റോം: യൂറോപ്പിന്റെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുടെ യൂറോപ്യൻ പര്യടനം തുടരുന്നു. ചൊവ്വാഴ്ച അദ്ദേഹം റോം സന്ദർശിച്ചു. പോപ് ലിയോ നാലാമനെ സന്ദർശിക്കാൻ റോമിനു പുറത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തിയ സെലൻസ്കി റോമൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായും ചർച്ച നടത്തും.
തിങ്കളാഴ്ച ലണ്ടനിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമെർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, ജർമൻ ചാൻസലർ ഫ്രീഡിഷ് മെർസ് എന്നിവരുമായും യുക്രെയ്ൻ പ്രസിഡന്റ് ചർച്ച നടത്തിയിരുന്നു. ഏതാനും പ്രദേശങ്ങൾ റഷ്യക്ക് വിട്ടുകൊടുത്ത് എത്രയും വേഗം വെടിനിർത്തൽ കരാറിന് തയാറാകണമെന്ന് അമേരിക്ക യുക്രെയ്നുമേൽ സമ്മർദം ചെലുത്തുന്നതിനിടെയാണ് ഇതിന് വഴങ്ങാത്ത സെലൻസ്കി തന്റെ നിലപാടിന് പിന്തുണ തേടി യൂറോപ്യൻ രാജ്യങ്ങളിൽ പര്യടനം നടത്തുന്നത്.
‘‘ഞങ്ങൾ ഒന്നും വിട്ടുകൊടുക്കാൻ പോകുന്നില്ല. സന്ധിയുണ്ടാക്കാൻ അമേരിക്ക ശ്രമിക്കുന്നുണ്ട്. കുറെ ഭൂപ്രദേശങ്ങൾ ഞങ്ങൾ വിട്ടുകൊടുക്കണമെന്ന് റഷ്യ ശഠിക്കുന്നുമുണ്ട്. എന്നാൽ, യുക്രെയ്ന്റെ നിയമപ്രകാരവും ഭരണഘടന പ്രകാരവും അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരവും ഞങ്ങൾക്കതിന് അവകാശമില്ല’’ എന്ന് കഴിഞ്ഞ ദിവസം സെലൻസ്കി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അമേരിക്കൻ-യുക്രെയ്ൻ പ്രതിനിധികൾ കഴിഞ്ഞ മൂന്നു ദിവസം ചർച്ച നടത്തിയിട്ടും പ്രശ്ന പരിഹാരത്തിലെത്തിയിരുന്നില്ല. കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖല റഷ്യക്ക് വിട്ടുകൊടുക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്.
ഈ വിഷയത്തിൽ ബ്രിട്ടനും ഫ്രാൻസും ജർമനിയും യുക്രെയ്ൻ നിലപാടിന് പിന്തുണ അറിയിച്ചിട്ടുണ്ട്. അതിനിടെ, റഷ്യയും യുക്രെയ്നും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി റഷ്യ 110 ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയ്ന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തിയതായും ഇവയിൽ 84 എണ്ണം തകർത്തതായും യുക്രെയ്ൻ വ്യോമസേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.