ഇസ്താംബൂൾ: യു.എസ്-ഇറാൻ ആണവചർച്ചകൾ അട്ടിമറിക്കാനാണ് ഇസ്രായേൽ ഇറാനെ ആക്രമിച്ചതെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. നയന്ത്രതലത്തിൽ പ്രശ്നം പരിഹരിക്കാൻ ഇസ്രായേലിന് താൽപര്യമില്ലെന്നും ഉർദുഗാൻ ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോർപറേഷൻ അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രായേലിന് മേൽ സ്വാധീനമുള്ള രാജ്യങ്ങൾ അവരുടെ വിഷലിപ്തമായ വാക്കുകൾ കേൾക്കരുത്. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം. സംഘർഷം കൂടുതൽ രൂക്ഷമാകാതിരിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‍ലിം രാജ്യങ്ങൾ ഇസ്രായേലിനുമേൽ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കണം. അന്താരാഷ്ട്ര നിയമങ്ങളും യു.എൻ പ്രമേയങ്ങളും അനുസരിച്ച് വേണം ഈ നടപടികളെന്നും അദ്ദേഹം പറഞ്ഞു.
മേഖലയെ മുഴുവൻ തകർക്കാനുള്ള നീക്കങ്ങളാണ് ഇസ്രായേൽ നടത്തുന്നതെന്ന് തുർക്കിയ വിദേശകാര്യമന്ത്രി ഹകാൻ ഫിഡാൻ പറഞ്ഞു. ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് കാരണം ഫലസ്തീനോ ലബനാനോ സിറിയയോ യെമനോ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരായ ആക്രമണങ്ങൾ ഇസ്രായേൽ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാൻ-ഇസ്രയേൽ സംഘർഷം അതീവ രൂക്ഷമായി ഒൻപതാം ദിവസത്തിലേയ്ക്ക് കടക്കുന്നതിനിടെ ഇരുരാജ്യങ്ങളും ആക്രമണം കടുപ്പിക്കുകയാണെന്നാണ് റിപ്പോർട്ട്. അവസാന ആക്രമണത്തിൽ ഇറാനിൽ 15 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് 30ലേറെ ആയുധങ്ങൾ പ്രയോഗിച്ചതായി ഇസ്രായേൽ വ്യക്തമാക്കി. ഇസ്രായേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ സാധാരണക്കാരടക്കം 660 ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.