മാഞ്ചസ്റ്ററിലെ ജൂതദേവാലയത്തിൽ ആക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു, മൂന്നുപേർക്ക് ഗുരുതര പരിക്ക്

ലണ്ടൻ: വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജൂതദേവാലയത്തിലുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. അക്രമിയെ പൊലീസ് വെടിവെച്ച് വീഴ്ത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. അക്രമി കൊല്ലപ്പെട്ടതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു.

ആൾകൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റുകയായിരുന്നു അക്രമി. സംഭവം തീവ്രവാദി ആക്രമണമായി കണക്കാക്കുന്നുവെന്ന് യുനൈറ്റഡ് കിങ്ഡം പൊലീസ് അറിയിച്ചു.

(photo: Paul Currie / AFP)

ക്രംപ്സലിലെ ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിലാണ് അക്രമമുണ്ടായത്. ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരിനിടെ പ്രാദേശിക സമയം രാവിലെ 9.30ഓടെ സിനഗോഗിന് പുറത്തുവെച്ചായിരുന്നു സംഭവം.

ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കെട്ടിടത്തിന് പുറത്ത് രണ്ട് ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥർ നിലത്തുനിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്ന അക്രമിയെ വെടിവെച്ച് വീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

സംഭവത്തെ തുടർന്ന് ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ നടക്കുന്ന യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂനിറ്റിയുടെ ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജ്യത്തേക്ക് തിരിച്ചു. ബ്രിട്ടനിലുടനീളമുള്ള സിനഗോഗുകളിൽ കൂടുതൽ സുരക്ഷക്കായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് സ്റ്റാർമർ പറഞ്ഞു.

സംഭവത്തിൽ ചാൾസ് രാജാവ് ഞെട്ടൽ രേഖപ്പെടുത്തി.
രാഷ്ട്രീയ അക്രമം മതവിദ്വേഷമായി മാറുമോ എന്ന ഭയം ജൂതർക്കിടയിൽ വർധിക്കാൻ ഈ സംഭവം ഇടയാക്കുമെന്ന് ഗ്രേറ്റ് ബ്രിട്ടനിലെ റബ്ബിക് കോടതിയുടെ തലവനായ റബ്ബി ജോനാഥൻ റൊമെയ്ൻ പറഞ്ഞു.
അക്രമത്തെ അപലപിക്കുന്നതായും യോം കിപ്പൂരിനിടെയുണ്ടായ ആക്രമണം കൂടുതൽ ദുഃഖകരമായെന്നും മുസ്‌ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ പ്രതികരിച്ചു.

Tags:    
News Summary - Two killed in attack near Manchester synagogue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.