ലണ്ടൻ: വെസ്റ്റ് ബാങ്കിനെ രണ്ടായി വിഭജിച്ചുകൊണ്ട് പുതിയ നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങൾ നിർമിക്കാനുള്ള ഇസ്രായേലിന്റെ നീക്കത്തിനെതിരെ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്ന് വിമർശനം. വ്യാഴാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, E1 സെറ്റിൽമെന്റ് പദ്ധതിയുടെ ഭാഗമായി 1,200ലധികം ഭവന യൂണിറ്റുകൾക്കായുള്ള നിർമാണ ടെൻഡറുകൾ ക്ഷണിച്ച ഇസ്രായേലിന്റെ നടപടിയെ യു.കെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്സ്, കാനഡ, നോർവെ എന്നീ രാജ്യങ്ങൾ അപലപിച്ചു. ഇത് ഫലസ്തീൻ പ്രദേശങ്ങളുടെ അഖണ്ഡതയെ ലംഘിക്കുന്നതാണെന്നും വെസ്റ്റ് ബാങ്കിനെ കിഴക്കൻ ജറുസലേമിൽ നിന്ന് വേർപെടുത്താൻ ഇടയാക്കുമെന്നും അവർ ചൂണ്ടിക്കാണിച്ചു.
പദ്ധതിയിൽ പങ്കാളികളാകുന്നവർക്ക് ‘നിയമപരവും അന്താരാഷ്ട്രതലത്തിലുള്ള പ്രശസ്തിയെ ബാധിക്കുന്നതുമായ പ്രത്യാഘാതങ്ങൾ’ നേരിടേണ്ടിവരുമെന്നും പദ്ധതി ഉടൻ പിൻവലിക്കണമെന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇത് സമാധാനാന്തരീക്ഷം തകർക്കുമെന്നും ഇസ്രായേലിന്റെ അന്താരാഷ്ട്ര പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്നും രാജ്യങ്ങൾ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
നേരത്തേ, കുടിയേറ്റ നിർമാണങ്ങൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാറുമായി നേരിട്ട് ബന്ധപ്പെട്ടതായി അറിയിച്ചിരുന്നു. ഇസ്രായേലിന്റെ ഈ നീക്കം സ്വീകാര്യമല്ലെന്നും വിനാശകരമാണെന്നും ഇത് ദ്വിരാഷ്ട്ര പരിഹാരത്തിന്റെ പ്രായോഗികതയെ അപകടത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനധികൃത കുടിയേറ്റ വിപുലീകരണത്തിലൂടെ നിലവിലെ സ്ഥിതിഗതികൾ നിലനിർത്താനുള്ള ശ്രമങ്ങളെ പൂർണമായി തള്ളിക്കളയുന്നതായി ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. ഇത്തരം ലംഘനങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഗൗരവമായ നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഫലസ്തീന്റെ ഭാവിയെ ഗുരുതരമായി ബാധിക്കുന്നതാണ് ഈ പദ്ധതിയെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും പ്രതികരിച്ചു.
അന്താരാഷ്ട്ര നിയമപ്രകാരം അധിനിവേശ പ്രദേശങ്ങളിലെ ഇസ്രായേലി കുടിയേറ്റങ്ങൾ നിയമവിരുദ്ധമാണ്. എന്നാൽ ഗസ്സ വംശഹത്യ ആരംഭിച്ചതുമുതൽ ഇത്തരം നിർമാണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലായിട്ടുണ്ട്. ഏകദേശം 12 ചതുരശ്ര കിലോമീറ്റർ ഫലസ്തീൻ ഭൂമിയിൽ കിഴക്കൻ ജറുസലേമിനെ മാലെ അഡുമിം സെറ്റിൽമെന്റ് മേഖലയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി. ഇത് വെസ്റ്റ് ബാങ്കിനെ രണ്ടായി വിഭജിക്കുന്നതാണ്. അതേസമയം വരാനിരിക്കുന്ന ഒക്ടോബറിലെ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ് ഇസ്രായേൽ ഇത്തരം കുടിയേറ്റ പദ്ധതികൾ വേഗത്തിലാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.