ഭരണത്തിന് പുതിയ വഴികൾ തേടി ട്രംപ്; കോൺഗ്രസിന്റെ അനുമതിയില്ലാതെ തീരുമാനമെടുക്കാൻ വൈറ്റ് ഹൗസ് നീക്കം
വാഷിങ്ടൺ: അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് ലഭിച്ചാൽ പോലും ഭരണപരിപാടികളുമായി മുന്നോട്ടുപോകാൻ പുതിയ വഴികൾ തേടി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വൈറ്റ് ഹൗസ്. പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അധികാരം ഉപയോഗിച്ച് പ്രധാന തീരുമാനങ്ങൾ നടപ്പിലാക്കാനും, ഡെമോക്രാറ്റിക് കോൺഗ്രസ് നടത്താനിടയുള്ള സമാന്തര അന്വേഷണങ്ങളെ പ്രതിരോധിക്കാനുമുള്ള വിശദമായ പ്ലാനുകളാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ മാസങ്ങളായി തയാറാക്കി വരുന്നത്.
സ്റ്റീഫൻ മില്ലർ, റസ്സൽ വോട്ട് തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരും വൈറ്റ് ഹൗസ് ലീഗൽ ടീമും ചേർന്ന് കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ഇതിനായുള്ള നിയമപരമായ സാദ്ധ്യതകൾ പരിശോധിക്കുന്നുണ്ട്. കോൺഗ്രസിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ തന്നെ കുടിയേറ്റം, അന്താരാഷ്ട്ര തീരുവകൾ, ഭവന നിർമാണ ചെലവുകൾ, കേന്ദ്ര ഫണ്ടുകളുടെ വിനിയോഗം എന്നിവയിൽ പ്രസിഡന്റിന് സ്വന്തം നിലയിൽ തീരുമാനമെടുക്കാൻ കഴിയുന്ന മേഖലകൾ ഇവർ വേർതിരിച്ചെടുത്തിട്ടുണ്ട്. കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടാൽ പ്രതിരോധിക്കാനുള്ള നിയമ തന്ത്രങ്ങളും തയാറാകുന്നുണ്ട്.
നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കോൺഗ്രസിന്റെ നിയന്ത്രണം നഷ്ടമായേക്കാമെന്ന സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് മാസങ്ങളായി ഇതുസംബന്ധിച്ച ഒരുക്കങ്ങൾ നടത്തുന്നത്. ഡെമോക്രാറ്റുകൾ കോൺഗ്രസിൽ ഭൂരിപക്ഷം നേടിയാൽ ട്രംപിന്റെ നിയമനിർമാണ അജണ്ട തടയാനും ഭരണകൂടത്തിനെതിരെ അന്വേഷണം നടത്താനും സർക്കാർ ചെലവുകൾ നിയന്ത്രിക്കാനും അവർക്ക് കഴിയും. എന്നാൽ വ്യാപാരം, വിദേശനയം, ഫെഡറൽ സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ പ്രസിഡന്റിന് വിപുലമായ അധികാരങ്ങൾ തുടരും. രണ്ടാം ഭരണകാലത്ത് ഈ അധികാരങ്ങൾ ട്രംപ് വ്യാപകമായി ഉപയോഗിച്ചിട്ടുമുണ്ട്. അതിനാൽ കോൺഗ്രസിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടാലും ഭരണനടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നാണ് വൈറ്റ് ഹൗസിന്റെ കണക്കുകൂട്ടൽ.
റിപ്പബ്ലിക്കൻ പാർട്ടിക്ക് കോൺഗ്രസിന്റെ നിയന്ത്രണം നഷ്ടമായാൽ കുറച്ചുകാലം ഡെമോക്രാറ്റുകൾ കൊണ്ടുവരുന്ന ബില്ലുകൾ വീറ്റോ ചെയ്യേണ്ടിവരുമെന്നും പിന്നീട് ധാരണകളിലെത്താൻ ശ്രമിക്കുമെന്നും ട്രംപ് പ്രതികരിച്ചിരുന്നു. ‘ഞാൻ മിസ്റ്റർ വീറ്റോ ആയി മാറുമെന്ന് തോന്നുന്നു. പിന്നീട് ഏതെങ്കിലും ഘട്ടത്തിൽ നമുക്ക് ധാരണയിലെത്താനാകും’ എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
2025 ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയതിനു ശേഷം പ്രസിഡന്റിന്റെ അധികാരപരിധി ട്രംപ് പലതവണ പരീക്ഷിച്ചിട്ടുണ്ട്. വ്യാപകമായ ഇറക്കുമതി തീരുവകൾ ഏർപ്പെടുത്തുക, കുടിയേറ്റ വിരുദ്ധ നടപടികൾ ശക്തമാക്കുക, ഫെഡറൽ സർക്കാർ ജീവനക്കാരുടെ എണ്ണം കുറക്കുക, ഇറാനുമായുള്ള യുദ്ധമടക്കമുള്ള വിദേശനയ വിഷയങ്ങളിൽ കോൺഗ്രസിന്റെ പുതിയ നിയമനിർമാണമോ അംഗീകാരമോ ഇല്ലാതെ തീരുമാനങ്ങളെടുക്കുക തുടങ്ങിയ നടപടികൾ ട്രംപ് സ്വീകരിച്ചിരുന്നു.
ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും പ്രസിഡന്റിന്റെ അധികാരം വിപുലീകരിക്കാൻ ട്രംപ് ശ്രമിച്ചിട്ടുണ്ട്. പുതിയ നിയമനിർമാണമില്ലാതെ നടപടികൾ സ്വീകരിക്കാൻ ഇത്തരം പ്രഖ്യാപനങ്ങൾ ഭരണകൂടത്തിന് കൂടുതൽ അവസരം നൽകും. ദേശീയ അടിയന്തരാവസ്ഥ അവസാനിപ്പിക്കാൻ കോൺഗ്രസിന് വോട്ടെടുപ്പിലൂടെ തീരുമാനിക്കാമെങ്കിലും ട്രംപിന് അത് വീറ്റോ ചെയ്യാം. ആ വീറ്റോ മറികടക്കാൻ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്.
അതേസമയം, സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് ലഭിച്ചാൽ ട്രംപിന്റെ ഭരണനടപടികൾക്ക് ചില നിർണായക തടസ്സങ്ങൾ സൃഷ്ടിക്കാനാകും. സുപ്രീംകോടതി ജഡ്ജിമാരടക്കമുള്ള ജുഡീഷ്യൽ നിയമനങ്ങൾക്കും വിവിധ ഫെഡറൽ സർക്കാർ പദവികളിലേക്കുള്ള നിയമനങ്ങൾക്കും സെനറ്റിന്റെ അംഗീകാരം ആവശ്യമാണ്. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിച്ചാൽ ഇത്തരം നിയമനങ്ങൾ അംഗീകരിക്കുന്നതിൽ അവർ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് വിലയിരുത്തൽ.
കോൺഗ്രസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാലും പ്രസിഡന്റിന്റെ അധികാരങ്ങൾ ഉപയോഗിച്ച് ഭരണപരിപാടികൾ തുടരാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. എന്നാൽ നിയമനിർമാണം, സർക്കാർ നിയമനങ്ങൾ, ചെലവുകൾ, അന്വേഷണങ്ങൾ തുടങ്ങിയ മേഖലകളിൽ ഡെമോക്രാറ്റുകൾക്ക് സൃഷ്ടിക്കാനാകുന്ന തടസ്സങ്ങൾ മറികടക്കുക വൈറ്റ് ഹൗസിന് എളുപ്പമാകില്ല. ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ 2027ലെ അമേരിക്കൻ രാഷ്ട്രീയത്തിൽ അധികാരത്തർക്കം കൂടുതൽ ശക്തമാകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.