ഗസ്സ സിറ്റി: ഗസ്സയിലെ യുദ്ധം മൂലം പൊണ്ണത്തടി കുറയുമെന്നും അത് അവിടെയുള്ളവരുടെ ആയുർദൈർഘ്യം വർധിപ്പിക്കുമെന്നും പരാമർശം നടത്തിയ യു.കെ ആസ്ഥാനമായുള്ള ഇസ്രായേൽ അനുകൂല അഭിഭാഷക ഗ്രൂപ്പിനെതിരെ കടുത്ത വിമർശനം. മാസത്തിലേറെയായുള്ള ഇസ്രായേൽ ഉപരോധം മൂലം ഗസ്സയിലെ ഭക്ഷ്യക്ഷാമത്തെയും കൊടിയ പട്ടിണിയെയും കുറിച്ചുള്ള മുന്നറിയിപ്പുകൾക്കിടയിൽ യു.കെ ലോയേഴ്‌സ് ഫോർ ഇസ്രായേൽ (യു.കെ.എൽ.എഫ്.ഐ) നടത്തിയ ക്രൂരമായ അധിക്ഷേപത്തെ ഫലസ്തീൻ സോളിഡാരിറ്റി കാമ്പെയ്ൻ ശക്തമായി അപലപിച്ചു.
ഗസ്സ മുനമ്പിലെ കുട്ടികൾ പട്ടിണി, രോഗം, മരണം എന്നിവയുടെ വർധിച്ചുവരുന്ന അപകടസാധ്യത നേരിടുമ്പോൾ ശരീരഭാരം കുറക്കുന്നതിലൂടെ അവർക്ക് പ്രയോജനം ലഭിക്കുമെന്ന ‘യു.കെ ലോയേഴ്‌സ് ഫോർ ഇസ്രായേൽ’ മേധാവിയുടെ പരാമർശം തികച്ചും പ്രതിലോമകരമാണ്. ‘ഇസ്രായേലിനുവേണ്ടി’ എന്നതിന്റെ അർത്ഥമെന്താണെന്നും ഗസ്സയിലെ വംശഹത്യയെ ന്യായീകരിക്കാനുള്ള ശ്രമങ്ങളിൽ അവർ എത്രത്തോളം താഴ്ന്ന നിലയിലാണെന്ന് ഈ വെറുപ്പുളവാക്കുന്ന അഭിപ്രായങ്ങൾ കൃത്യമായി വ്യക്തമാക്കുന്നുവെന്നും പി.എസ്.സി ഡയറക്ടർ ബെൻ ജമാൽ പ്രതികരിച്ചു.
യു.കെ.എൽ.എഫ്.ഐയുടെ രക്ഷാധികാരികളിൽ മുൻ സുപ്രീംകോടതി ജഡ്ജി ജോൺ ഡൈസൺ, മുൻ കൺസർവേറ്റിവ് നേതാവ് മൈക്കൽ ഹോവാർഡ്, മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണെയും അന്തരിച്ച ബ്രിട്ടീഷ് രാജ്ഞിയെയും പ്രതിനിധീകരിച്ചിരുന്ന ഡേവിഡ് പാനിക് കെസി എന്നിവരും ഉൾപ്പെടുന്നു.
ഗ്രൂപ്പിന്റെ വാർഷിക പൊതുയോഗത്തിൽ ചർച്ച ചെയ്ത ഗസ്സ അനുകൂല പ്രമേയത്തിന് മറുപടിയായി യു.കെ.എൽ.എഫ്.ഐയുടെ ചീഫ് എക്സിക്യൂട്ടിവ് ജോനാഥൻ ടർണർ ആണ് ഈ പരാമർശങ്ങൾ നടത്തിയത്. സഹകരണ കൗൺസിലിനോട് പ്രമേയം പിൻവലിക്കാൻ ആവശ്യപ്പെട്ട ടർണർ,186000 പേരുടെ മരണസംഖ്യയെ അത് തെറ്റായി ഉദ്ധരിക്കുന്നുവെന്ന് വിമർശിച്ചു. കഴിഞ്ഞ വർഷം ലാൻസെറ്റ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ നിന്നുള്ള കണക്ക് ‘തികച്ചും തെറ്റിദ്ധരിപ്പിക്കുന്നത്’ ആണെന്ന് സഹകരണ ഗ്രൂപ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ടർണർ എഴുതി. അത് പരോക്ഷമായ മരണങ്ങൾ ഉൾപ്പെടെയുള്ള കണക്കായിരുന്നുവെന്നാണ് ഉന്നയിച്ച വാദം.
‘ലാൻസെറ്റിന്റെ റിപ്പോർട്ട് ഗസ്സയിലെ ശരാശരി ആയുർദൈർഘ്യം വർധിപ്പിക്കുന്ന ഘടകങ്ങളെ അവഗണിച്ചു. നിലവിലെ യുദ്ധത്തിന് മുമ്പ് ഗസ്സയിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളിലൊന്ന് അമിതവണ്ണമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ’യാണ് അതെന്നും ടർണർ അവകാശപ്പെട്ടു.
ഇസ്രായേൽ ഗസ്സയിൽ ആക്രമണം ആരംഭിച്ചതിനുശേഷം മരിച്ചവരുടെ എണ്ണം 52,000ത്തിലധികമാണെന്ന് ഗസ്സ ആരോഗ്യ അധികൃതർ പറയുന്നു. യുദ്ധത്തിന്റെ ആദ്യ 12 മാസങ്ങളിൽ ഗസ്സയിലെ ആയുർദൈർഘ്യം 34.9 വർഷം കുറഞ്ഞതായി ഒരു പ്രത്യേക പഠനത്തിൽ ലാൻസെറ്റ് കണ്ടെത്തി. യുദ്ധത്തിനു മുമ്പുള്ള 75.5 വർഷത്തെ അപേക്ഷിച്ച് പകുതി (-46.3ശതമാനം)യോളമാണിത്.
അഭിപ്രായങ്ങൾ ക്രൂരമായ വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് ‘കൗൺസിൽ ഫോർ അറബ് ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിങ്ങി’ന്റെ ഡയറക്ടർ ക്രിസ് ഡോയൽ ‘എക്‌സിൽ’ എഴുതി. 2.3 ദശലക്ഷം ഫലസ്തീനികളെ അവരുടെ പൊണ്ണത്തടിയുടെ അളവ് മെച്ചപ്പെടുത്തുന്നതിനായി ‘നിർബന്ധിത ഭക്ഷണക്രമത്തിൽ’ ഉൾപ്പെടുത്തുന്നത് ഇസ്രായേൽ എത്ര ‘ദയാലുവാണെ’ന്ന് കാണിക്കുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.
യു.കെ.എൽ.എഫ്.ഐയുടെ പരാതിയെത്തുടർന്ന് 2023ൽ ലണ്ടനിലെ ചെൽസിയും വെസ്റ്റ്മിൻസ്റ്റർ ആശുപത്രിയും ഫലസ്തീൻ കുട്ടികളുടെ ഒരു കലാസൃഷ്ടി നീക്കം ചെയ്യാൻ നിർബന്ധിതരായിരുന്നു. ജൂത രോഗികളെ ‘ദുർബലരും, ഉപദ്രവിക്കപ്പെടുന്നവരും, ഇരകളാക്കപ്പെടുന്നവരുമാക്കി’ എന്ന് സംഘം അവകാശപ്പെട്ടതിനെത്തുടർന്നായിരുന്നു അത്. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതിക്കുള്ള 30തോളം ലൈസൻസുകൾ താൽക്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യു.കെ സർക്കാറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.