ദർവാസാ ഗർത്തം

'നരകവാതിലിലെ' തീ അണയ്ക്കും; പതിറ്റാണ്ടുകളായുള്ള കത്തലവസാനിപ്പിക്കാൻ ഉത്തരവിട്ട് തുർക്മെനിസ്ഥാൻ

ഞ്ച് പതിറ്റാണ്ടുകളായി ഒരു വൻ ഗർത്തം തുർക്മെനിസ്ഥാനിൽ നിന്നുകത്തുകയാണ്. 'നരക വാതിൽ' എന്നറിയപ്പെടുന്ന, പ്രകൃതിവാതകത്താൽ നിറഞ്ഞ 'ദർവാസാ ഗർത്തം' (Darvaza Gas Crater) കാരകും മരുഭൂമിയിൽ 1971 മുതൽ കത്താൻ തുടങ്ങിയതാണ്. ഗർത്തത്തിലെ തീയണക്കാനാണ് തുർക്മെനിസ്ഥാൻ പ്രസിഡന്‍റ് ഗുർബംഗുലി ബെർദിമുഖമെദോവ് ഉത്തരവിട്ടിരിക്കുന്നത്.

70 മീറ്റർ വ്യാസവും 30 മീറ്റർ ആഴവും 5350 ചതുരശ്ര മീറ്റർ വിസ്തീർണവുമുള്ള കൂറ്റൻ കുഴിയാണ് ദർവാസാ. സമ്പന്നമായ പ്രകൃതിവാതകത്തിന്‍റെ സാന്നിധ്യമാണ് പതിറ്റാണ്ടുകളായി ദർവാസാ കത്തിനിൽക്കാൻ കാരണം. രാജ്യത്തെ പ്രധാന വിനോദസഞ്ചാര ആകർഷണങ്ങളിലൊന്നാണ് ദർവാസയെങ്കിലും പരിസ്ഥിതി മലിനീകരണവും ജനങ്ങളുടെ ആരോഗ്യവും വൻതോതിൽ പ്രകൃതിവാതകം നഷ്ടപ്പെടുന്നതും കണക്കിലെടുത്താണ് ഗർത്തത്തിലെ തീയണക്കാൻ പ്രസിഡന്‍റ് ഉത്തരവിട്ടിരിക്കുന്നത്.




 

1971ലാണ് ദർവാസാ ഗർത്തം ജ്വലിച്ചുതുടങ്ങുന്നത്. അന്ന് സോവിയറ്റ് ജിയോളജിസ്റ്റുകൾ കാരകും മരുഭൂമിയിൽ എണ്ണക്ക് വേണ്ടി ഉദ്ഖനനം നടത്തിയിരുന്നു. എണ്ണപ്പാടം തേടിയുള്ള ഖനനത്തിന്‍റെ ഭാഗമായി വലിയ കുഴിയെടുത്തു. എന്നാൽ കുഴി ഇടിയുകയും കൂറ്റൻ ഗർത്തം രൂപപ്പെടുകയും ചെയ്തു. മണ്ണിനടിയിലെ കൂറ്റനൊരു പ്രകൃതിവാതക ഗുഹയാണ് ദർവാസാ ഗർത്തമായി മാറിയത്. ഖനനത്തിന്‍റെ ഭാഗമായി മേൽപ്പാളി അടർന്നുവീണതോടെയാണ് ഗർത്തം വെളിപ്പെട്ടത്.

ഇതോടെ എണ്ണക്കായുള്ള ഇവിടുത്തെ ഖനനം സോവിയറ്റ് അവസാനിപ്പിച്ചു. ഗർത്തത്തിൽ നിന്നും വിഷവാതകങ്ങൾ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നത് തടയാനായി തീയിടുക എന്ന മാർഗമാണ് അവർ സ്വീകരിച്ചത്. ഏതാനും ആഴ്ചകൾക്കൊണ്ട് വാതകങ്ങൾ കത്തിത്തീരും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ, 1971ൽ തുടങ്ങിയ ജ്വലനം അഞ്ച് പതിറ്റാണ്ടുകൾക്കിപ്പുറവും തുടരുകയാണ്.




 

മരുഭൂമിയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണമായി ദർവാസാ ഗർത്തം മാറുകയായിരുന്നു. ഓറഞ്ച് നിറത്തിൽ അഗ്നിജ്വാലകൾ ആകാശത്തേക്ക് നീണ്ടു. സഞ്ചാരികൾ ഇതിന് സാക്ഷിയായി മരുഭൂമിയിൽ ക്യാമ്പ് ചെയ്യാനെത്തി. 'നരകവാതിൽ' എന്ന പേരിൽ ഇവിടം പ്രശസ്തമായി. തീയണക്കാനുള്ള ശ്രമങ്ങൾ അതിനിടെ പലതവണ നടന്നുവെങ്കിലും ഒന്നും വിജയിച്ചില്ല. 2018ൽ 'നരകവാതിൽ' എന്ന വിശേഷണം തുർക്മെനിസ്ഥാൻ ഔദ്യോഗികമായി മാറ്റി 'കാരകുമിന്‍റെ ശോഭ' എന്നാക്കി മാറ്റി.

പ്രകൃതിവാതക ശേഖരം വൻതോതിൽ കത്തിത്തീരുന്നതും ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് പ്രസിഡന്‍റ് തീയണക്കാൻ ഉത്തരവിട്ടതിന് പിന്നിൽ. വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തിക്കൊണ്ടുവന്നെങ്കിലും വിനോദസഞ്ചാരത്തിൽ രാജ്യത്തിന്‍റെ മൊത്തത്തിലുള്ള പിന്നാക്കാവസ്ഥ തിരിച്ചടിയായതും ഇത്തരമൊരു തീരുമാനത്തിന് പിന്നിലുണ്ട്.



(ദർവാസാ ഗർത്തത്തിലെ രാത്രി കാഴ്ച)

 

തീയണക്കാനുള്ള മാർഗം കണ്ടെത്താൻ അധികൃതരോട് നിർദേശിച്ചിരിക്കുകയാണ് പ്രസിഡന്‍റ്. നേരത്തെ, 2010ലും ബെർദിമുഖമെദോവ് തീയണക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ അന്ന് നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇത്തവണ 'നരകത്തിലെ തീ' അണയുമോ അതോ അഞ്ച് പതിറ്റാണ്ടായുള്ള ജ്വലനം തുടരുമോയെന്നതാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 

Tags:    
News Summary - Turkmenistan Announces Plans to Extinguish the Burning Gas Crater

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.