എഫ്.ബി.ഐയുടെ മോസ്റ്റ് വാണ്ടഡ് പിടികിട്ടാപ്പുള്ളിയായി ഗോൾഡി ബ്രാർ; വിവരം നൽകുന്നവർക്ക് 10 ലക്ഷം യു.എസ് ഡോളർ പാരിതോഷികം
വാഷിങ്ടൺ: പഞ്ചാബ് സ്വദേശിയായ സതീന്ദർജീത് സിങ് എന്ന ഗോൾഡി ബ്രാറിനെ അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പത്ത് മോസ്റ്റ് വാണ്ടഡ് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം യു.എസ് ഡോളർ (ഏകദേശം 9.5 കോടി രൂപ) പാരിതോഷികവും എഫ്.ബി.ഐ പ്രഖ്യാപിച്ചു.
സെപ്റ്റംബർ 28നാണ് നടപടി പ്രഖ്യാപിച്ചത്. എഫ്.ബി.ഐയുടെ പട്ടികയിൽ ഉൾപ്പെടുന്ന 543ാമത്തെ വ്യക്തിയാണ് ഗോൾഡി ബ്രാർ. വടക്കേ അമേരിക്കയിലെ ലോറൻസ് ബിഷ്‌ണോയ് ഗ്രൂപ്പിന്റെ നേതാവാണ് ഗോൾഡി ബ്രാർ. അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ കൊലപാതകം, വെടിവെപ്പ്, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തി പണം തട്ടൽ, മയക്കുമരുന്ന്, ആയുധ കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഈ സംഘത്തിന് പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം.
ലോസ് ആഞ്ചലസിലെ യു.എസ് ഡിസ്ട്രിക്ട് കോടതിയിൽ ഗോൾഡി ബ്രാറിനെതിരെ നിരവധി ഫെഡറൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 2026 ജൂലൈ ഒന്നിനാണ് ഗോൾഡി ബ്രാറിനെതിരെ യു.എസിൽ ഫെഡറൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്ന് എഫ്.ബി.ഐ അറിയിച്ചു. ‘ഓപറേഷൻ ഹാർഡ്ബോൾ’ അന്വേഷണത്തിന്റെ ഭാഗമായാണ് കേസുകൾ. 2026 ജൂലൈയിൽ മൂന്ന് സംഘടനകളുമായി ബന്ധമുള്ള 37 പേർക്കെതിരെ യു.എസ് അധികൃതർ കുറ്റം ചുമത്തിയിരുന്നു.
2023 ജൂണിൽ കാനഡയിൽ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്താൻ ലോറൻസ് ബിഷ്ണോയിയും ഗോൾഡി ബ്രാറും ഉത്തരവിട്ടെന്ന് യു.എസ് കുറ്റപത്രത്തിൽ പറയുന്നു. ഹർദീപ് സിങ് നിജ്ജാർ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിൽ നേരത്തെ നയതന്ത്ര തർക്കം രൂക്ഷമായിരുന്നു. 2024 മാർച്ച് മുതൽ 2025 ജൂലൈ വരെ ലോസ് ആഞ്ചലസ് മേഖലയിലെ എതിരാളികളായ മയക്കുമരുന്ന് സംഘങ്ങളിൽനിന്ന് ഏകദേശം 520 കിലോഗ്രാം കൊക്കെയ്ൻ ബിഷ്ണോയ് സംഘവുമായി ബന്ധപ്പെട്ടവർ മോഷ്ടിച്ചതായും എഫ്.ബി.ഐയുടെ കുറ്റപത്രത്തിൽ പറയുന്നു.
ഗോൾഡി ബ്രാർ ആയുധധാരിയും അപകടകാരിയുമാകാമെന്നും ഇയാളെ നേരിട്ട് സമീപിക്കരുതെന്നും എഫ്.ബി.ഐ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഗോൾഡി ബ്രാർ എവിടെയാണെന്ന് അറിയാവുന്നവർ എഫ്.ബി.ഐയെയോ പ്രാദേശിക നിയമ നിർവഹണ ഏജൻസിയെയോ അല്ലെങ്കിൽ അടുത്തുള്ള യു.എസ് എംബസിയെയോ കോൺസുലേറ്റിനെയോ ബന്ധപ്പെടാനും എഫ്.ബി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.