മോസ്കോ: റഷ്യ യുക്രെയ്നിൽ ആക്രമണം തുടങ്ങിയ 2022ൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആയിരുന്നെങ്കിൽ, മേഖലയിൽ സംഘർഷം ഉണ്ടാകുമായിരുന്നില്ലെന്ന് പ്രസിഡന്റ് വ്ളാദിമിർ പുടിൻ. യുക്രെയ്ൻ വിഷയം പരിഹരിക്കാൻ ചർച്ചക്ക് തയാറാണെന്നും ട്രംപ് മികച്ച നേതാവാണെന്നും പുടിൻ റഷ്യൻ മാധ്യമത്തോട് പ്രതികരിച്ചു. പുടിനുമായി വൈകാതെ ചർച്ച നടത്താൻ തയാറാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുടിന്റെ പ്രതികരണം.
“യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാനായി ഞങ്ങൾ എപ്പോഴും ചർച്ചക്ക് തയാറാണ്, ഇക്കാര്യം മുമ്പും വ്യക്തമാക്കിയിരുന്നു. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചിരുന്നെങ്കിൽ 2022ൽ തുടങ്ങിയ യുക്രെയ്ൻ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. ട്രംപ് പ്രായോഗികമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ആളാണ്. ജോ ബൈഡനെ തോൽപ്പിച്ച് ട്രംപ് അധികാരത്തിൽ വന്നിരുന്നെങ്കിൽ സംഘർഷം ഒഴിവാക്കാൻ കഴിയുമായിരുന്നു” -പുടിൻ പറഞ്ഞു.
എന്നാൽ എപ്പോഴായിരിക്കും ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. യു.എസിന്റെ ഭാഗത്തുനിന്നുള്ള അറിയിപ്പിനായി റഷ്യ കാത്തിരിക്കുകയാണെന്നാണ് സൂചന. സ്ഥാനാരോഹണ ചടങ്ങിനിടെ, റഷ്യ യുക്രെയ്നിലെ ആക്രമണം നിർത്താൻ തയാറായില്ലെങ്കിൽ കൂടുതൽ ഉപരോധമേർപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റഷ്യ-യുക്രെയ്ൻ പ്രതിസന്ധി അധികാരത്തിലേറി 24 മണിക്കൂറിനകം പരിഹരിക്കുമെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.
എന്നാൽ സംഘർഷം ലഘൂകരിക്കാൻ റഷ്യ തയാറാകുമെന്ന് കരുതുന്നില്ലെന്ന് യുക്രെയ്ൻ സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. യുക്രെയ്നിന്റെ പ്രതിനിധി ഇല്ലാതെയാണ് പുടിൻ ചർച്ച നടത്താൻ പോകുന്നതെന്നും ആധുനിക ലോകത്തിന് ചേർന്ന രീതിയല്ല ഇതെന്നും ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. 2022 ഫെബ്രുവരിയിൽ തുടങ്ങിയ യുക്രെയ്ൻ ആക്രമണത്തിൽ ആയിരക്കണക്കിന് ജീവനുകളാണ് പൊലിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.