നെതന്യാഹുവിനും ഇസ്രായേൽ മന്ത്രിമാർക്കുമെതിരെ അറസ്റ്റ് വാറണ്ടുമായി തുർക്കിയ

ഇസ്താംബൂൾ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും മറ്റ് മന്ത്രിമാർക്കുമെതിരെ അറസ്റ്റ് വാറണ്ടുമായി തുർക്കിയ. ഗസ്സയിലെ വംശഹത്യയുടെ പേരിലാണ് നടപടി. നെതന്യാഹുവിന് പുറമേ മറ്റ് 37 പേർക്കെതിരെയാണ് വാറണ്ട്. ഇസ്രായേൽ പ്രതിരോധമന്ത്രി കാറ്റ്സ്, സുരക്ഷാമന്ത്രി ഇറ്റാമർ ബെൻഗിവിർ, ആർമി ലഫ്റ്റനന്റ് ജനറൽ ഇയാൽ സാമിർ തുടങ്ങിയവർക്കെല്ലാം തുർക്കിയ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, തുർക്കിയ നിലവിൽ 37 പേരുടേയും പട്ടിക പുറപ്പെടുവിച്ചിട്ടില്ല.

മനുഷ്യത്വത്തിന് ഏതിരായ കുറ്റകൃത്യമാണ് 2023 ഒക്ടോബർ മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത്. 2023 ഒക്ടോബർ 17ന് അൽ-അഹ്‍ലി ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 500 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ സൈനികർ ആശുപത്രികളിലെ മെഡിക്കൽ ഉപകരണങ്ങൾ വരെ നശിപ്പിച്ചു. ഗസ്സ​യെ ഉപരോധത്തി​ലാക്കി വലിയ പ്രതിസന്ധിയാണ് ഇസ്രായേൽ സൃഷ്ടിച്ചതെന്ന് തുർക്കിയ പറയുന്നു.

തുർക്കിയ ഗസ്സയിൽ നിർമിച്ച തുർക്കിഷ്-ഫലസ്തീനിയൻ ഫ്രണ്ട്ഷിപ്പ് ആശുപത്രി ഇസ്രായേൽ മാർച്ചിൽ തകർത്തുവെന്നും രാജ്യത്തിനെതിരായ കുറ്റപത്രത്തിൽ തുർക്കിയ പറയുന്നുണ്ട്. അതേസമയം, ഇസ്രായേലിനെതിരെ വിമർശനത്തിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. തുർക്കിയയുടേത് പി.ആർ പരിപാടി മാത്രമാണെന്ന് ഇസ്രായേൽ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ഹമാസ് തുർക്കിയയുടെ നടപടിയെ സ്വാഗതം ചെയ്തു. അഭനന്ദനീയമായ നടപടിയാണ് തുർക്കിയയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. നീതി, മാനവികത, സാഹോദര്യം എന്നിവയാണ് ഫലസ്തീൻ-തുർക്കിയ ജനതകളെ തമ്മിൽ ബന്ധപ്പിക്കുന്ന പ്രധാനകണ്ണിയെന്നും ഹമാസ് വ്യക്തമാക്കി. നേരത്തെ അന്താരാഷ്ട്ര നീതിന്യായ കോടതിയും നെതന്യാഹുവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ തുർക്കിയയും കക്ഷി ചേർന്നിരുന്നു.

Tags:    
News Summary - Turkiye issues arrest warrant for Israel’s Netanyahu over Gaza ‘genocide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.