ബോബ് വൈലൻ

'നിശ്ശബ്ദത ഒരു മാർഗമല്ല, ഞങ്ങൾ തിരിച്ചു വരും, ഫലസ്തീനിലെ ജനങ്ങൾ വേദനിക്കുന്നു'; ഇസ്രായേൽ സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ച ബോബ് വൈലന് യു.കെയിലെയും യൂറോപ്പിലെയും സംഗീത പരിപാടികളിൽ വിലക്ക്

​ലണ്ടൻ: ഫലസ്തീനികൾക്ക് പിന്തുണയറിയിച്ച് ഇസ്രായേൽ സൈന്യത്തിനെതിരെ ഗ്ലാസ്റ്റൺബറി സംഗീതോത്സവത്തിൽ മുദ്രാവാക്യം വിളിച്ച ബ്രിട്ടീഷ് പങ്ക്-റാപ്പ് ജോഡിയായ ബോബ് വൈലനെ യു.കെയിലെയും യൂറോപ്പിലെയും നിരവധി സംഗീത പരിപാടികളിൽ നിന്ന് ഒഴിവാക്കി.​​ ​​​'ഫ്രീ ​ഫ്രീ ഫലസ്തീൻ, ഡെത്ത് ഡെത്ത് ടു ദ ഐ.ഡി.എഫ്'(ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്) എന്നീ മുദ്രാവാക്യങ്ങളാണ് പരിപാടിക്കിടെ വൈലൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞത്. ഇതോടെയാണ് യൂറോപ്പിലെതടക്കമുള്ള സംഗീത പരിപാടികളിൽ നിന്ന് വൈലൻ വിലക്ക് നേരിടുന്നത്.

ശനിയാഴ്ച നടക്കുന്ന മാഞ്ചസ്റ്ററിലെ റഡാർ ഫെസ്റ്റിവലിലെ രണ്ട് പ്രധാനപരിപാടികളിൽ വൈലന്റെ പാട്ട് ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ വൈലൻ ആ പരിപാടികളിൽ പാടില്ലെന്ന് ഇൻസ്റ്റഗ്രാം വഴി റാപ്പ് ഗ്രൂപ്പ് അറിയിച്ചു.

​​''നിശ്ശബ്ദത ഒരു മാർഗമല്ല... മാഞ്ചസ്റ്റർ, ഞങ്ങൾ തിരിച്ചുവരും. ഞങ്ങൾ സുഖമായിരിക്കും. ഫലസ്തീനിലെ ജനങ്ങൾ വേദനിക്കുന്നു''-എന്നായിരുന്നു അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറി.

യൂറോപ്പിലുടനീളമുള്ള പരിപാടികളിൽ നിന്ന് വിലക്കിയതിന് പിന്നാലെയാണ് യു.കെയിലും വൈലൻ വിലക്ക് നേരിടുന്നത്. അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രാദേശിക അധികൃതരിൽ നിന്നുള്ള സമ്മർദവും യുനൈറ്റഡ് ടാലന്റ് ഏജൻസിയിൽ നിന്ന് ബാൻഡ് അടുത്തിടെ വേർപിരിഞ്ഞതുമാണ് പരിപാടി വിലക്കാൻ കാരണമെന്നാണ് അറിയുന്നത്. കലാകാരൻമാരുടെ ആവിഷ്‍കാര സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നുണ്ടെന്നും എന്നാൽ മറ്റുമാർഗങ്ങളില്ലെന്നും സംഘാടകർ കൂട്ടിച്ചേർത്തു. ഈ വർഷാവസാനം ജർമനിയിൽ നടക്കുന്ന ലൈവ് മ്യൂസിക് ഹാൾ വേദിയിൽ നിന്ന് യു.എസ് ബാൻഡായ ഗോഗോൾ ബോർഡെല്ലോയെ വിലക്കാനും നിർദേശമുണ്ട്.

ദിവസങ്ങൾക്ക് മുമ്പാണ് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് ബോബ് വൈലന്റെ വിസ റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. വൈലന്റെ പാട്ട് വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നും വിദേശികൾ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഇതു സംബന്ധിച്ച് സ്റ്റേറ്റ് ഡിപാർട്മെന്റിന്റെ വിശദീകരണം. അക്രമത്തെയും വിദ്വേഷത്തെയും മഹത്വവത്കരിക്കുന്ന വിദേശികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യില്ലെന്നും സ്റ്റേറ്റ് ഡിപാർട്മെന്റ് വക്താവ് ടാമി ബ്രൂസ് വ്യക്തമാക്കി.

ബ്രിട്ടനിലെ ഗ്ലാസ്റ്റൺബറി ഫെസ്റ്റിവലിൽ വെച്ചായിരുന്നു ഇസ്രായേൽ സൈന്യത്തി​നെതിരെ വൈലൻ മുദ്രാവാക്യം വിളിച്ചത്. മരണം, ഐ.ഡി.എഫിന് മരണം, ഫലസ്തീൻ സ്വതന്ത്രമാകണം എന്നും അ​ദ്ദേഹം ഉച്ചത്തിൽ മൈക്കിലൂടെ വിളിച്ചു പറയുകയുണ്ടായി. വൈലന്റെ മുദ്രാവാക്യം പിന്നീട് കാണികളും ഏറ്റുവിളിച്ചു. പിന്നാലെ നിരവധി പേർ ഫലസ്തീൻ പതാകകളും ഉയർത്തിക്കാണിച്ചു.

എന്തൊക്കെ പ്രതിബന്ധങ്ങൾ നേരിട്ടാലും തന്റെ പ്രവർത്തനത്തിൽ ഉറച്ചുനിൽക്കുന്നതായി വൈലൻ സമൂഹ മാധ്യമം വഴി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച ഗ്ലാസ്ബെറിയിൽ ആ സംഗീത പരിപാടി നടക്കുന്നത് വരെ മുഖ്യധാര ഓഡിയൻസിന് അറിയപ്പെടാത്ത മുഖമായിരുന്നു ബോബ് വൈലൻ. 20 ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട് വൈലൻ. എന്നാൽ ഇസ്രായേൽ സൈന്യത്തിന്റെ മരണം വേണമെന്ന് മുദ്രാവാക്യം മുഴക്കിയതോടെ വൈലനെ ലോകമെങ്ങും അറിഞ്ഞു.  

News Summary - UK pop duo Bob Vylan dropped from multiple festivals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.