ന്യൂയോർക്: യൂറോപ്യൻ യൂനിയന്റെ വിദേശ നയത്തെ പരിഹസിച്ചും വിമർശിച്ചും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘പൊളിറ്റിക്കോ’ മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ. യൂറോപ് നശിച്ചുകൊണ്ടിരിക്കുകയാണെന്നും ദുർബലരായ നേതാക്കളാണ് അതിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു.
‘ എന്ത് ചെയ്യണമെന്ന് യൂറോപ്പിന് അറിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. കാര്യമായ പരിശോധനകളില്ലാതെ അവർ രാജ്യത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നു’’ -കുടിയേറ്റ നയത്തെ വിമർശിച്ച് അദ്ദേഹം പറഞ്ഞു.
അതേസമയം, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ നയങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ലണ്ടൻ മേയർ സാദിഖ് ഖാനെ അദ്ദേഹം ‘ദുരന്തം’ എന്നാണ് വിശേഷിപ്പിച്ചത്. ലണ്ടനിലും പാരിസിലും നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെ താൻ വെറുക്കുന്നുവെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യൻ അരിക്ക് തീരുവ ചുമത്തും
ഇന്ത്യൻ അരിക്ക് അധിക തീരുവ ഏർപ്പെടുത്താനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യക്ക് അരി യു.എസിൽ കൊണ്ട് തള്ളാനാവില്ലെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു. തീരുവയിൽ ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന് സൂചന നൽകുകയാണ് ട്രംപ്.
വൈറ്റ് ഹൗസിൽ നടന്ന ഒരു യോഗത്തിനിടെയാണ് ട്രംപിന്റെ പരാമർശം. അമേരിക്കൻ കർഷകർക്ക് വേണ്ടി 12 ബില്യൺ ഡോളറിന്റെ പദ്ധതി ട്രംപ് പ്രഖ്യാപിച്ചു. യോഗത്തിനിടെ ഇറക്കുമതി മൂലം അഭ്യന്തര വിപണിയിൽ അരിവില കുറയുകയാണെന്ന് കെന്നഡി റൈസ് മിൽ ഉടമ മെറൽ കെന്നഡി പറഞ്ഞു. തുടർന്ന് യു.എസിലേക്ക് അരി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടിക വൈറ്റ് ഹൗസ് അധികൃതർ കൈമാറി.
ഇന്ത്യ, ചൈന, തായ്‍ലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലെ പ്രമുഖർ. തുടർന്ന് ഡോണൾഡ് ട്രംപ് ഇന്ത്യയെ കുറിച്ച് ട്രഷറി സെക്രട്ടറിയോട് ചോദിച്ചു. എന്തുകൊണ്ടാണ് ഇന്ത്യക്ക് അരി ഇറക്കുമതിക്കുള്ള അനുമതി നൽകിയിരിക്കുന്നത്. അവർക്ക് ഇറക്കുമതിക്ക് എന്തെങ്കിലും ഇളവുണ്ടോയെന്ന് യു.എസ് പ്രസിഡന്റ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിനോട് ചോദിച്ചു.
ഇതിന് മറുപടിയായി ഇന്ത്യക്ക് ഇളവില്ലെന്നും അവരുമായി വ്യാപാര കരാർ ഉണ്ടാക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ട്രഷറി സെക്രട്ടറി മറുപടി നൽകി. അവർ യു.എസിൽ അരി തള്ളുന്നില്ലെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്നും ട്രംപ് ട്രഷറി സെക്രട്ടറിയോട് നിർദേശിച്ചു.
കാനഡയിൽ നിന്നുള്ള രാസവള ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. കനത്ത തീരുവ രാസവളത്തിന് ചുമത്തുമെന്ന സൂചനകളാണ് ഡോണൾഡ് ട്രംപ് നൽകുന്നത്. യു.എസിൽ പണപ്പെരുപ്പവും ഉപഭോക്തൃവിലയും വലിയ രീതിയിൽ ഉയർന്ന് നിൽക്കുന്നതിനിടെയാണ് വീണ്ടും തീരുവ ചുമത്തി ഡോണൾഡ് ട്രംപ് വീണ്ടും യു.എസിനെ സമ്മർദത്തിലാക്കുന്നത്.
ഇന്ത്യയുമായും കാനഡയുമായും വ്യാപാര കരാർ ഉണ്ടാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് യു.എസ് അറിയിച്ചു. അതേസമയം, നേരത്തെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ യു.എസ് ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.