വാഷിങ്ടൺ/തെഹ്‌റാൻ: അഞ്ച് മാസം പിന്നിട്ട സംഘർഷവും യുദ്ധവും അവസാനിപ്പിക്കാനുള്ള കരാറിലെത്താൻ ഇറാനുള്ള ‘അവസാന അവസരമാണിതെന്ന്‘ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ചർച്ചകൾ നടക്കുന്നില്ലെന്ന ഇറാന്റെ വാദം തള്ളിയ ട്രംപ്, ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണെന്നും മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
ഭരണകൂടത്തിന്റെ ഉന്നത നേതൃത്വത്തെ ഇല്ലായ്മ ചെയ്യുന്നതിലേക്ക് കാര്യങ്ങളെത്തിക്കാതെ പ്രശ്നപരിഹാരത്തിനുള്ള അവസാന അവസരമാണിതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ‘നല്ലൊരു കരാറിൽ ഒപ്പുവെക്കാനുള്ള അവസാന അവസരമാണിത്. സർവ്വനാശത്തിലേക്ക് കടക്കുന്നതിന് മുമ്പ് അവർക്ക് അവസാനത്തെ ഒരു അവസരം കൂടി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു’- ട്രംപ് പറഞ്ഞു. മറ്റ് സുഹൃദ് രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചാണ് ചർച്ച തുടരാൻ സമ്മതിച്ചതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കൽ, ഇറാന്റെ ആണവനയം പൂർണമായും അവസാനിപ്പിക്കൽ തുടങ്ങിയവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങൾ.
കടലിടുക്ക് തുറക്കുന്നത് നാളെയോടെ തന്നെ സാധ്യമായേക്കാമെന്നും എന്നാൽ ഇറാന്റെ ആണവ നിരായുധീകരണത്തിന് അല്പം സമയം എടുത്തേക്കുമെന്നും ട്രംപ് പറഞ്ഞു.
ഫെബ്രുവരി 28ന് യു.എസും സഖ്യസേനയും ഇറാനിൽ നടത്തിയ മിന്നലാക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്. അഞ്ച് മാസത്തിന് ശേഷവും യു.എസ്-സഖ്യസേനയുടെ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും തൊടുക്കാനും സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം സുരക്ഷിതമായി നിലനിർത്താനും ഇറാന് സാധിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച ഇറാനെ കഠിനമായി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ട്രംപ്, എന്നാൽ ശനിയാഴ്ചയോടെ പിന്മാറുകയും കരാറിനുള്ള വഴി തെളിയുന്നുണ്ടെന്ന് വ്യക്തമാക്കുകയുമായിരുന്നു.
അതേസമയം, അമേരിക്കയുമായി യാതൊരുവിധ നേരിട്ടുള്ള ചർച്ചകളും നടക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തങ്ങൾ അമേരിക്കയുമായല്ല, മറിച്ച് ഒമാനുമായാണ് ചർച്ചകൾ നടത്തുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ അറിയിച്ചു. ഹുർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാനാണ് ഒമാനുമായി ആശയവിനിമയം നടത്തുന്നത്.
ഇറാന്റെ നിഷേധത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ ട്രംപ് ശക്തമായി പ്രതികരിച്ചു. ഇറാൻ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും അവർ സമ്മതിച്ചാലും ഇല്ലെങ്കിലും ദശാബ്ദങ്ങളായി തുടരുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ചർച്ചകൾ നടക്കുന്നുണ്ടെന്നും ട്രംപ് കുറിച്ചു. ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ യു.എസ് ഏർപ്പെടുത്തിയ ഉപരോധം ചൂണ്ടിക്കാട്ടിയ ട്രംപ്, കൃത്യമായ ഒരു കരാറോ പൂർണ്മായ കീഴടങ്ങലോ ഇല്ലാതെ ഒന്നും ഇറാനിലേക്ക് കടത്തിവിടില്ലെന്നും വ്യക്തമാക്കി.
യുദ്ധത്തിന് മുമ്പ് ഹുർമുസ് കടലിടുക്കിലൂടെ സ്വതന്ത്ര ഗതാഗതം സാധ്യമായിരുന്നെങ്കിൽ, നിലവിൽ അതിന്റെ നിയന്ത്രണം നിലനിർത്താനും ഗതാഗത ഫീസ് ഈടാക്കാനുമാണ് ഇറാൻ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാൻ അമേരിക്ക തയ്യാറല്ല.
ഒമാനുമായി ചേർന്ന് പുതിയ കപ്പൽ പാത മാനേജ് ചെയ്യുന്നതിൽ ധാരണയിലെത്താറായിട്ടുണ്ടെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും, ഇത് ഹുർമുസ് പൂർണമായി തുറക്കുന്നതിന് തുല്യമല്ലെന്ന് വക്താവ് കൂട്ടിച്ചേർത്തു. ഇതിനിടെ ഞായറാഴ്ച ഒമാൻ തീരത്ത് ഒരു ടാങ്കറിന് സമീപം സ്ഫോടന ശബ്ദം കേട്ടതായി യു.കെ.എം.ടി.ഒ അറിയിച്ചെങ്കിലും കപ്പലും ജീവനക്കാരും സുരക്ഷിതരാണ്.
ഇറാന്റെ ആണവപദ്ധതി തടയുക എന്ന ലക്ഷ്യത്തോടെയാണ് യുദ്ധം ആരംഭിച്ചതെന്നും ആണവ നിരായുധീകരണം നടന്നേ തീരൂ എന്നും ട്രംപ് ആവർത്തിച്ചു. എന്നാൽ തങ്ങളുടെ ആണവപദ്ധതി പൂർണ്മായും സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നാണ് ഇറാന്റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.