ബിന്യമിൻ നെതന്യാഹു
ഹമാസ് ആക്രമണത്തിന്റെ കുറ്റം സുരക്ഷാ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കുന്നു; നെതന്യാഹുവിനെതിരെ നിയമനടപടിയുമായി മുൻ ഷിൻബെറ്റ് മേധാവി
തെൽ അവീവ്: ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തെക്കുറിച്ച് ലഭിച്ച മുന്നറിയിപ്പുകൾ തങ്ങളിൽ നിന്ന് മറച്ചുവെച്ചുവെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ആരോപണത്തിനെതിരെ നിയമനടപടിയുമായി മുൻ ഷിൻബെറ്റ് മേധാവി റോണൻ ബാർ രംഗത്ത്. നെതന്യാഹുവിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന വലിയ ദുരന്തത്തെക്കുറിച്ച് താൻ കൃത്യസമയത്ത് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പ്രധാനമന്ത്രി അത് അവഗണിക്കുകയായിരുന്നു എന്ന് റോണൻ ബാർ കുറ്റപ്പെടുത്തി. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട രേഖകൾ പരസ്യപ്പെടുത്തണമെന്നും നെതന്യാഹുവിന്റെ ജീവനക്കാരെ സാക്ഷികളായി വിസ്തരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആക്രമണത്തിന് തൊട്ടുമുമ്പുള്ള രാത്രിയിൽ ഹമാസ് ഭീഷണിയെക്കുറിച്ച് റോണനിന് അറിയാമായിരുന്നിട്ടും അത് തന്നോട് പറഞ്ഞില്ലെന്നായിരുന്നു നെതന്യാഹുവിന്റെ പ്രധാന ആരോപണം. എന്നാൽ, യാതൊരു യാഥാർത്ഥ്യവുമില്ലാത്ത ഇത്തരം പ്രചാരണങ്ങളിലൂടെ നെതന്യാഹു സ്വന്തം വീഴ്ചകളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണെന്ന് റോണൻ ബാർ തിരിച്ചടിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി തന്റെ ഉത്തരവാദിത്തം അംഗീകരിക്കാൻ തയാറാകാത്ത പ്രധാനമന്ത്രി, സ്വതന്ത്രമായ ഔദ്യോഗിക അന്വേഷണ കമീഷൻ രൂപീകരിക്കുന്നത് തടയാൻ എല്ലാ അടവുകളും പയറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബർ 7-ലെ ആക്രമണത്തിന് മുമ്പ് വിദേശ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളുടെ വിവരങ്ങളും രേഖകളും പുറത്തുവിടണമെന്ന് റോണൻ ആവശ്യപ്പെട്ടു. ആക്രമണ മുന്നറിയിപ്പുകൾ അവഗണിച്ച പ്രധാനമന്ത്രി, ഇപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ തലയിൽ കുറ്റം കെട്ടിവെക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തുകയാണ്. ശത്രുവിനെതിരെയാണ് മുൻകരുതൽ ആക്രമണം നടത്തേണ്ടത് അല്ലാതെ സ്വന്തം രാജ്യത്തെ സുരക്ഷാ സേനക്ക് എതിരെയല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
അതിനിടയിൽ, പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദർശന വിവരങ്ങൾ മുൻകൂട്ടി പുറത്തുവിട്ട ചാനൽ 12ന്റെ നടപടിക്കെതിരെ ഷിൻബെറ്റ് സുരക്ഷാ വിഭാഗം പരാതി നൽകി. പ്രധാനമന്ത്രിയുടെയും സംഘത്തിന്റെയും സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതായിരുന്നു ഈ വെളിപ്പെടുത്തലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഒക്ടോബർ 7 മുന്നറിയിപ്പുകളുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾക്കെതിരെ താനും നിയമനടപടി സ്വീകരിക്കുമെന്ന് നെതന്യാഹു അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.