ജനറൽ മാർക് മില്ലി

യുക്രെയ്ൻ പ്രതിസന്ധിയിൽ സ്വരം കടുപ്പിച്ച് യു.എസ്; ആക്രമണത്തിന് റഷ്യ തുനിഞ്ഞാൽ കാര്യങ്ങൾ ഭീകരമായിരിക്കുമെന്ന് മുന്നറിയിപ്പ്

വാഷിങ്ടൺ ഡി.സി: യുക്രെയ്ൻ അതിർത്തികളിൽ റഷ്യ വൻതോതിലുള്ള സൈനിക വിന്യാസം തുടരുന്നതിനിടെ നിലപാട് കടുപ്പിച്ച് യു.എസ്. റഷ്യ യുക്രെയ്നെ ആക്രമിക്കുകയാണെങ്കിൽ കാര്യങ്ങൾ ഭീകരമായിരിക്കുമെന്നും വൻ നാശനഷ്ടങ്ങൾക്ക് വഴിയൊരുക്കുമെന്നും യു.എസ് ഉന്നത സൈനിക മേധാവി ജനറൽ മാർക് മില്ലി മുന്നറിയിപ്പ് നൽകി. ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനികവിന്യാസമാണ് യുക്രെയ്ൻ അതിർത്തിയിൽ റഷ്യ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ലക്ഷത്തോളം സൈനികരെ റഷ്യ അതിർത്തിയിൽ വിന്യസിച്ചതായാണ് റിപ്പോർട്ടുകൾ.

അതസമയം, നയതന്ത്ര നീക്കത്തിലൂടെ പ്രതിസന്ധി പരിഹരിക്കാൻ ഇനിയും സമയമുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രതികരിച്ചു. എന്നാൽ, യുക്രെയിനെ ആക്രമിക്കാൻ പദ്ധതിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന റഷ്യ, യു.എസ് യുക്രെയ്ന് നൽകുന്ന പിന്തുണ ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി.

റഷ്യ-യുക്രെയ്ൻ വിഷയം യുദ്ധത്തിലേക്ക് നയിക്കുമോയെന്ന് ലോകം ആശങ്കയോടെ നിരീക്ഷിക്കെ, വിഷയത്തിൽ പ്രതികരിച്ച് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി രംഗത്തെത്തിയിരുന്നു. പടിഞ്ഞാറൻ ലോകം യുക്രെയ്ൻ വിഷയത്തിൽ പരിഭ്രാന്തി സൃഷ്ടിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭ്യർഥന. റഷ്യൻ അധിനിവേശമുണ്ടാവുമെന്ന നിരന്തര മുന്നറിയിപ്പുകൾ യുക്രെയ്ൻ സമ്പദ്‍വ്യവസ്ഥയെ അപകടത്തിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫെ​ബ്രു​വ​രി​യി​ൽ റ​ഷ്യ ആ​ക്ര​മി​ച്ചേ​ക്കു​മെ​ന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈ​ഡ​ൻ യുക്രെയ്ന് മുന്നറിയിപ്പ് നൽകിയിരുന്നു. റ​ഷ്യ വീ​ണ്ടും യു​ക്രെ​യ്നി​ൽ അ​ധി​നി​വേ​ശം ന​ട​ത്തി​യാ​ൽ യു.​എ​സും നാ​റ്റോ​യ​ട​ക്ക​മു​ള്ള സ​ഖ്യ​രാ​ജ്യ​ങ്ങ​ളും ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കുമെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പുതിയൊരു യുദ്ധത്തിലേക്കാണോ ലോകം നീങ്ങുന്നതെന്ന ആശങ്കയുയർത്തിയത്.

2014ൽ ​യു​ക്രെ​യ്നി​ൽ അ​ധി​നി​വേ​ശം ന​ട​ത്തി​യ റ​ഷ്യ, രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ല​യാ​യ ക്രി​മി​യ ഉ​പ​ദ്വീ​പ് കീ​ഴ​ട​ക്കി​യി​രു​ന്നു. പഴയ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന യുക്രെയ്നിൽ വീണ്ടും അധിനിവേശത്തിന് റഷ്യ ഒരുങ്ങുകയാണെന്നാണ് വിലയിരുത്തലുകൾ. 

News Summary - Ukraine crisis: Russian attack would be 'horrific', US warns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.