അടിക്ക് തിരിച്ചടി; ബ്രിട്ടീഷ് നാവിക-വ്യോമസേനകളെ ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ച് ഇറാൻ

തെഹ്‌റാൻ: ബ്രിട്ടന്റെ റോയൽ നേവി, റോയൽ എയർഫോഴ്സ് എന്നിവയെ ‘ഭീകര സംഘടനകളായും’ രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയായ എംഐ6നെ ‘ശത്രുവിഭാഗമായും’ ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഞായറാഴ്ച ഇറാൻ വിദേശകാര്യ മന്ത്രാലയമാണ് ഈ നിർണായക തീരുമാനം പുറത്തുവിട്ടത്. തുർക്കിയ വാർത്ത ഏജൻസിയായ അനഡോലുവിനെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സർക്കാർ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസിയായ ‘ഇർന’ വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് ഇറാൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ യുകെ ‘ഭീകര സംഘടനയായി’ പ്രഖ്യാപിച്ചതിനുള്ള മറുപടിയായാണ് ഈ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 13ന് യുകെയുടെ ‘സ്റ്റേറ്റ് ത്രെട്സ് ആക്റ്റ് 2026’ പ്രകാരമായിരുന്നു ഐ.ആർ.ജി.സിയെ ബ്രിട്ടൻ നിരോധിച്ചത്. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ കടുത്ത നടപടിയെടുത്തിരിക്കുന്നത്.

ബ്രിട്ടീഷ് അധികാരപരിധിയിലുള്ള സൈനിക-ലോജിസ്റ്റിക് കേന്ദ്രങ്ങളിലേക്കും സൗകര്യങ്ങളിലേക്കും പ്രവേശനം അനുവദിച്ച്, യുഎസ്-ഇസ്രായേൽ സഖ്യത്തിന്റെ ഇറാനെതിരായ യുദ്ധത്തിൽ ലണ്ടൻ പങ്കാളിയായെന്നും തെഹ്‌റാൻ ആരോപിച്ചു. ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും ഇറാനിൽ ആക്രമണം ആരംഭിച്ചതുമുതൽ മിഡിൽ ഈസ്റ്റിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇത് മേഖലയിലുടനീളം ഇറാനിയൻ പ്രതികരണങ്ങൾക്കും കാരണമായി.

തുടർന്ന് നയതന്ത്ര ശ്രമങ്ങളും ജൂണിൽ വാഷിങ്ടണും തെഹ്‌റാനും തമ്മിൽ ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചെങ്കിലും, സുരക്ഷാ ക്രമീകരണങ്ങളെയും ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെയും ചൊല്ലിയുള്ള സംഘർഷങ്ങൾ ഇനിയും അയവില്ലാതെ തുടരുകയാണ്.

അതേസമയം, പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതിയിലാണ്. ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനെ ആക്രമിക്കാൻ അമേരിക്ക തയ്യാറെടുക്കുകയാണെന്നാണ് റി​പ്പോർട്ടുകൾ. തങ്ങളെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ഭൂരിഭാഗവും അമേരിക്കൻ സൈന്യം തകർത്തുകഴിഞ്ഞെന്നും ശേഷിക്കുന്ന കേന്ദ്രങ്ങൾ വെറും ‘പത്ത് മിനിറ്റുകൊണ്ട്’ തകർക്കാൻ അമേരിക്കക്ക് സാധിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ ഹാലോവീൻ പാർട്ടിയിൽ പങ്കെടുക്കവെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞങ്ങൾ അവരുടെ ആണവ സംവിധാനങ്ങൾ തകർത്തു കളഞ്ഞു. ഇനി ഒന്നോ രണ്ടോ കേന്ദ്രങ്ങൾ കൂടിയുണ്ട്, പക്ഷേ അത് വെറും പത്ത് മിനിറ്റുകൊണ്ട് തീർക്കാൻ ഞങ്ങൾക്ക് കഴിയും,' ട്രംപ് അവകാശപ്പെട്ടു. ഈ ആഴ്ച തന്നെ ഇറാനെതിരെ വീണ്ടും യുദ്ധം ആരംഭിക്കുമോ എന്ന ചോദ്യത്തിന്, 'അതൊരു വിഡ്ഢിത്തം നിറഞ്ഞ ചോദ്യമാണ്, അങ്ങനെ ഒരു നീക്കമുണ്ടെങ്കിൽ ഞാൻ അത് നിങ്ങളോട് വെളിപ്പെടുത്തുമോ?' എന്നായിരുന്നു ട്രംപിന്റെ മറുപടി.

അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ പതറില്ലെന്നും ഭാവിയിൽ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് തരത്തിലുള്ള ആക്രമണത്തിനും ഉടനടി ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈനിക മേധാവികളുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് മുജ്തബ ഖാംനഈ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ പ്രത്യാക്രമണത്തിന് യാതൊരുവിധ 'ഭൂമിശാസ്ത്രപരമായ അതിരുകളും' ഉണ്ടാവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമിക്കാൻ സാധ്യമായ ലക്ഷ്യസ്ഥാനങ്ങളുടെ പുതിയ പട്ടിക തയ്യാറാക്കാൻ അദ്ദേഹം സൈനിക നേതൃത്വത്തിന് നിർദ്ദേശം നൽകി. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് മുജ്തബ ഖാംനഈയുടെ പ്രതികരണം പുറത്തുവരുന്നത്. മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഫെബ്രുവരിയിലെ യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് മകൻ മുജ്തബ ഖാംനഈ ഇറാന്റെ ഭരണസാരഥ്യം ഏറ്റെടുത്തത്.

Tags:    
News Summary - Iran declares British Navy, Air Force as terrorist groups in retaliation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.