ഗസ്സയിലെ മരണ നിരക്ക് ഹമാസ് നിയന്ത്രിക്കുന്ന ആരോഗ്യ മന്ത്രാലയത്തിന്‍റെ പെരുപ്പിച്ച കണക്കാണെന്ന ഇസ്രായേലിന്‍റെയും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളുടെയും വാദങ്ങളെ ഐ.ഡി.എഫ് തന്നെ ഖണ്ഡിക്കുന്നു.
ഏതാനും ആഴ്ചകൾക്കുമുമ്പ് ‘ദി ഗാർഡിയൻ’ പുറത്തുവിട്ട ഐ.ഡി.എഫിന്‍റെ മിലിറ്ററി ഇന്‍റലിജൻസ് ഡേറ്റാബേസിലെ രഹസ്യ റിപ്പോർട്ടിലാണ് ഈ സൂചനയുള്ളത്. ഈ റിപ്പോർട്ട് പ്രകാരം ഗസ്സയിൽ കൊല്ലപ്പെട്ട ആറുപേരിൽ അഞ്ചും സിവിലിയന്മാരാണ്. ഈ വർഷം മേയ് വരെയുള്ള ഐ.ഡി.എഫ് കണക്കുപ്രകാരം ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നിവയുമായി ബന്ധപ്പെട്ട 8,900 പേരാണ് കൊല്ലപ്പെട്ടത്. ഇതും സുവ്യക്തമായ കണക്കല്ല, കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന ഉപാധിയോടെയാണ് ഐ.ഡി.എഫ് റിപ്പോർട്ടിൽ ഈ ഭാഗമുള്ളത്.
സ്വാഭാവികമായും ശത്രുസൈന്യം കുറച്ച് കൂട്ടിപ്പറയുമെന്ന് കരുതിയാൽ പോലും ഈ കണക്ക് പ്രകാരം 83 ശതമാനം മരണവും സാധാരണക്കാരുടേതാണ്. സായുധ സംഘാംഗങ്ങൾ എന്ന് ഐ.ഡി.എഫ് വിശേഷിപ്പിച്ച 8,900 ആൾക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച സ്ഥിരീകരണം മറുവശത്തുനിന്ന് ഉണ്ടായിട്ടില്ല.
(അവലംബം: ഫലസ്തീൻ ആരോഗ്യ മന്ത്രാലയം, ഗസ സർക്കാർ മീഡിയ ഓഫീസ് | 2025 ഒക്ടോബർ 1)
പ്രഫഷനൽ സൈനികർക്ക് യുദ്ധമുഖത്ത് ഏൽക്കുന്ന പരിക്കിന് തുല്യമായ ക്ഷതങ്ങളാണ് സാധാരണക്കാർക്ക് ഗസ്സയിൽ ഏൽക്കുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണലിന്‍റെ കണ്ടെത്തൽ. കൊല്ലാനായി സൈനികർ പരസ്പരം വെടിവെക്കുന്നതുപോലെ നിരായുധരായ സാധാരണക്കാർക്കു നേരെ ഐ.ഡി.എഫ് വെടിവെക്കുകയാണ് എന്നാണ് ഇതോടെ വ്യക്തമാകുന്നത്.
സാധാരണ ഗതിയിൽ ഇത്തരം സംഘർഷ മേഖലകളിൽ സിവിലിയൻ ജനതക്ക് ഏൽക്കുന്ന വെടിയുണ്ടകൾ കൂടുതലും കാലുകളിലായിരിക്കും. പക്ഷേ, കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെ മുന്നിൽ കാണുന്നവരുടെയെല്ലാം നെഞ്ചിലും തലയിലും ഉന്നം പിടിക്കുകയാണ് ഐ.ഡി.എഫ്. കുട്ടികൾക്കുവരെ തലയിൽ പരിക്കേറ്റിട്ടുണ്ട്.
ചിലർക്ക് സംഭവിച്ച പരിക്കുകൾ യുദ്ധമുഖത്തുണ്ടാകുന്നതിലും മാരകമാണെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. പക്ഷേ, പരിക്കുകളോടെ അതിജീവിച്ചവരുടെ കണക്കുകൾ മാത്രമാണ് ഈ സംഘം പരിശോധിച്ചത്. മൃതദേഹങ്ങൾ പരിശോധിക്കാനുള്ള പോസ്റ്റ്മോർട്ടം സംവിധാനമൊന്നും ഗസ്സയിൽ ഇല്ലാത്തതിനാൽ യഥാർഥ ചിത്രം ഇതിലും ഭീകരമാകുമെന്ന് ഉറപ്പാണ്. ബ്രിട്ടൻ, യു.എസ്, കാനഡ, യൂറോപ്യൻ യൂനിയൻ എന്നിവിടങ്ങളിൽ നിന്നുള്ള 22 എൻ.ജി.ഒകളിലെ 78 വിദഗ്ധ ഡോക്ടർമാരാണ് ഈ പഠനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.