ഥ കാര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ന്യൂയോർക്ക് സിറ്റിയുടെ പബ്ലിക് സ്കൂൾ ഫണ്ടിങ്ങിനെയും മംദാനിയുടെ സാമ്പത്തിക നയങ്ങളെയും ബെസോസ് ഇതിനുമുമ്പും വിമർശിച്ചിട്ടുണ്ട്. വെറും ഫണ്ടിങ് വർധിപ്പിച്ചതുകൊണ്ട് മാത്രം അടിസ്ഥാനപരമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
സി.എൻ.ബി.സിയുടെ 'സ്വാക്ക് ബോക്സ്' അഭിമുഖത്തിൽ ന്യൂയോർക്ക് സിറ്റിയുടെ വിദ്യാഭ്യാസ സംവിധാനത്തെ ആമസോണിന്റെ പ്രവർത്തനങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്തു. ‘ഞങ്ങൾ ആമസോണിനെ ന്യൂയോർക്ക് സിറ്റിയുടെ സ്കൂൾ സംവിധാനം പോലെയാണ് നടത്തിയിരുന്നതെങ്കിൽ, നിങ്ങളുടെ പാക്കേജുകൾ എത്തിച്ചേരാൻ ആഴ്ചകൾ എടുത്തേനെ. കൂടാതെ ഞങ്ങൾക്ക് 100 ഡോളർ ഡെലിവറി ഫീ ഈടാക്കേണ്ടി വന്നേനെ. ഒടുവിൽ പാക്കേജ് എത്തുമ്പോൾ അതിൽ തെറ്റായ സാധനമായിരിക്കും ഉണ്ടാകുക’ എന്ന് ബെസോസ് പരിഹസിച്ചു.
സമ്പന്നരുടെ മേൽ കൂടുതൽ നികുതി ചുമത്തുന്നത് തൊഴിലാളിവർഗ്ഗ ജനങ്ങളുടെ ജീവിത നിലവാരത്തെ യാതൊരുവിധത്തിലും മെച്ചപ്പെടുത്തില്ലെന്ന് ബെസോസ് വാദിച്ചു. എന്നാൽ, ബെസോസിന്റെ ഈ വാദങ്ങളെ എതിർത്ത് മേയർ സൊഹ്റാൻ മംദാനി രംഗത്തെത്തി. "ക്വീൻസിലെ ചില അധ്യാപകരെ എനിക്കറിയാം, അവർ ഇതിനോട് വിയോജിക്കും" എന്നായിരുന്നു സൊഹ്റാൻ മംദാനിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.