ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ചികിത്സക്കായി വെള്ളിയാഴ്ച പുലർച്ചെ അദിയാല ജയിലിൽ നിന്ന് ഇസ്ലാമാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയതായി പി.ടി.ഐ അറിയിച്ചു. വിദഗ്ദ വൈദ്യസഹായം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 73 കാരനായ ഖാനെ ശിഫ ഇന്റർനാഷണൽ ഹോസ്പിറ്റലിലേക്കാണ് മാറ്റിയതെന്ന് വിവരം.
ഇമ്രാന്‍റെ ആരോഗ്യനില വഷളാകുകയാണെന്ന് കാണിച്ച് കുടുംബം ആശങ്ക പ്രകടിപ്പിച്ചിരുന്നു. സുപ്രീംകോതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് കുടുംബം വ്യക്തമാക്കി. സെപ്റ്റംബർ 16ന് നടക്കുന്ന അടുത്ത വാദം കേൾക്കൽ വരെ ഖാൻ ആശുപത്രിയിൽ തുടരണമെന്നാണ് കോടതി നിർദ്ദേശം. തടവിലിരിക്കെ ഇമ്രാന്‍റെ ആരോഗ്യനില വഷളായെന്നും വലതു കണ്ണിന്‍റെ കാഴ്ചശക്തി ഗണ്യമായി നഷ്ടപ്പെട്ടെന്നും അഭിഭാഷകർ ആരോപിക്കുന്നു. എന്നാൽ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട യാതൊരു അവസ്ഥയും മെഡിക്കൽ റിപ്പോർട്ടുകളിൽ ഇല്ലെന്ന നിലപാടിലാണ് സർക്കാർ.
2023 ആഗസ്റ്റ് മുതൽ ഇമ്രാൻ ഖാൻ തടവിലാണ്. തനിക്കെതിരെയുള്ള കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് ഇമ്രാന്‍റെ വാദം. എന്നാൽ പാകിസ്താൻ സർക്കാർ ഈ ആരോപണം തള്ളിക്കളഞ്ഞു. 2018ൽ പ്രധാനമന്ത്രിയായി അധികാരത്തിൽ വന്ന ഇമ്രാൻ ഖാൻ നാല് വർഷത്തിന് ശേഷം പാർലമെന്‍റിൽ അവിശ്വാസ വോട്ടിൽ പരാജയപ്പെട്ടതിനെ തുടർന്ന് പുറത്താക്കപ്പെട്ടു. പുറത്താക്കലിനെ തുടർന്ന് പി.ടി.ഐ പ്രസ്ഥാനവും രാജ്യത്തെ സൈനിക നേതൃത്വവും തമ്മിൽ നീണ്ട സംഘർഷങ്ങൾക്ക് വഴിവെച്ചു. 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിക്ക് കടുത്ത നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നു, കൂടാതെ പരമ്പരാഗത തെരഞ്ഞെടുപ്പ് ചിഹ്നത്തിൽ മത്സരിക്കുന്നതിൽ നിന്ന് പാർട്ടി തടയപ്പെടുകയും ചെയ്തു.
2023 മെയ് 9 നാണ് ഇമ്രാൻ ഖാൻ ആദ്യമായി അറസ്റ്റിലായത്. ഇത് പാകിസ്താനിലുടനീളം വ്യാപകമായ പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും കാരണമായി. സ്റ്റേറ്റ് സമ്മാനങ്ങൾ നിയമവിരുദ്ധമായി വിറ്റഴിച്ചതുമായി ബന്ധപ്പെട്ട തോഷഖാന കേസ് ഉൾപ്പെടെയുള്ള അഴിമതിക്കേസുകളിൽ അതേ വർഷം ആഗസ്റ്റ് 5 ന് വീണ്ടും അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.