ഇറാനെതിരെ 'സാമ്പത്തിക യുദ്ധം' പ്രഖ്യാപിച്ച് യു.എസ്; ഉപരോധങ്ങൾ നടപ്പാക്കാൻ ചൈനയുടെ സഹകരണം ആവശ്യപ്പെട്ട് ട്രഷറി സെക്രട്ടറി

വാഷിങ്ടൺ: ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ്.  ഏകദേശം ആറുമാസത്തോളമായി തുടരുന്ന യുദ്ധത്തിനിടയിലാണ് അമേരിക്കയുടെ ഈ കടുത്ത നീക്കം. ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളും നാവിക ഉപരോധവും ചേർന്ന് ഇരട്ട പ്രഹരമാണ് നൽകുന്നതെന്നും, ഇത് ഇറാൻ ഭരണകൂടത്തിന്റെ പതനത്തിന് കാരണമാകുമെന്നും ബെസ്സെന്റ് സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടു.

വരാനിരിക്കുന്ന ഉപരോധങ്ങൾ പ്രോക്സി ഗ്രൂപ്പുകൾ വഴി പ്രവർത്തിക്കാനുള്ള ഇറാന്റെ ശേഷിയെ സാരമായി ബാധിക്കുമെന്ന് ബെസ്സെന്റ് പറഞ്ഞു. തെഹ്‌റാറുമായി തുടർന്നും വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങൾ അമേരിക്കയുടെ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും  പരമാവധി സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നതിലൂടെ വലിയ തോതിലുള്ള സായുധ പോരാട്ടങ്ങളിലേക്ക് ഇനി കടക്കേണ്ടി വരില്ലെന്നാണ് കരുതുന്നതെന്നും ട്രഷറി സെക്രട്ടറി സൂചിപ്പിച്ചു. വരും ദിവസങ്ങളിൽ ഇറാനെതിരെ സ്വീകരിക്കാൻ പോകുന്ന കൃത്യമായ നടപടികൾ തിങ്കളാഴ്ച നടക്കുന്ന വാർത്താസമ്മേളനത്തിൽ വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനയുടെ വ്യാപാര ബന്ധങ്ങളെക്കുറിച്ചും നിർദ്ദിഷ്ട ഉപരോധങ്ങളെക്കുറിച്ചും സംസാരിച്ച ബെസ്സെന്റ്, ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കാനും അമേരിക്കയുടെ നിലപാടിനൊപ്പം ചേർന്ന് നിൽക്കാനും ചൈനയോട് ആവശ്യപ്പെട്ടു. ഇറാനുമായി ബിസിനസ്സ് തുടരുന്നതിന്റെ പേരിൽ ചൈനയെ അമേരിക്ക ലക്ഷ്യമിടുമോ എന്ന ചോദ്യത്തിന്, ചില നയപരമായ ചർച്ചകൾ രഹസ്യമായി നടത്തുന്നതാണ് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപരോധങ്ങൾക്ക് കഴിയില്ലെന്ന നിലപാടിലാണ് ചൈന. ‘ഇറാൻ വിഷയത്തിൽ ഉപരോധങ്ങളും സമ്മർദ്ദങ്ങളും പ്രശ്നം പരിഹരിക്കാൻ സഹായിക്കില്ല. രാഷ്ട്രീയ നയതന്ത്ര മാർഗ്ഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട കക്ഷികൾ തയാറാകണം,’ എന്ന് വാഷിങ്ടണിലെ ചൈനീസ് എംബസി വക്താവ് വ്യക്തമാക്കി.

അനലിറ്റിക്സ് സ്ഥാപനമായ കെപ്ലറുടെ കണക്കുകൾ പ്രകാരം, ഇറാൻ കയറ്റുമതി ചെയ്യുന്ന എണ്ണയുടെ 80 ശതമാനത്തിലധികവും വാങ്ങുന്നത് ചൈനയാണ്. കൂടാതെ ഗൾഫ് മേഖലയിൽ നിന്നാണ് ചൈനയുടെ ആകെ ഊർജ്ജ ആവശ്യത്തിന്റെ 50 ശതമാനവും ലഭിക്കുന്നത്. അതിനാൽ ഹുർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ഒഴിവാക്കാനും ഊർജ്ജ വില നിയന്ത്രിക്കാനും ചൈന അമേരിക്കയോടൊപ്പം സഹകരിക്കണമെന്നാണ് ബെസ്സെന്റ് ആവശ്യപ്പെടുന്നത്.

ഇറാനുമായുള്ള ബന്ധം തുടരുകയോ പിന്തുണ നൽകുകയോ ചെയ്യുന്ന ഏത് രാജ്യത്തിനും കനത്ത സാമ്പത്തിക തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. സമാധാന കരാറിന് ധാരണയിലെത്താൻ മികച്ച അവസരം നൽകിയിട്ടും അത് ഉപയോഗപ്പെടുത്തുന്നതിൽ ഇറാൻ പരാജയപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്തിനെതിരെ ഇതുവരെ സ്വീകരിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും കടുത്ത സാമ്പത്തിക നടപടിയാണ് പ്രഖ്യാപിക്കുന്നതെന്നും ഇത് അഭൂതപൂർവ്വമായ തോതിലുള്ള സാമ്പത്തിക യുദ്ധവും ഒറ്റപ്പെടുത്തലുമായിരിക്കും ഉണ്ടാവുകയെന്ന് ​ട്രംപ് ട്രുത്തിൽ പോസ്റ്റ് ചെയ്തു.

അതേസമയം, 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം കഴിഞ്ഞ 50 വർഷമായി കടുത്ത സാമ്പത്തിക ഉപരോധങ്ങളെ അതിജീവിച്ചാണ് ഇറാൻ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് അമേരിക്കയുടെ ഇത്തരം പ്രസ്താവനകൾ രാജ്യത്തെ ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമം മാത്രമാണെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.  

 

Tags:    
News Summary - US to impose 'toughest' ever sanctions on Iran, urges China to cooperate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.