അടുക്കളയിൽ നിന്ന് ഡൈനിങ് റൂമിൽ എത്താൻ മാത്രം നാലര മിനിറ്റ്: 335 കോടി രൂപ വിലമതിക്കുന്ന കോട്ട വാങ്ങി മാർക്ക് സുക്കർബർഗ്

ഡബ്ലിൻ: അയർലണ്ടിൽ പുതിയൊരു വീടുകൂടി സ്വന്തമാക്കി മാർക്ക് സുക്കർബർഗ്. ഏകദേശം 335 കോടി രൂപ മുടക്കിയാണ് അയർലണ്ടിലെ ചരിത്രപ്രസിദ്ധമായ കോട്ട മെറ്റാ സി.ഇ.ഒ സ്വന്തമാക്കിയിരിക്കുന്നത്. 'സ്ട്രാൻകല്ലി കാസിൽ' എന്നാണ് കോട്ടയുടെ പേര്.  440 ഏക്കർ വിസ്തൃതിയുള്ള ഒരു എസ്റ്റേറ്റും ഈ വസതിയോടൊപ്പമുണ്ട്.

'ദി ഐറിഷ് ടൈംസ്' റിപ്പോർട്ട് അനുസരിച്ച്, സുക്കർബർഗും ഭാര്യ പ്രിസില്ല ചാനും ചേർന്ന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഈ കോട്ട വാങ്ങിയത്. മെറ്റായുടെ ഡബ്ലിനിലെ അന്താരാഷ്ട്ര ആസ്ഥാനത്തുനിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. 

യൗഗലിൽ നിന്ന് ഏകദേശം 30 മിനിറ്റ് യാത്ര ചെയ്താൽ എത്തുന്ന ബ്ലാക്ക്‌വാട്ടർ നദിക്കരയിലാണ് 19ാം നൂറ്റാണ്ടിലെ ഗോഥിക് ശൈലിയിലുള്ള സ്ട്രാൻകല്ലി കാസിൽ സ്ഥിതി ചെയ്യുന്നത്. മുൻ ടോറി എം.പിയായ ജോൺ കെയ്‌ലിക്കായി 1830ലാണ് ഇത് നിർമിച്ചത്.

ബ്രയാൻ ഡി ബ്രെഫ്‌നിയുടെയും റോസ്മേരി ഫോളിയോട്ടിന്റെയും 'ദി ഹൗസസ് ഓഫ് അയർലൻഡ്' എന്ന പുസ്തകം അനുസരിച്ച്, 16,000 ചതുരശ്ര അടി വിസ്തീർണത്തിൽ പെയ്ൻ സഹോദരന്മാരാണ് ഇതിന്റെ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്. അടുക്കളയിൽ നിന്ന് ഡൈനിങ് റൂമിൽ എത്താൻ മാത്രം 4 മിനിറ്റും 30 സെക്കൻഡും എടുക്കും എന്നത് ഇതിന്റെ വലിപ്പം എത്രത്തോളമെന്ന് വ്യക്തമാക്കുന്നു.

പ്രൈവറ്റ് ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ ആർ.എ.ബി ക്യാപിറ്റലിന്‍റെ സഹസ്ഥാപകനായ മൈക്കൽ അലൻ-ബക്ക്ലിയും ഭാര്യ ജിയാൻകാർലയും ചേർന്ന് 25 വർഷം മുമ്പ് വാങ്ങിയ ഈ എസ്റ്റേറ്റാണ് ഇപ്പോൾ സുക്കർബർഗിന് വിറ്റത്. മാർക്ക് സുക്കർബർഗും പ്രിസില്ല ചാനും യു.എസിൽ തന്നെ തുടരുകയും അയർലൻഡ് സന്ദർശിക്കുമ്പോൾ ഈ കോട്ട ഉപയോഗിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും സ്വന്തമാക്കിയ മെറ്റായുടെ യൂറോപ്യൻ ആസ്ഥാനം 2009 മുതൽ അയർലണ്ടിലാണ് പ്രവർത്തിക്കുന്നത്. അവിടെ ഏകദേശം 1,500 ജീവനക്കാരുണ്ട്.

കഴിഞ്ഞ വർഷം വേനൽക്കാലത്ത് അയർലണ്ടിൽ ഒരു വീട് വാങ്ങാൻ സക്കർബർഗ് താൽപ്പര്യപ്പെടുന്നുണ്ടെന്ന വാർത്തകൾ വന്നിരുന്നു. ഫോർമുല വണ്ണിന്‍റെ വാണിജ്യ അവകാശങ്ങൾ കൈവശമുള്ള ലിബർട്ടി മീഡിയയുടെ ചെയർമാൻ ജോൺ മലോണിന്‍റെ കിൽഡെയറിലെ കാസിൽമാർട്ടിൻ ഹൗസും എസ്റ്റേറ്റും വാങ്ങാൻ സുക്കർബർഗ് വാഗ്ദാനം ചെയ്തിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കോടികൾ മുടക്കി റിയൽ എസ്റ്റേറ്റ് വസ്തുക്കൾ വാങ്ങുന്നത് സുക്കർബർഗിന് പുതിയ കാര്യമല്ല. റിപ്പോർട്ടുകൾ പ്രകാരം, പലോ ആൾട്ടോയിൽ മാത്രം 11ൽ അധികം പ്രോപ്പർട്ടികളും ഫ്ലോറിഡ, വാഷിങ്ടൺ ഡി.സി, ഹവായി എന്നിവിടങ്ങളിലും വീടുകളുണ്ട് സുക്കർ ബർഗിനുണ്ട്. 

Tags:    
News Summary - mark zukerburg new house in ireland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.