ടെക് ക്യാപ്റ്റൻസ് ക്ലബിലേക്ക് മറ്റൊരു ഇന്ത്യക്കാരൻ കൂടി

സാൻഫ്രാൻസിസ്കോ: ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാളിനെ ട്വിറ്ററിന്‍റെ സി.ഇ.ഒ ആയി നിയമിച്ചതോടെ സിലിക്കൺ വാലിയിലെ ടെക് ഭീമന്മാരുടെ തലപ്പത്ത് മറ്റൊരു ഇന്ത്യൻ സാന്നിധ്യം കൂടിയായി. 

ട്വിറ്റർ ചീഫ് ടെക്നോളജി ഓഫിസർ ചുമതല വഹിക്കുന്നതിനിടെയാണ് കമ്പനിയുടെ തലപ്പത്തെത്തുന്നത്. സഹസ്ഥാപകന്‍ ജാക് ഡോര്‍സിയുടെ പിന്‍ഗാമിയായാണ് ഈ ഇന്ത്യക്കാരന്‍റെ നിയമനം. 45 കാരനായ ഡോര്‍സി ബോര്‍ഡില്‍ തുടരും. മുംബൈ സ്വദേശിയായ പരാഗ്, ബോംബെ ഐ.ഐ.ടിയിൽനിന്നാണ് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയത്. സ്റ്റാൻഫോർഡ് സർവകലാശാലയിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. പിന്നാലെ മൈക്രോസോഫ്റ്റ്, യാഹു, എ.ടി ആൻഡ് ടി ലാബ്സ് എന്നിവിടങ്ങളിൽ ഗവേഷണ വിഭാഗത്തിൽ പ്രവര്‍ത്തിച്ചു. 2011ലാണ് എന്‍ജിനീയറായി അദ്ദേഹം ട്വിറ്ററില്‍ ചേര്‍ന്നത്.

പിന്നാലെ കമ്പനിയുടെ സോഫ്റ്റ് വെയർ എൻജിനീയർ തലപ്പത്തേക്ക് ഉയർന്നു. കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. ട്വിറ്ററിന്‍റെ ആദ്യത്തെ വിശിഷ്ട എൻജിനീയറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. കമ്പനിയുടെ സാങ്കേതിക തന്ത്രങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കി‍യത് അഗ്രവാളായിരുന്നു. 2017 ഒക്ടോബറിലാണ് ചീഫ് ടെക്നോളജി ഓഫിസറായി നിയമിതനാകുന്നത്. ലോകത്തിലെ മുൻനിര ടെക് ഭീമന്മാരുടെ തലപ്പത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒയാണ് പരാഗ്. 37 വയസ്സ്.

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ് കോർപറേഷൻ സി.ഇ.എ സത്യ നദെല്ല, അഡോബ് ഇൻക് സി.ഇ.ഒ ശാന്തനു നാരായൺ, ഇൻറർനാഷനൽ ബിസിനസ്സ് മെഷീൻ കോർപറേഷൻ തലവൻ അരവിന്ദ് കൃഷ്ണ, ആൽഫബെറ്റ് ഇൻക് സി.ഇ.ഒ സുന്ദർ പിച്ചൈ എന്നീ ഇന്ത്യൻ വംശജരുടെ പട്ടികയിലാണ് പരാഗും ഇടംനേടിയത്. അഗ്രവാളിന്‍റെ സാങ്കേതിക വൈദഗ്ധ്യത്തെ പരിവർത്തനം എന്നാണ് ജാക് ഡോർസി സ്ഥാനമൊഴിയുന്ന പത്രക്കുറുപ്പിൽ വിശേഷിപ്പിച്ചത്.

Tags:    
News Summary - Twitter's New CEO Parag Agrawal Joins Club Of India-Born US Tech Captains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.