ടോണി ബർക്ക്
കാൻബറ: ഇറാനിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് അടുത്ത ആറുമാസത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി ആസ്‌ട്രേലിയ. നിലവിൽ സാധുവായ വിസയുള്ളവർക്കും വ്യാഴാഴ്ച മുതൽ ഈ നിയന്ത്രണം ബാധകമാകും. വിസ കാലാവധി കഴിഞ്ഞാലും ഇറാൻ പൗരന്മാർ തിരികെ പോകാൻ സാധ്യതയില്ലെന്ന ആശങ്ക മുൻനിർത്തിയാണ് ആഭ്യന്തര മന്ത്രി ടോണി ബർക്ക് ഈ വിവാദ ഉത്തരവിറക്കിയത്.
സർക്കാരിന്റെ ഈ പെട്ടെന്നുള്ള തീരുമാനം ഏതാണ്ട് 6,800ഓളം ഇറാൻ വിസ ഉടമകളെ നേരിട്ട് ബാധിക്കും. ആസ്‌ട്രേലിയൻ പൗരന്മാരുടെ പങ്കാളികൾ, കുട്ടികൾ എന്നിവർക്ക് മാത്രമാണ് ഇതിൽ ഇളവ് നൽകിയിട്ടുള്ളത്. പൗരന്മാരുടെ മാതാപിതാക്കളുടെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകിയേക്കും. എന്നാൽ മറ്റെല്ലാ സന്ദർശകർക്കും വിലക്ക് ബാധകമാണ്.
ആസ്‌ട്രേലിയയിലെ സ്ഥിരതാമസം എന്നത് സർക്കാരിന്റെ ബോധപൂർവമായ തീരുമാനമാകണം. അല്ലാതെ അവധിക്കാലം ആഘോഷിക്കാൻ എത്തുന്നവർ ഇവിടെ തങ്ങുന്നത് അങ്ങനെയല്ല ടോണി ബർക്ക് വ്യക്തമാക്കി. ആഗോളതലത്തിൽ മാറിമറയുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചും ദേശീയ താൽപ്പര്യം മുൻനിർത്തിയുമാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ തീരുമാനം ധാർമ്മികമായ പരാജയമാണെന്ന് മനുഷ്യാവകാശ പ്രവർത്തകരും എം.പിമാരും ആരോപിച്ചു. ഇറാൻ പൗരന്മാർ ഏറ്റവും കൂടുതൽ സുരക്ഷ ആഗ്രഹിക്കുന്ന സമയത്ത് ആസ്‌ട്രേലിയ വാതിലുകൾ കൊട്ടിയടക്കുന്നത് വഞ്ചനയാണെന്ന് അസൈലം സീക്കർ റിസോഴ്സ് സെന്റർ കുറ്റപ്പെടുത്തി. ഇറാൻ ജനതയെ സഹായിക്കാനാണ് യു.എസ്-ഇസ്രായേൽ യുദ്ധത്തെ പിന്തുണക്കുന്നത് എന്ന ലേബർ സർക്കാരിന്റെ വാദം കപടമാണെന്ന് ഗ്രീൻസ് സെനറ്റർ ഡേവിഡ് ഷോബ്രിഡ്ജ് പറഞ്ഞു.
നിയമപരമായി വിസ നേടിയവരെ തടയുന്നത് ആസ്‌ട്രേലിയയുടെ കുടിയേറ്റ സംവിധാനത്തിലുള്ള വിശ്വാസം തകർക്കുമെന്നും ഇത് അപകടകരമായ കീഴ്‌വഴക്കമാണെന്നും സ്വതന്ത്ര എം.പി സാലി സ്റ്റെഗ്‌ഗൽ മുന്നറിയിപ്പ് നൽകി. ഇറാൻ വനിതാ ഫുട്ബോൾ ടീമിലെ അംഗങ്ങൾക്ക് ആസ്‌ട്രേലിയ മാനുഷിക വിസ അനുവദിച്ചതിന് പിന്നാലെയാണ് സാധാരണക്കാരായ വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയതെന്നതും ശ്രദ്ധേയമാണ്. നിലവിൽ ഇറാൻ പൗരന്മാർക്ക് മാത്രമാണ് ആസ്‌ട്രേലിയ ഈ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.