ജനീവ: ഇറാൻ അമേരിക്കക്ക് വളരെ ഗുരുതരമായ ഭീഷണി ഉയർത്തുന്നത് തുടരുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ജനീവയിൽ വ്യാഴാഴ്ച ആരംഭിച്ച നിർണായകമായ ആണവചർച്ചകൾക്ക്, യു.എസ്- ഇറാൻ ഉദ്യോഗസ്ഥർ തമ്മിൽ മൂന്നാം റൗണ്ട് പരോക്ഷ ചർച്ചകൾക്കായി കൂടിക്കാഴ്ച നടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് റൂബിയോയുടെ പരാമർശങ്ങൾ.
ഇറാന്‍റെ ആണവകേന്ദ്രങ്ങൾ തകർക്കപ്പെട്ടെങ്കിലും അവ വീണ്ടും പുനർനിർമിക്കാനും വ്യാപിപ്പിക്കാനും ടെഹ്റാൻ ശ്രമിക്കുന്നതായും റൂബിയോ ആരോപിക്കുന്നു. നിലവിൽ യുറേനിയം സമ്പൂഷ്ടീകരണം നടക്കുന്നില്ലെങ്കിലും അതിനുളള സജ്ജീകരണങ്ങൾ അവർ ഒരുക്കുന്നുണ്ടെന്നും ഇറാന്‍റെ പക്കലുളള ബാലിസ്റ്റിക് മിസൈലുകൾ അമേരിക്കയെയും പശ്ചിമേഷ്യയിലെ യു.എസ് സൈനിക താവളങ്ങളെയും നേരിട്ട് ലക്ഷ്യം വെച്ചുളളതാണെന്നും അദ്ദേഹം വ്യക്തമാക്കി. മിസൈൽ പ്രോഗ്രാമിനെ കുറിച്ച് ചർച്ച ചെയ്യാൻ ഇറാൻ വിസമ്മതിക്കുന്നത് വലിയൊരു പ്രതിസന്ധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മേഖലയിൽ അമേരിക്ക വൻ തോതിൽ സൈനിക സന്നാഹങ്ങൾ ഒരുക്കുന്നതിനിടെയാണ് ഈ ചർച്ചകൾ നടക്കുന്നത്. ചർച്ചകൾ പരാജയപ്പെട്ടാൽ വളരെ മോശമായ കാര്യങ്ങൾ നടക്കുമെന്ന് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒമാന്‍റെ മധ്യസ്ഥതയിൽ നടക്കുന്ന ഈ പരോക്ഷ ചർച്ചകളിൽ അമേരിക്കയെ പ്രതിനിധീകരിക്കുന്നത് സ്റ്റീവ് വിറ്റ്കോഫും ജാരോഡ് കുഷ്നറുമാണ്. ഇറാനെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതിനിധീകരിക്കും.
ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പ് ഇറാന്‍റെ ഭാഗത്ത് നിന്ന് വേണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും തങ്ങൾ ആണവായുധങ്ങൾ നിർമ്മിക്കില്ലന്നും ഇറാൻ ആവർത്തിക്കുന്നു. ഉപരോധങ്ങൾ നീക്കുന്നതിലാണ് അവർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2003 ൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഇറാഖ് അധിനിവേശത്തിനുശേഷം മിഡിൽ ഈസ്റ്റിൽ നടക്കുന്ന ഏറ്റവും വലിയ യു.എസ് സൈനിക വിന്യാസത്തിനിടയിലാണ് ഈ ചർച്ചകൾ നടക്കുന്നത്. സംഘർഷം തടയാനുള്ള അവസാന ശ്രമമായിട്ടാണ് ചർച്ചകളെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.