ടോക്കിയോ: സോഷ്യൽ മീഡിയയിൽ തരംഗമായ 'പഞ്ച്' എന്ന കുട്ടികുരങ്ങിന്‍റെ കൂട്ടിലേക്ക് അതിക്രമിച്ചു കയറിയ രണ്ട് അമേരിക്കൻ യുവാക്കൾ ജപ്പാനിൽ അറസ്റ്റിലായി. ടോക്കിയോയുടെ പ്രാന്തപ്രദേശമായ ചിബയിലെ ഇച്ചികാവ സിറ്റി മൃഗശാലയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ക്രിപ്റ്റോ കറൻസി പരസ്യങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം വിചിത്രമായ ഇമോജി തലവച്ച നീല സ്യൂട്ട് ധരിച്ചാണ് ഒരു യുവാവ് കൂട്ടിലേക്ക് ചാടിവീണത്. അമേരിക്കൻ സ്വദേശികളായ റെയ്ഡ് ജഹാനൈ ഡേസൺ (24), നീൽ ജബാഹ്രി ദുവാൻ (27) എന്നിവരെയാണ് ജപ്പാൻ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡേസൺ സുരക്ഷാ വേലി ചാടിക്കടന്ന് കുരങ്ങുകളുടെ കൂട്ടിലേക്ക് ഇറങ്ങിയപ്പോൾ, ദുവാൻ ഈ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തുകയായിരുന്നു.
കൂട്ടിൽ കയറിയ ഡേസന്റെ കൈയിൽ ഒരു പാവയും ഉണ്ടായിരുന്നു. ഇവർ അതിക്രമിച്ചു കയറിയതോടെ കൂട്ടിലുണ്ടായിരുന്ന കുരങ്ങുകൾ പരിഭ്രാന്തരായി ചിതറിയോടിയെങ്കിലും, മൃഗശാലയിലെ സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ ഇവരെ തടഞ്ഞു. പ്രതികൾക്ക് കുരങ്ങുകളുമായി നേരിട്ട് സമ്പർക്കത്തിൽ വരാൻ കഴിഞ്ഞിട്ടില്ലെന്നും പഞ്ച് ഉൾപ്പെടെയുള്ള മൃഗങ്ങൾ സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി. മൃഗശാലയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിനാണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ തങ്ങൾക്കെതിരെയുള്ള കുറ്റാരോപണങ്ങൾ പ്രതികൾ നിഷേധിച്ചു.
ഈ വർഷം ഫെബ്രുവരിയിലാണ് ഇച്ചികാവ മൃഗശാലയിലെ 'പഞ്ച്' എന്ന മക്കാക് ഇനത്തിൽപ്പെട്ട കുരങ്ങുകുട്ടി ലോകമെമ്പാടും വൈറലായത്. പ്രസവത്തിന് പിന്നാലെ അമ്മ ഉപേക്ഷിച്ച പഞ്ചിന്, അതിന്റെ മാനസിക സമ്മർദം കുറക്കാൻ മൃഗശാല ജീവനക്കാർ ഒരു ഒറാങ്ങുട്ടാന്റെ പാവ നൽകിയിരുന്നു. ഈ പാവയെ കെട്ടിപ്പിടിച്ചു നടക്കുന്ന പഞ്ചിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ, ഈ കുഞ്ഞൻ കുരങ്ങനെ കാണാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും സഞ്ചാരികൾ മൃഗശാലയിലേക്ക് ഒഴുകിയെത്താൻ തുടങ്ങിയിരുന്നു.
ഈ ജനപ്രീതി മുതലെടുത്ത് സോഷ്യൽ മീഡിയയിൽ റീൽസ് ചെയ്യാനും ക്രിപ്റ്റോ പ്രൊമോഷൻ നടത്താനുമാണ് അമേരിക്കൻ യുവാക്കൾ അതിക്രമം കാട്ടിയതെന്നാണ് സൂചന. സംഭവത്തെ തുടർന്ന് മൃഗശാലയിലെ സുരക്ഷ കർശനമാക്കുമെന്നും കുരങ്ങുകളുടെ കൂടിന് ചുറ്റും പ്രത്യേക സുരക്ഷാ വലകൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ മൃഗശാലക്കുള്ളിൽ വിഡിയോ ചിത്രീകരിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.