ബോസ്റ്റൺ: വിദേശത്തെ വിദഗ്ധ തൊഴിലാളികൾക്കായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ എച്ച്-1ബി വിസ നിയന്ത്രണങ്ങൾക്ക് കോടതിയുടെ തിരിച്ചടി. പുതിയ എച്ച്-1ബി വിസകൾക്ക് ട്രംപ് ഭരണകൂടം ചുമത്തിയ ഒരു ലക്ഷം ഡോളർ ( 84 ലക്ഷം രൂപ) തുക ഫെഡറൽ ജഡ്ജി റദ്ദാക്കി. കോൺഗ്രസിന്റെ അനുമതിയില്ലാതെ പ്രസിഡന്റ് നടപ്പാക്കിയ ഈ ഫീസ് ഘടന നിയമവിരുദ്ധമായ നികുതിയാണെന്ന് ബോസ്റ്റണിലെ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലിയോ സൊറോക്കിൻ വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറിലാണ് ട്രംപ് ഈ ഭീമമായ ഫീസ് വർധനവ് പ്രഖ്യാപിച്ചത്. ഇതിനെതിരെ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള 20 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ സംയുക്തമായി ഫയൽ ചെയ്ത ഹരജിയിലാണ് ഇപ്പോൾ അനുകൂല വിധി വന്നിരിക്കുന്നത്. ഐ.ടി ഉൾപ്പെടെയുള്ള പ്രമുഖ ആഗോള സാങ്കേതികവിദ്യാ കമ്പനികളെ ട്രംപിന്റെ ഈ തീരുമാനം വൻതോതിൽ പ്രതികൂലമായി ബാധിച്ചിരുന്നു.
രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമെന്ന് കരുതുന്ന വിദേശികളുടെ പ്രവേശനം തടയാൻ ഇമിഗ്രേഷൻ നിയമപ്രകാരം പ്രസിഡന്റിന് അധികാരമുണ്ടെന്നും, ഈ ഫീസ് നിയമപരമായ ഒരു സാമ്പത്തിക പിഴ മാത്രമാണെന്നുമായിരുന്നു വൈറ്റ് ഹൗസിന്റെ വാദം. എന്നാൽ കോടതി ഈ വാദം പൂർണ്ണമായും തള്ളി.
"ഈ ഒരു ലക്ഷം ഡോളർ പേയ്‌മെന്റിന്റെ സ്വഭാവവും പ്രയോഗവും പരിശോധിച്ചാൽ, ഇതിനെ എന്ത് പേരിട്ട് വിളിച്ചാലും അത് ഒരു 'നികുതി' തന്നെയാണ്. റിപ്പബ്ലിക്കൻ പ്രസിഡന്റിന് ഇത്തരമൊരു നികുതി ചുമത്താൻ കോൺഗ്രസിന്റെ യാതൊരു അനുമതിയുമില്ല. അതുകൊണ്ടുതന്നെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോ ഇമിഗ്രേഷൻ വിഭാഗത്തിനോ ഇത് നടപ്പിലാക്കാൻ കഴിയില്ല."ജഡ്ജി ലിയോ സൊറോക്കിൻ പറഞ്ഞു.
ദേശീയ അടിയന്തരാവസ്ഥയുടെ പേരിൽ ട്രംപ് മുമ്പ് നടപ്പാക്കിയ വ്യാപാര നികുതികൾ റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ മുൻ ഉത്തരവ് ചൂണ്ടിക്കാണിച്ചായിരുന്നു ജഡ്ജിയുടെ വിധി. എന്നാൽ ഈ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും വിധി റദ്ദാക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് ടെയ്‌ലർ റോജേഴ്‌സ് പ്രതികരിച്ചു.
സാധാരണയായി പ്രതിവർഷം 65,000 എച്ച്-1ബി വിസകളും ഉന്നതവിദ്യാഭ്യാസം നേടിയവർക്കായി 20,000 പ്രത്യേക വിസകളുമാണ് യു.എസ് അനുവദിക്കുന്നത്. മൂന്ന് മുതൽ ആറ് വർഷം വരെ കാലാവധിയുള്ള ഈ വിസകൾക്ക് മുമ്പ് കമ്പനികൾ 2,000 മുതൽ 5,000 വരെ ഡോളർ മാത്രമാണ് ഫീസായി നൽകിയിരുന്നത്. എന്നാൽ കുറഞ്ഞ ശമ്പളത്തിൽ വിദേശികളെ കൊണ്ടുവന്ന് അമേരിക്കക്കാരുടെ തൊഴിൽ അവസരങ്ങൾ ചൂഷണം ചെയ്യുന്നത് തടയാനാണ് താൻ ഫീസ് വർധിപ്പിച്ചതെന്നായിരുന്നു ട്രംപിന്റെ വാദം.
കടുത്ത സാമ്പത്തിക ബാധ്യതയായതിനാൽ ഫെബ്രുവരി പകുതി വരെ വെറും 85 കമ്പനികൾ മാത്രമാണ് ഈ തുക ഒടുക്കി വിസക്ക് അപേക്ഷിച്ചത്. കോടതി വിധി സ്വാഗതാർഹമാണെന്ന് കേസിന് നേതൃത്വം നൽകിയ കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ട പറഞ്ഞു. ട്രംപിന്റെ നിയമവിരുദ്ധമായ ഈ നികുതി അമേരിക്കയുടെ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ആഗോള പ്രതിഭകളെ ആകർഷിക്കുന്നതിനുള്ള രാജ്യത്തിന്റെ കഴിവിന്മേലുള്ള കടന്നുകയറ്റമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.ടി മേഖലയിലുള്ള ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്കും വലിയ ആശ്വാസം നൽകുന്നതാണ് ഈ കോടതി വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.