തുനീഷ്യയിലെ സാമ്പത്തിക പ്രതിസന്ധി: പ്രസിഡന്റിനെതിരെ ജനരോഷം ശക്തമാകുന്നു

തൂനിസ്: സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അശാന്തിയും രൂക്ഷമാകുന്നതിനിടെ തുനീഷ്യയിൽ പ്രസിഡന്റ് കൈസ് സഈദിന്റെ ഭരണത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ വീണ്ടും തെരുവിൽ ഇറങ്ങി. ഒരു വ്യക്തിയുടെ മാത്രം ഭരണവും സ്വേച്ഛാധിപത്യത്തിലേക്കുള്ള രാജ്യത്തിന്റെ കൂപ്പുകുത്തലും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് നൂറുകണക്കിന് ആളുകൾ തലസ്ഥാനമായ തുനീസിൽ ഒത്തുകൂടിയത്.

ജയിലിൽ അടക്കപ്പെട്ട പ്രതിപക്ഷ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവർത്തകരെയും ഉടൻ മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 2021 ജൂലൈ 25-ന് കൈസ് സഈദ് സർക്കാർ പിരിച്ചുവിടുകയും പിന്നീട് തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് പിരിച്ചുവിട്ട് ഉത്തരവുകളിലൂടെ ഭരണം ആരംഭിക്കുകയും ചെയ്ത നടപടിയുടെ വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ മാസവും സമാനമായ പ്രകടനം നടന്നിരുന്നു. തുടർന്ന്, ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ പോരാടുകയാണെന്ന് അവകാശപ്പെട്ട് സഈദ് സുപ്രീം ജുഡീഷ്യൽ കൗൺസിൽ പിരിച്ചുവിടുകയും ഡസൻ കണക്കിന് ജഡ്ജിമാരെ പുറത്താക്കുകയും ചെയ്തിരുന്നു.

അടിസ്ഥാന സാധനങ്ങളുടെയും മരുന്നുകളുടെയും ലഭ്യതക്കുറവും പൊതുസേവനങ്ങളിലെ തകർച്ചയും കാരണം തുനീഷ്യയിൽ സാധാരണക്കാരായ ജനങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ജലക്ഷാമവും വൈദ്യുതി തടസ്സങ്ങളും പരിഹരിക്കാൻ സർക്കാരിന് കഴിയാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. രാഷ്ട്രീയ തർക്കങ്ങൾക്കപ്പുറം ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ ദുരിതങ്ങളാണ് പ്രതിഷേധങ്ങൾക്ക് കാരണം.

പ്രസിഡന്റ് കൈസ് സഈദിന്റെ സർക്കാർ മാധ്യമപ്രവർത്തകരെയും സന്നദ്ധ സംഘടനകളെയും അടിച്ചമർത്തുന്നതായും അധികാരം ദുരുപയോഗം ചെയ്യുന്നതായും മനുഷ്യാവകാശ സംഘടനകളും കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ പ്രസിഡന്റ് പൂർണമായി നിഷേധിക്കുകയാണ്. നിയമവാഴ്ച നടപ്പിലാക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയവരെയും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.   

Tags:    
News Summary - Tunisia opposition protests against president amid economic discontent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.