ലണ്ടൻ: ഹമാസിനെ പൂർണമായി പടിക്കുപുറത്ത് നിർത്തി യു.എസും ഇസ്രായേലും ചേർന്ന് തയാറാക്കിയ ഗസ്സ പദ്ധതി അംഗീകാരം കാത്തുനിൽക്കെ ഉത്തരം കാത്ത് നിരവധി ചോദ്യങ്ങൾ. ഗസ്സയുടെ തുടർഭരണം ആരെന്നതുതന്നെ ഒന്നാമത്തെ വിഷയം. ഭരണസമിതിയിൽ ആരൊക്കെയെന്നത് സംബന്ധിച്ച് വ്യക്തതയൊന്നുമില്ല. ഇവരിൽ എത്ര പേർ അറബ് രാഷ്ട്ര പ്രതിനിധികളുണ്ടാകും, പാശ്ചാത്യരുണ്ടാകും എന്നിങ്ങനെ ഫലസ്തീനികൾ അറിയാൻ ആഗ്രഹിക്കുന്ന സുപ്രധാന വിഷയം വിശദീകരിക്കാതെ വിട്ടതാണ്.
വെസ്റ്റ് ബാങ്കിൽ ഭരണമുള്ള ഫലസ്തീൻ അതോറിറ്റി ഭരണസജ്ജമാകും വരെയാകും ഇടക്കാല സമിതിക്ക് മേൽനോട്ടമെന്ന് പറയുന്നുണ്ട്. എന്നാൽ, എപ്പോഴാണ് അവർ സജ്ജരാകുകയെന്നോ അതിന് ആര് സാക്ഷ്യപത്രം നൽകുമെന്നോ വ്യക്തമല്ല. ഫലത്തിൽ ഫലസ്തീൻ കോളനിയായി തുടരുമോ എന്നാണ് ആധി. ഫലസ്തീന്റെ ഭാഗമായല്ല പദ്ധതിയിൽ ഗസ്സയെ കാണുന്നത് എന്നത് അതിലേറെ ഗുരുതരമായ വിഷയമാണ്.
ഗസ്സ ഒരിക്കലും ഫലസ്തീൻ അതോറിറ്റിക്ക് വിട്ടുനൽകില്ലെന്ന് നെതന്യാഹു വ്യക്തമാക്കിയതാണ്. ഗസ്സയിൽ സമാധാനം തിരികെയെത്തിക്കാൻ താൽക്കാലിക സേനയെ വിന്യസിക്കുമെന്ന് പറയുന്നുണ്ട്. ആരാകും ഈ സേനയെന്നതാണ് മറ്റൊരു വെല്ലുവിളി. സൈന്യത്തെ അയക്കാൻ എത്ര രാജ്യങ്ങൾ സന്നദ്ധമാണെന്നോ സന്നദ്ധമായവയുടെ സേനയെ അംഗീകരിക്കുമോ, ഇവർക്ക് ഏതെല്ലാം ഉത്തരവാദിത്തങ്ങൾ ഇസ്രായേൽ വിട്ടുകൊടുക്കും... തുടങ്ങി പ്രശ്നങ്ങളേറെ.
ഇസ്രായേൽ ഗസ്സയിൽനിന്ന് പിന്മാറാൻ അവ്യക്തമായ ചില വാക്കുകൾ മാത്രമാണുള്ളത്. ‘‘നിലവാരങ്ങൾ, നാഴികക്കല്ലുകൾ, സമയക്രമങ്ങൾ... എന്നിങ്ങനെ പോകുന്നു സമയം പറയാത്ത പദങ്ങൾ. ഈ സമയക്രമം ആര് തീരുമാനിക്കുമെന്നും ട്രംപിന്റെ പദ്ധതി സൂചിപ്പിക്കുന്നില്ല. ഫലസ്തീൻ രാഷ്ട്രത്തെ വിവിധ രാജ്യങ്ങൾ അംഗീകരിച്ചതിനെ പരിഹസിക്കുന്ന ട്രംപ് ഇതിന് അംഗീകാരം നൽകുന്നത് സംബന്ധിച്ചും വ്യക്തത വരാതിരിക്കാൻ ശ്രദ്ധിച്ചോ എന്ന് സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.