അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ വിമത നീക്കം; അൽ സഈദിനെതിരെ ഡെമോക്രാറ്റിക് നേതാവ്: പിന്തുണ റിപ്പബ്ലിക്കൻ സ്ഥാനാർഥിക്ക്
വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ശേഷിക്കെ മിഷിഗണിൽ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. സെനറ്റ് തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുടെ സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ മത്സരിച്ച ഹേലി സ്റ്റീവൻസ് റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്സിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് അപ്രതീക്ഷിത രാഷ്ട്രീയ നേട്ടമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. സെനറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ഡെമോക്രാറ്റുകൾ ലക്ഷ്യമിടുന്ന നിർണായക സംസ്ഥാനങ്ങളിലൊന്നാണ് മിഷിഗൺ.
ഡെമോക്രാറ്റിക് പാർട്ടിയുടെ സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ അബ്ദുൽ അൽ സഈദിനോട് പരാജയപ്പെട്ട യു.എസ് ജനപ്രതിനിധി ഹേലി സ്റ്റീവൻസാണ് ഞായറാഴ്ച റോജേഴ്സിന് പിന്തുണ പ്രഖ്യാപിച്ചത്. ഡെട്രോയിറ്റിലെ പള്ളിയിൽ റോജേഴ്സിനൊപ്പം പ്രത്യക്ഷപ്പെട്ട അവർ, അൽ സഈദിന്റെ പ്രചാരണത്തിൽ തനിക്ക് പങ്കാളിയാകാനാകില്ലെന്ന് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.
ഡെമോക്രാറ്റിക് പാർട്ടിയുടെ ഐക്യം കാണിക്കുന്നതിനായി അൽ സഈദുമായി ഒന്നിച്ച് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ അന്നാണ് സ്റ്റീവൻസ് റോജേഴ്സിന് പിന്തുണ പ്രഖ്യാപിച്ചത്. ഒരു സ്വതന്ത്ര സംഘടന പുറത്തിറക്കിയ പരസ്യത്തെ അൽ സഈദ് തള്ളിപ്പറയണമെന്ന് സ്റ്റീവൻസ് ആവശ്യപ്പെട്ടിരുന്നു. ഈ പരസ്യം ഇസ്രായേൽ വിരുദ്ധമാണെന്നും യഹൂദ വോട്ടർമാരെ പാർട്ടിൽ നിന്ന് അകറ്റുന്നതാണെന്നും അവർ ആരോപിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ തന്റെ പ്രചാരണ പരിപാടികളിൽ നിന്ന് മാറിനിൽക്കാൻ അൽ സഈദിന്റെ ടീം സ്റ്റീവൻസിനോട് ആവശ്യപ്പെടുകയായിരുന്നു.
അതേസമയം സ്റ്റീവൻസിന്റെ ഈ നീക്കത്തെ റിപ്പബ്ലിക്കൻ പാർട്ടി സ്വാഗതം ചെയ്തു. ഞായറാഴ്ച ഐയോവയിൽ നടന്ന റാലിയിൽ ഡോണൾഡ് ട്രംപ് സ്റ്റീവൻസിനെ പ്രശംസിക്കുകയും അവരെ റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. അൽ സഈദിനെതിരെ കടുത്ത വംശീയ ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചത്. അതേസമയം, ഈ അപ്രതീക്ഷിത സംഭവവികാസം അൽ സഈദിന്റെ ജനപ്രീതിയെ ബാധിച്ചിട്ടില്ലെന്നാണ് സൂചന. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട സർവേയിൽ അൽ സഈദ് 53 ശതമാനം വോട്ടുകളോടെ റോജേഴ്സിനേക്കാൾ മുന്നിലാണ്. കൂടാതെ സ്റ്റീവൻസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നാല് മണിക്കൂറിനുള്ളിൽ 1.2 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായമാണ് അൽ സഈദിന്റെ പ്രചാരണ ഫണ്ടിലേക്ക് ഒഴുകിയെത്തിയത്.
നവംബർ മൂന്നിനാണ് അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ്. സെനറ്റിലെ 35 സീറ്റുകളിലേക്കും ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്. നിലവിൽ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്കാണ് നേരിയ ഭൂരിപക്ഷം. ജനപ്രതിനിധിസഭയിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടാൻ സാധ്യതയുണ്ടെന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. സെനറ്റിലെ നിയന്ത്രണത്തിനായി ഇരു പാർട്ടികളും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. മിഷിഗൺ, അലാസ്ക ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിലെ ഫലങ്ങൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
സെനറ്റിലോ ജനപ്രതിനിധിസഭയിലോ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയാൽ ട്രംപിന്റെ ഭരണനയങ്ങൾക്കും നിയമനിർമാണ നീക്കങ്ങൾക്കും തടസ്സമുണ്ടാക്കാൻ കഴിയും. കൂടാതെ, നിലവിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ മുന്നോട്ടുപോകുന്ന ട്രംപ് ഭരണകൂടത്തിനെതിരെ അന്വേഷണങ്ങൾ ആരംഭിക്കാനും അവസരമുണ്ടാകും. എന്നാൽ കോൺഗ്രസിന്റെ സഹായമില്ലാതെയും തന്റെ ഭരണപരിപാടികൾ നടപ്പാക്കാനുള്ള സാധ്യതകൾ വൈറ്റ് ഹൗസ് പരിശോധിച്ചുവരുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ സ്റ്റീവൻസിന്റെ പിന്തുണ പ്രഖ്യാപനത്തെക്കുറിച്ച് നേരിട്ട് പ്രതികരിക്കാൻ അൽ സഈദ് തയാറായില്ല. ഈ മത്സരം താനോ റോജേഴ്സോ സ്റ്റീവൻസോ തമ്മിലുള്ളതല്ലെന്നും മിഷിഗണിലെ ജനങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളുമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പിന്തുണ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് സ്റ്റീവൻസിന്റെ കോൺഗ്രസ് ഓഫിസിലെ നിരവധി ജീവനക്കാർ രാജിവെച്ചതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.