ബ്രിട്ടനിൽ ആക്രമണശ്രമം സംശയിക്കുന്ന ഫെയർഫോർഡ് താവളത്തിൽ നിർത്തിയിട്ട യു.എസ് യുദ്ധവിമാനങ്ങൾ
ബ്രിട്ടനിൽ സൈനിക താവളത്തിനരികെ അഞ്ചുപേർ പിടിയിൽ
ലണ്ടൻ: തെക്കൻ ഇംഗ്ലണ്ടിൽ ഫെയർഫോർഡ് ബ്രിട്ടീഷ് റോയൽ വ്യോമസേന താവളത്തിനരികെ ഭീകരാക്രമണം പദ്ധതിയിട്ടെന്ന് കരുതുന്ന അഞ്ചുപേർ പിടിയിൽ. പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് എത്തിയ സായുധ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച ബ്രിട്ടീഷ് സമയം അർധരാത്രിക്കു ശേഷം 12.45ന് മൂന്ന് വാഹനങ്ങൾ താവളത്തിനുനേരെ നീങ്ങുന്നതായി ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. മുഖംമൂടിയണിഞ്ഞ സംഘം സ്ഥലം വളഞ്ഞെന്നായിരുന്നു സന്ദേശം. മിനിറ്റുകൾക്കകം എത്തിയ സുരക്ഷാ വിഭാഗം പരിസരത്തെ 85 വീടുകൾ ഒഴിപ്പിച്ചു.
ലണ്ടനിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരായ യുവാക്കളാണ് കസ്റ്റഡിയിലുള്ളതെന്നും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇറാൻ ആക്രമണത്തിൽ പങ്കെടുത്ത യു.എസ് വ്യോമസേന 501ാം കോംബാറ്റ് സപ്പോർട്ട് വിങ് തമ്പടിച്ച താവളമാണിത്. ബ്രിട്ടനിൽ യു.എസ് സേനക്ക് ആതിഥ്യമരുളുന്ന 12 താവളങ്ങളിലൊന്നാണ് ഫെയർഫോർഡ്. ബി-1, ബി-2 ബോംബറുകൾ ഉപയോഗിച്ച് ഇറാനെതിരായ ആക്രമണത്തിന് യു.എസ് ഈ താവളം ഉപയോഗിച്ചിട്ടുണ്ട്.
ഇറാനിൽ ആക്രമണത്തിന് മുൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ യു.എസ് സേനക്ക് അനുമതി നൽകിയത് ഡീഗോ ഗാർഷ്യ, ഫെയർഫോർഡ് താവളങ്ങളാണ്. ഹുർമുസ് പ്രതിസന്ധി അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ലോകത്തെവിടെയും യു.എസ് താവളങ്ങൾ ലക്ഷ്യമിടുമെന്ന് നേരത്തെ ഇറാൻ അവകാശപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ ആക്രമണ നീക്കത്തിനു പിന്നിൽ ഇറാൻ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. പിടിയിലായവർ എല്ലാവരും പ്രായം 20കളിലുള്ളവരാണ്. കൂടുതൽ പേരെ കണ്ടിരുന്നതായി സംഭവം ആദ്യം പൊലീസിനെ അറിയിച്ച സ്ത്രീ വ്യക്തമാക്കി. അതേസമയം അറസ്റ്റ് വിവരം പുറത്തുവന്നയുടൻ, നേരത്തെ ഇവർ നിരീക്ഷണത്തിലായിരുന്നുവെന്ന അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.