സ്പോക്കെയ്ൻ (വാഷിങ്ടൺ): കിഴക്കൻ വാഷിങ്ടൺ സ്റ്റേറ്റിലെ സ്പോക്കെയ്ൻ മേഖലയിൽ പടർന്നുപിടിച്ച കാട്ടുതീയെത്തുടർന്ന് 60,000ത്തോളം ആളുകളെ ഒഴിപ്പിച്ചു. വീടുകളും വ്യവസായ സ്ഥാപനങ്ങളും ഉൾപ്പെടെ കുറഞ്ഞത് 600 കെട്ടിടങ്ങൾ തീപിടിത്തത്തിൽ നശിച്ചതായി അധികൃതർ ഞായറാഴ്ച അറിയിച്ചു.
വാഷിങ്ടണിലെ രണ്ടാമത്തെ വലിയ നഗരമായ സ്പോക്കെയ്നിലും പരിസരപ്രദേശങ്ങളിലുമായി വാരാന്ത്യത്തിൽ മാത്രം എട്ട് ചതുരശ്ര മൈൽ (21 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കത്തിയമർന്നു. പടിഞ്ഞാറൻ അമേരിക്കയിലുടനീളം പടർന്നുപിടിക്കുന്ന ഡസൻ കണക്കിന് കാട്ടുതീകളിൽ ഒന്നാണിത്. നിലവിൽ ഫെഡറൽ, സ്റ്റേറ്റ്, പ്രാദേശിക ഏജൻസികളുടെ ശേഷിക്കും അപ്പുറമാണ് തീയുടെ വ്യാപ്തി.
സ്റ്റേറ്റിലുടനീളം ആകെ 386 ചതുരശ്ര മൈൽ (1,000 ചതുരശ്ര കിലോമീറ്റർ) പ്രദേശം കത്തിയമർന്നിട്ടുണ്ട്. സ്പോക്കെയ്നിലേത് ഉൾപ്പെടെ പലയിടങ്ങളിലും കാട്ടുതീ ഇതുവരെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.
തീപിടിത്തത്തിൽ ഇതുവരെ പരിക്കുകളോ ആളുകളെ കാണാതായതായോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫയർ-ലോ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ രക്ഷാപ്രവർത്തനം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാഗ്രത തുടരുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.
വീടുകൾക്കും ജനവാസ മേഖലകൾക്കും സമീപം കറുത്ത പുകയുയരുന്നതിന്റെയും, വീടുകൾ പൂർണ്ണമായി കത്തിയമർന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വരും ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരുമെന്നത് ആശങ്ക വർധിപ്പിക്കുന്നു.നമ്മൾ ഇപ്പോഴും അപകടസാധ്യതയിൽ നിന്ന് മുക്തരായിട്ടില്ല. വരും ദിവസങ്ങൾ കടുപ്പമേറിയതായിരിക്കുമെന്ന് യു.എസ്. സെനറ്റർ മരിയ കാന്റ്വെൽ പറഞ്ഞു.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല.സ്പോക്കെയ്നു പുറമെ സമീപ സ്റ്റേറ്റുകളിലും കാട്ടുതീ വൻ നാശം വിതക്കുകയാണ്. പടിഞ്ഞാറൻ ഐഡാഹോയിലും കിഴക്കൻ ഒറിഗണിലുമായി 525 ചതുരശ്ര മൈൽ (1,360 ചതുരശ്ര കിലോമീറ്റർ) പുൽമേടുകൾ കത്തിയമർന്ന തീ അണക്കാൻ ബുൾഡോസറുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് പത്താം ദിവസവും ശ്രമം തുടരുകയാണ്.
കന്നുകാലി ഫാമുകൾ ഏറെയുള്ള ഈ മേഖലയിൽ 600ലധികം വീടുകൾക്കും 800 മറ്റ് കെട്ടിടങ്ങൾക്കും തീ ഭീഷണിയുയർത്തുന്നുണ്ട്. സെൻട്രൽ യൂട്ടായിൽ ഭീമമായ കാട്ടുതീ വാരാന്ത്യത്തിൽ രണ്ടിരട്ടിയിലധികം വർധിച്ചു. ഞായറാഴ്ച രാവിലെയോടെ 16 ചതുരശ്ര മൈലിൽ നിന്ന് (41 ചതുരശ്ര കിലോമീറ്റർ) 56 ചതുരശ്ര മൈൽ (145 ചതുരശ്ര കിലോമീറ്റർ) വ്യാപ്തിയിലേക്ക് തീ പടർന്നു. നൂറിലധികം കന്നുകാലികൾ ചത്തതായി പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.