ഉർദുഗാനെതിരെ നെതന്യാഹു ലോക കോടതിയിലേക്ക്; ഇസ്രായേൽ-തുർക്കിയ പോര് മുറുകുന്നു

​തെൽ അവീവ്: തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐ.സി.സി) നിയമനടപടിക്ക് ഒരുങ്ങി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഗസ്സ വംശഹത്യയിൽ യുദ്ധക്കുറ്റത്തിന് ഐ.സി​.സിയുടെ അറസ്റ്റ് വാറണ്ട് നേരിടുന്നതിനിടെയണ് നെതന്യാഹു ഇത്തരം നീക്കത്തിന് മുതിരുന്നതായി റിപ്പോർട്ട് വരുന്നത്. തുർക്കിയക്കെതിരെ കേസ് തയാറാക്കാൻ ഇസ്രായേൽ ഇന്റർ മിനിസ്റ്റീരിയൽ ടീമിനോടും അന്താരാഷ്ട്ര നിയമ വിഭാഗം ഡയറക്ടറോടും നെതന്യാഹു നിർദേശം നൽകിയതായി ഐ24 ന്യൂസ് റിപ്പോർട്ട് ചെയ്തു.

നിലവിൽ അങ്കാറയും തെൽ അവീവും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവവികാസം. കുർദ് വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളും ഹമാസിന് തുർക്കിയ സർക്കാർ നൽകുന്ന പിന്തുണയും സംബന്ധിച്ച ആരോപണങ്ങളാണ് ഈ നിയമനടപടിയിൽ പ്രധാനമായും ഉൾപ്പെടുത്തുക.

നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര വേദികളിലൂടെ നിയമനടപടികൾ സ്വീകരിക്കാൻ തുർക്കിയ നടത്തുന്ന ശ്രമങ്ങൾക്ക് മറുപടിയായാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി നെതന്യാഹുവിനെതിരെ ഇന്റർപോളിന്റെ റെഡ് നോട്ടീസ് പുറ​പ്പെടുവിക്കണമെന്ന് തുർക്കിയ ആവ​ശ്യപ്പെട്ടിരുന്നു. കൂടാതെ ഈയിടെ സമാപിച്ച യു.എൻ പൊതുസഭയുടെ ​വേദിയിലും ഉർദുഗാൻ ഇസ്രായേലിനെതിരെ രൂക്ഷമായി ​പ്രസംഗം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ തുർക്കിയയുടെ ഭാഗത്തുനിന്ന് കൂടുതൽ പ്രതികരണങ്ങൾ ഉണ്ടായാൽ അതൊരു പ്രതിരോധമായി ഉപയോഗിക്കാമെന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേൽ ഈ കേസ് തയാറാക്കുന്നത്. എന്നാൽ വാർത്തയോട് നെതന്യാഹുവിന്റെ ഓഫീസോ ഇസ്രായേൽ നീതിന്യായ മന്ത്രാലയമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഗസ്സയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ 2024 നവംബറിലാണ് നെതന്യാഹുവിനെതിരെ ഐ.സി.സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പട്ടിണിക്കിടുക, കൊലപാതകം, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് നെതന്യാഹു ഉത്തരവാദിയാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ഇസ്രായേൽ കോടതിയുടെ അധികാരപരിചയത്തെ ചോദ്യം ചെയ്യുകയാണുണ്ടായത്.

എന്നാൽ ഇസ്രായേലോ തുർക്കിയോ റോം ഐക്യതീരുമാനത്തിൽ ഒപ്പുവെച്ചിട്ടില്ലാത്തതിനാൽ ഐ.സി.സിയുടെ അധികാരപരിധി ഔദ്യോഗികമായി അംഗീകരിക്കുന്നില്ല. അതിനാൽ ഇസ്രായേൽ നേരിട്ട് കേസ് ഫയൽ ചെയ്യുന്നതിന് പകരം മറ്റൊരു രാജ്യത്തെയോ സംവിധാനത്തെയോ പ്രോക്സിയായി ഉപയോഗിച്ച് കേസ് ഫയൽ ചെയ്യാനാണ് സാധ്യതയെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 

കുർദിസ്താൻ വർക്കേഴ്സ് പാർട്ടി (പി.കെ.കെ)യുമായുള്ള തുർക്കിയയുടെ സംഘർഷം നാല് പതിറ്റാണ്ടുകളായി തുടരുകയാണ്. കുർദ് രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും തുർക്കിയ സർക്കാർ അടിച്ചമർത്തുന്നതായി മനുഷ്യാവകാശ സംഘടനകൾ വർഷങ്ങളായി വിമർശനം ഉന്നയിക്കുന്നുണ്ട്. കുർദ് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കുർദ് ജനവിഭാഗത്തെയല്ല, രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയായ പി.കെ.കെ പോലുള്ള തീവ്രവാദ സംഘടനകളെയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് തുർക്കിയയുടെ നിലപാട്. 

Tags:    
News Summary - Netanyahu, holding ICC arrest warrant, wants to build case against Turkey's Erdogan; demands probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.