ന്യൂഡൽഹി: മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്റർ ഇന്ത്യയിൽ പലർക്കും ലഭിക്കുന്നില്ല. വെബ്സൈറ്റ് ലോഗിൻ ചെയ്യാനാകുന്നില്ലെന്ന പരാതിയുമായി നിരവധി പേർ രംഗത്തെത്തി.
'എന്തോ കുഴപ്പം സംഭവിച്ചു, വിഷമിക്കേണ്ട - വീണ്ടും ശ്രമിക്കുക' എന്നാണ് വെബ്സൈറ്റ് ലോഗിൻ ചെയ്യുമ്പോൾ കാണിക്കുന്നത്. ട്വിറ്ററിൽ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടൽ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെയാണ് പലരുടെയും ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷമായത്.
പിരിച്ചുവിടലിന്‍റെ ഭാഗമായി ഓഫിസുകളെല്ലാം താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഓഫിസിലേക്ക് വരേണ്ടെന്നും പിരിച്ചുവിടുന്ന ജീവനക്കാരുടെ വിവരങ്ങൾ ഇ-മെയിൽ വഴി അറിയിക്കാമെന്നുമാണ് ജീവനക്കാർക്ക് കമ്പനി നിർദേശം നൽകിയിരിക്കുന്നത്. ശതകോടീശ്വരൻ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ വലിയൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടുമെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെ കമ്പനിയിൽനിന്ന് പിരിച്ചു വിടേണ്ടവരുടെ പട്ടിക സമർപ്പിക്കാൻ ടീം മാനേജർമാർക്ക് മസ്ക് നിർദേശവും നൽകി.
വ്യാജ അക്കൗണ്ടുകളെ കുറിച്ച് തെറ്റായ വിവരം നൽകിയെന്നാരോപിച്ച് സി.ഇ.ഒ പരാഗ് അഗ്രവാൾ ഉൾപ്പെടെയുള്ള ഉന്നത ജീവനക്കാരെ നേരത്തെ തന്നെ പിരിച്ചുവിട്ടിരുന്നു. 44 ബില്ല്യൺ യു.എസ് ഡോളറിനായിരുന്നു ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്‍ലയുടേയും സ്പേസ് എക്സിന്റെയും ഉടമസ്ഥൻ മസ്ക് ട്വിറ്റർ ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.