സെർജിയോ ഗോർ
പഞ്ചാബിലെ സുവർണ്ണക്ഷേത്രം സന്ദർശിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ; ‘ഇത് പ്രത്യേക സ്ഥലം’
അമൃത്സർ: യുഎസ് അംബാസഡർ സെർജിയോ ഗോർ അമൃത്സറിലെ സുവർണ്ണക്ഷേത്രം സന്ദർശിച്ചു. തിങ്കളാഴ്ച 28 അംഗ സംഘത്തോടൊപ്പമാണ് അദ്ദേഹം അമൃത്സറിലെത്തിയത്. സുവർണ്ണക്ഷേത്രം, ജാലിയൻവാലാബാഗ്, വിഭജന മ്യൂസിയം എന്നിവിടങ്ങളിലെ സന്ദർശനം അവിസ്മരണീയമായ ദിവസം ആയിരുന്നുവെന്ന് സെർജിയോ എക്സിൽ കുറിച്ചു.
സുവർണ്ണക്ഷേത്രത്തിൽ എത്തിയ അമേരിക്കൻ പ്രതിനിധി സംഘത്തെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രസിഡന്റ് ഹർജീന്ദർ സിങ് ധാമിയും അകാൽ തഖ്ത് ജതേദാർ ഗ്യാനി കുൽദീപ് സിങ് ഗർഗജ്ജും ചേർന്ന് സ്വീകരിച്ചു. ഹർമന്ദിർ സാഹിബിലെ പവിത്രമായ ചടങ്ങുകൾ, ഗുർബാനി കീർത്തൻ, ഗുരു ഘറിലെ സേവാ പാരമ്പര്യം എന്നിവയെക്കുറിച്ച് അംബാസഡറിന് വിശദീകരണം നൽകി.
സന്ദർശക പുസ്തകത്തിൽ ഏകദേശം 15 വർഷം മുൻപ് താൻ സന്ദർശിച്ച ഈ പ്രത്യേക സ്ഥലത്തേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സെർജിയോ എഴുതി. അദ്ദേഹത്തിന് സുവർണ്ണക്ഷേത്രത്തിന്റെ മാതൃക, മതപുസ്തകങ്ങൾ, ശാല എന്നിവ ഉപഹാരമായി നൽകി.
ഹർമന്ദിർ സാഹിബ് മുഴുവൻ മനുഷ്യരാശിക്കും ആത്മീയ പ്രചോദനത്തിന്റെ കേന്ദ്രമാണെന്നും, എല്ലാ മതത്തിലും വിഭാഗത്തിലും രാജ്യത്തിലും പെട്ട ആളുകൾ യാതൊരു വിവേചനവുമില്ലാതെ ഇവിടെ എത്തുന്നുണ്ടെന്നും ഹർജീന്ദർ സിങ് ധാമി പറഞ്ഞു. ഗുരു ഗ്രന്ഥ സാഹിബിന്റെ തത്വശാസ്ത്രം മുഴുവൻ മനുഷ്യരാശിക്കും സമത്വത്തിന്റെയും സേവനത്തിന്റെയും എല്ലാവരുടെയും ക്ഷേമത്തിന്റെയും സന്ദേശം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയിൽ മിസ്റ്റർ സിങ്ങിനോട് സ്വയം നാടുകടത്താൻ ആവശ്യപ്പെടുന്ന പോസ്റ്റർ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട സമീപകാല വിഷയവും എസ്‌ജിപിസി പ്രസിഡന്റ് യുഎസ് പ്രതിനിധി സംഘവുമായി ചർച്ച ചെയ്തു. എസ്‌ജിപിസി എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് വിവാദ പോസ്റ്റർ നീക്കം ചെയ്തിരുന്നുവെങ്കിലും, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രതിനിധി സംഘത്തോട് ആവശ്യപ്പെട്ടതായി ധാമി പറഞ്ഞു.
പഞ്ചാബികൾ, പ്രത്യേകിച്ച് സിഖുകാർ, അമേരിക്കയുടെ വികസനത്തിന് വലിയ സംഭാവന നൽകിയിട്ടുണ്ടെന്നും അവിടെ താമസിക്കുന്ന എല്ലാ സമുദായങ്ങളുടെയും സുരക്ഷക്കായി യുഎസ് സർക്കാർ ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും ധാമി പറഞ്ഞു. സെപ്റ്റംബർ 11ന് ഇന്ത്യൻ-അമേരിക്കൻ ഗ്രൂപ്പുകളുടെയും ഡെമോക്രാറ്റിക് നേതാക്കളുടെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് വംശീയ പ്രചാരണം എന്ന് വിശേഷിപ്പിക്കപ്പെട്ട ട്രാൻസ്ഫോർമേഴ്സ് ശൈലിയിലുള്ള പരസ്യം നീക്കം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.