ബിന്യമിൻ നെതന്യാഹു
അങ്കാറ:ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാൻ ശ്രമിച്ച ഫ്ലോട്ടില്ല പ്രവർത്തകർക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിന്റെ ഭാഗമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്റർപോളിന്റെ റെഡ് നോട്ടീസ് ആവശ്യപ്പെടുമെന്ന് തുർക്കിയ.
എക്‌സിൽ തുർക്കിയ നീതി ന്യായ മന്ത്രി അക്കിൻ ഗുർലെക് പങ്കുവെച്ച കുറിപ്പിൽ, അന്താരാഷ്ട്ര സമുദ്രത്തില്‍ വെച്ച് ഇസ്രായേൽ നടത്തിയ തടയലുമായി ബന്ധപ്പെട്ട കേസിൽ 35 പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. വംശഹത്യ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, പീഡനം എന്നീ ഗുരുതരമായ ആരോപണങ്ങളാണ് നെതന്യാഹുവിന് എതിരെയുള്ള അറസ്റ്റ് വാറന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അറസ്റ്റ് വാറന്റുകളുടെ അടിസ്ഥാനത്തിൽ, അവരെ അന്താരാഷ്ട്ര തലത്തിൽ കണ്ടെത്തുന്നതിനായി ഇന്റർപോൾ റെഡ് നോട്ടീസ് നൽകണമെന്ന് തങ്ങളുടെ നീതിന്യായ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ഗുർലെക് പറഞ്ഞു. ഗസ്സയിൽ ഇസ്രായേൽ ചെയ്ത കുറ്റകൃത്യങ്ങൾക്ക് അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ തുർക്കിയ ലഭ്യമായ എല്ലാ നിയമ സംവിധാനങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാറ്റോ അംഗമായ തുർക്കിയ, ഗസ്സക്കെതിരായ ഇസ്രായേലിന്റെ സൈനിക നടപടികളെ ഏറ്റവും രൂക്ഷമായി വിമർശിക്കുന്ന രാജ്യങ്ങളിലൊന്നാണ്. യുദ്ധവുമായി ബന്ധപ്പെട്ട് തുർക്കിയ മുമ്പും നെതന്യാഹുവിനെതിരെ ആഭ്യന്തര അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടി ഇസ്രായേലിനെതിരെ അന്താരാഷ്ട്ര തലത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് അങ്കാറ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇസ്രായേൽ ഈ ആരോപണങ്ങൾ നിഷേധിക്കുകയാണ്.
മേയ് മാസത്തിൽ, ഗസ്സ എൻക്ലേവിലേക്ക് ആവശ്യ സാമഗ്രികൾ എത്തിക്കാനുള്ള പുതിയ ശ്രമത്തിന്റെ ഭാഗമായി യാത്ര തിരിച്ച 'ഗ്ലോബൽ സമുദ് ഫ്ലോട്ടില്ല'യുടെ ഭാഗമായ രണ്ട് കപ്പലുകൾക്ക് നേരെ അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ച് ഇസ്രായേൽ സൈന്യം വെടിയുതിർത്തിരുന്നു. മുൻപത്തെ ദൗത്യങ്ങളും അന്താരാഷ്ട്ര സമുദ്രത്തില്‍ വെച്ച് ഇസ്രായേൽ തടഞ്ഞിരുന്നു.
വ്യക്തികളെ കണ്ടെത്താനും താൽക്കാലികമായി അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ട് ലോകമെമ്പാടുമുള്ള പൊലീസ് സേനകൾക്ക് നൽകുന്ന അഭ്യർത്ഥനയാണ് ഇന്റർപോൾ റെഡ് നോട്ടീസ്. അംഗരാജ്യങ്ങൾ സമർപ്പിക്കുന്ന ഇത്തരത്തിലുള്ള അഭ്യർത്ഥനകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുന്നത്.
അതേസമയം തുർക്കിയയുടെ പ്രസ്താവനയോട് പ്രതികരിച്ച നെതന്യാഹുവിന്റെ ഓഫീസ്, ഈ നീക്കത്തെ രൂക്ഷമായി വിമർശിച്ചു. പശ്ചിമേഷ്യയിലെ ഏക ജനാധിപത്യ രാജ്യമായ ഇസ്രായേലിന്റെ നേതാക്കളെയും സൈനികരെയും ഭയപ്പെടുത്താനുള്ള തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ പരാജയപ്പെട്ട ശ്രമമാണിതെന്നും ഇത് എങ്ങുമെത്തില്ലെന്നും അവർ വ്യക്തമാക്കി.
നിലവിൽ, തുർക്കിയയും ഇസ്രായേലും സിറിയൻ വിഷയത്തിലും വാക്പോര് നടത്തിയിരുന്നു. തുർക്കിയ സൈന്യത്തെ വിന്യസിക്കാൻ സാധ്യതയുണ്ടെന്ന് അവകാശപ്പെട്ട് സിറിയയിലെ എയർബേസിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത് അങ്കാറയുടെ കടുത്ത പ്രതിഷേധത്തിന് കാരണമാവുകയും യു.എസ് വിമർശനം ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. എന്നാൽ അത്തരം സൈനിക വിന്യാസത്തിന് പദ്ധതികളൊന്നുമില്ലെന്ന് സിറിയ പ്രതികരിച്ചു.
2024-ൽ മുൻ ഭരണാധികാരി ബശ്ശാറുൽ അസദ് പുറത്താക്കപ്പെട്ടതിനെ തുടർന്ന്, അഹമ്മദ് അൽ ശറായുടെ നേതൃത്വത്തിലുള്ള സിറിയൻ ഭരണകൂടവുമായി തുർക്കിയക്കുണ്ടായ അടുത്ത ബന്ധം ഇസ്രായേലിന് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം, തുർക്കിയക്കെതിരായ ഇസ്രായേലിന്റെ പ്രകോപനപരമായ നിലപാടുകൾ വരാനിരിക്കുന്ന ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്ന് അങ്കാറ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.