ബ്രിട്ടൻ സൈനിക താവളത്തിലെ അറസ്റ്റ്: ഗൂഢാലോചന ആരോപണം തള്ളി ഇറാൻ; യു.കെയിൽ 'ഇറാനോഫോബിയ’ പ്രചരിപ്പിക്കുന്നു
ലണ്ടൻ: ബ്രിട്ടനിലെ സൈനിക താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തവർക്ക് ഇറാൻ ബന്ധമുണ്ടെന്ന ആരോപണം തള്ളി തെഹ്റാൻ. കഴിഞ്ഞ ദിവസമാണ് യു.എസുമായി ബന്ധമുള്ള ഇംഗ്ലണ്ടിലെ ആർ.എഫ് ഫെയർഫോർഡ് വ്യോമതാവളത്തിന് സമീപത്തുനിന്ന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭീകരവാദക്കുറ്റവും സ്ഫോടകവസ്തു നിയമവും ചുമത്തി അറസ്റ്റ് ചെയ്ത ഇവരെ ബ്രിട്ടീഷ് പൊലീസ് ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്. യു.എസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏറെ ഗൗരവമുള്ളതായിരുന്നു ഈ അറസ്റ്റ്.
ലണ്ടനിൽ നിന്നുള്ള അഞ്ച് ബ്രിട്ടീഷ് പൗരന്മാരാണ് തിങ്കളാഴ്ച ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഫെയർഫോർഡ് വ്യോമതാവളത്തിന് സമീപത്ത് മൂന്ന് വാനുകൾ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കർശനമായ ജാമ്യവ്യവസ്ഥകളോടെയാണ് ഇവരെ വിട്ടയച്ചതെന്നും എന്നാൽ അന്വേഷണം അവസാനിച്ചിട്ടില്ലെന്നും യു.കെ കൗണ്ടർ ടെററിസം പൊലീസ് മേധാവി ലോറൻസ് ടെയ്‌ലർ വ്യക്തമാക്കി. ഒന്നിലധികം കോണുകളിൽ നിന്നുള്ള അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൂഢാലോചനക്ക് പിന്നിൽ ഏതെങ്കിലും വിദേശ രാജ്യത്തിന്റെ പങ്കുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇറാൻ, റഷ്യ അല്ലെങ്കിൽ മറ്റ് രാജ്യങ്ങളിലെ സായുധ സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി ഇറാനുമായി ഈ കേസിനെ ബന്ധിപ്പിച്ചിട്ടില്ല. എന്നാൽ സംഭവത്തിന് പിന്നിൽ വിദേശ ശക്തികളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന വ്യക്തികളോ പ്രോക്സികളോ ആകാം എന്ന സാധ്യത എല്ലാ വശത്തുനിന്നും പരിശോധിക്കുന്നുണ്ടെന്ന് ടെയ്‌ലർ വ്യക്തമാക്കി.
അതേസമയം ബ്രിട്ടീഷ് മാധ്യമങ്ങളും ചില വ്യക്തികളും തങ്ങൾക്കെതിരെ ഉന്നയിക്കുന്ന അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമായ ആരോപണങ്ങൾ പൂർണമായും തള്ളിക്കളയുന്നതായി ലണ്ടനിലെ ഇറാനിയൻ എംബസി പ്രതികരിച്ചു. യു.കെയിൽ 'ഇറാനോഫോബിയ' പ്രചരിപ്പിക്കുന്നതിനാണ് ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നതെന്നും ഇതിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാൻ അവകാശമുണ്ടെന്നും എംബസി മുന്നറിയിപ്പ് നൽകി. എന്നാൽ ഈ സംഭവത്തിന് പിന്നിൽ ഇറാനാകാൻ സാധ്യതയുണ്ടെന്നും താനായിരുന്നെങ്കിൽ ഈ പ്രതികളെ ജാമ്യത്തിൽ വിടില്ലായിരുന്നുവെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയ ഇറാനിയൻ മിസൈൽ കേന്ദ്രങ്ങൾ ആക്രമിക്കാൻ യു.എസിന് ബ്രിട്ടൻ അനുമതി നൽകിയിരുന്ന ഫെയർഫോർഡ് വ്യോമതാവളം തങ്ങളുടെ നിയമപരമായ ലക്ഷ്യമാണെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നാൽ ബ്രിട്ടനിലെ സൈനിക താവളത്തിന് സമീപം നിലവിൽ സ്ഫോടകവസ്തുക്കൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി ഉയർത്തുന്ന എല്ലാ ശക്തികളെയും പ്രതിരോധിക്കാൻ തയാറാണെന്ന് യു.കെ പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിങും വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡും വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി ആൻഡി ബർണാമിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.