ഇന്ത്യൻ നയതന്ത്രകാര്യാലയത്തിന് നേരെ അക്രമം; എന്ത് നടപടിയെടുത്തെന്ന് വെളിപ്പെടുത്താതെ ബ്രിട്ടൻ

ന്യൂഡൽഹി: ഖലിസ്ഥാൻ വാദിയായ അമൃതപാൽ സിങിനെതിരേ ഇന്ത്യയിൽ നടപടി ശക്തമാക്കിയതിനെത്തുടർന്ന് ലണ്ടനിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന് നേരെ ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണമുണ്ടായി 20 ദിവസം പിന്നിട്ടിട്ടും സംഭവത്തിൽ എന്ത് നടപടിയെടുത്തുവെന്ന വിശദാംശങ്ങൾ കൈമാറാതെ ബ്രിട്ടൺ. മാർച്ച് 19ന് നടന്ന അക്രമത്തിൽ ഖലിസ്ഥാൻ അനുകൂലികൾ നയതന്ത്രകാര്യാലയത്തിന്‍റെ കോമ്പൗണ്ടിലേക്ക് ഇരച്ചുകയറുകയും ഓഫിസിനു മുന്നിലെ ഇന്ത്യൻ പതാക താഴ്ത്തിക്കെട്ടുകയും ചെയ്തിരുന്നു. സംഭവത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തുകയും ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ ബാധിക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു.

ലണ്ടൻ വ്യാപാര മേഖലയിൽ സ്ഥിതിചെയ്യുന്ന നയതന്ത്രകാര്യാലയത്തിന് ബ്രിട്ടൺ മതിയായ സുരക്ഷ ഏർപ്പെടുത്തിയിരുന്നില്ല. സംഭവത്തിന് ശേഷം സുരക്ഷ സംബന്ധിച്ച് ഇന്ത്യ പ്രതിഷേധം അറിയിച്ചതോടെ രണ്ട് സുരക്ഷ ജീവനക്കാരെ നിയമിക്കുക മാത്രമാണ് ചെയ്തത്. അതേസമയം ഡൽഹിയിലെ ബ്രിട്ടീഷ് എംബസിക്ക് ഡൽഹി പൊലീസ് നേരത്തെ തന്നെ സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ മാർച്ച് 19 ലെ സംഭവത്തിൽ പ്രതിഷേധിച്ച് ഡൽയിലെ ബ്രിട്ടീഷ് എംബസിക്കു ചുറ്റുമുള്ള ബാരിക്കേഡുകൾ പൊലീസ് എടുത്തുമാറ്റിയിരുന്നു.

ബ്രിട്ടണിലെ ചില ഗുരുദ്വാരകളിൽ നിന്ന് പഞ്ചാബിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ തീവ്രവാദികൾ ഫണ്ട് സ്വരൂപിക്കുന്നതിന്റെ തെളിവുകൾ ബ്രിട്ടീഷ് ഇന്റലിജൻസ് മേധാവികൾക്ക് വീണ്ടും നൽകിയിട്ടും അവ തടയാൻ നടപടിയെടുക്കുന്നില്ലെന്നും ഇന്ത്യ ആരോപിക്കുന്നുണ്ട്. 

Tags:    
News Summary - UK still holding details on action against March 19 London HC protesters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.