ന്യൂയോർക്കിൽ പ്രദർശിപ്പിച്ച ട്രോഫി

ഡോണൾഡ് ട്രംപിന്റെ വിദേശനയങ്ങളെ പരിഹസിച്ച് ന്യൂയോർക്കിൽ 'ഇറാൻ യുദ്ധ പങ്കാളിത്ത ട്രോഫി’​ സ്ഥാപിച്ചു

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിദേശനയങ്ങളെ പരിഹസിച്ച് മാൻഹട്ടനിലെ ഫോളി സ്ക്വയറിൽ 10 അടി ഉയരമുള്ള കൂറ്റൻ ആക്ഷേപഹാസ്യ ട്രോഫി പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ജൂലൈ 13ന് വാഷിങ്ടൺ ഡി.സിയിലെ നാഷണൽ മാളിൽ ആദ്യമായി പ്രദർശിപ്പിച്ച ഈ ട്രോഫി, 2024ൽ ട്രംപ് വിചാരണ നേരിട്ട മാൻഹട്ടൻ കോടതിക്ക് സമീപമാണ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്. രഹസ്യ ആർട്ട് കളക്ടീവായ 'സീക്രട്ട് ഹാൻഡ്‌ഷേക്ക്' ആണ് ഈ കലാസൃഷ്ടി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യൻഷിപ്പ് ബെൽറ്റ് ഉൾപ്പെടെയുള്ള വിവിധ വസ്തുക്കളാൽ അലങ്കരിച്ചിരിക്കുന്ന ട്രോഫിയുടെ അടിയിലുള്ള ഫലകം ഇതിന്റെ പ്രത്യേകത എടുത്തുപറയുന്നുണ്ട്. ‘ഇറാൻ യുദ്ധത്തിലെ ആവേശകരമായ പങ്കാളിത്തത്തിന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഈ ട്രോഫി നൽകുന്നു’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്തിമ ഫലമോ സൈനിക തന്ത്രങ്ങളോ നോക്കാതെ ഏത് വിധേനയും യുദ്ധത്തിൽ പങ്കെടുക്കാനുള്ള ആർജ്ജവം ട്രംപ് കാണിച്ചുവെന്നും ഫലകം പരിഹസിക്കുന്നു.

ഈ ആഴ്ച മുഴുവൻ ട്രോഫി പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. പ്രസിഡന്റിന് നൽകാൻ ചെറിയതോ വലുതോ ആയ നേട്ടങ്ങളൊന്നുമില്ലെന്നും, എന്നാൽ ജനങ്ങൾക്ക് ഈ ശേഖരത്തിലേക്ക് ഇനിയും വസ്തുക്കൾ സംഭാവന ചെയ്യാമെന്നും കലാകാരന്മാർ വ്യക്തമാക്കി. ‘സന്ദർശകർക്ക് പ്രസിഡന്റ് ട്രംപിനായി സ്വന്തം ട്രോഫികൾ ഇവിടെ ഉപേക്ഷിക്കാം. അദ്ദേഹത്തിന് നൽകാൻ ചെറിയതോ വലുതോ ആയ അർഹതയില്ലാത്തതോ ആയ ഒരു നേട്ടവുമില്ല. സന്ദർശകർ തങ്ങളുടെ സംഭാവനകൾ TrophiesforTrump എന്ന ഹാഷ്‌ടാഗോടുകൂടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുക’. -മറ്റൊരു ഫലകത്തിൽ കുറിച്ചു.

നിലവിൽ ട്രംപ് ഇറാൻ യുദ്ധവുമായി മുന്നോട്ട് പോകുന്നതിൽ അമേരിക്കയിൽ നിന്നും കടുത്ത എതിർപ്പുകളുണ്ട്. ഇറാനുമായുള്ള തുടർച്ചയായ യുദ്ധനടപടികളിൽ അമേരിക്കൻ കോൺഗ്രസിലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളിൽ നിന്നുമെല്ലാം കടുത്ത എതിർപ്പുകളാണ് ഉയർന്നുക്കൊണ്ടിരിക്കുന്നത്. യു.എസിന് വലിയ തോതിൽ സാമ്പത്തിക ബാധ്യതയും പ്രതിസന്ധിയും സൃഷ്ടിക്കുന്ന ഈ യുദ്ധം യാതൊരു വ്യക്തമായ ലക്ഷ്യങ്ങളോ മുന്നേറ്റമോ കൈവരിക്കുന്നില്ലെന്ന വിമർശനം ഇരുവിഭാഗം നിയമനിർമ്മാതാക്കളും ശക്തമായി ഉന്നയിക്കുന്നുണ്ട്. സാമ്പത്തിക നഷ്ടവും സുരക്ഷാ ആശങ്കകളും മുൻനിർത്തി ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ ജനങ്ങളിലും ജനപ്രതിനിധികളിലും പ്രതിഷേധം വ്യാപകമാണ്.

Tags:    
News Summary - Iran war participation trophy appears in New York

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.